Sorry, you need to enable JavaScript to visit this website.

സന്ദർശകാ വരൂ, മൺറോ തുരുത്തിലേക്ക്

പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോകാൻ നിങ്ങൾ ഉദ്യേശിക്കുന്നുവെങ്കിൽ നിങ്ങൾ പ്രിയപ്പെട്ടവരുമൊത്ത് മൺറോ  തുരുത്തിലേക്ക് വരിക. മൺറോ ദ്വീപ് പ്രാദേശികമായി മൺറോ  തുരുത്ത് എന്നറിയപ്പെടുന്നു. എട്ട് ചെറുദ്വീപുകളുടെ കൂട്ടമാണ് മൺറോ തുരുത്ത്. ഈ മേഖലയിൽ കനാലുകൾ നിർമിക്കുന്നതിനും കായൽ പാതകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും മുൻകൈ എടുത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ കേണൽ ജോൺ മൺറോയുടെ പേരിലാണ് ഈ ദ്വീപസമൂഹം അറിയപ്പെടുന്നത്. കൊല്ലത്തു നിന്ന് 27 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ് മാർഗവും കായൽ മാർഗവും എത്താൻ സാധിക്കും. മൂന്നു വശത്തും കല്ലടയാറിനാൽ ചുറ്റപ്പെട്ടു കിടക്കുന്നു. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീൻ കെട്ടും കണ്ടൽ കാടും കണ്ടുകൊണ്ട് തോടിന്റെ ചെറിയ കൈവഴികളിൽ കൂടിയുള്ള യാത്ര മനോഹരമാണ്.


കാഴ്ചകൾ കാണുന്നതിനുള്ള സാധ്യതകളും പ്രകൃതി സൗന്ദര്യവും മൺറോ തുരുത്തിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു. ഇവിടെ രണ്ട് ക്ഷേത്രങ്ങളും 1878 ൽ നിർമിച്ച ഒരു ക്രിസ്ത്യൻ പള്ളിയുമുണ്ട്. മൂലചന്ദര ക്ഷേത്രം, കല്ലുവിള ക്ഷേത്രം എന്നിവയാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങൾ. മനോഹാരിതയും ശാന്തമായ അന്തരീക്ഷവും ഈ ദ്വീപസമൂഹത്തിന്റെ ഭാഗമായ പാലിയം തുരുത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. അഷ്ടമുടിക്കായൽ കല്ലടയാറുമായി ചേരുന്ന ഭാഗത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. കയർ വ്യവസായത്തിന് പേരുകേട്ട മൺറോ തുരുത്തിൽ യാത്രക്കാർക്ക് കയർ ഉൽപാദന പ്രവർത്തനങ്ങൾ കാണുവാനും അടുത്തറിയുവാനും അവസരമുണ്ട്.


തുരുത്തിന്റെ സൗന്ദര്യം വെള്ളത്താൽ മൂടപ്പെട്ടു കിടക്കുകയാണ്. എങ്കിലും ആസ്വദിക്കുന്നവർക്ക മനസ്സിന് കുളിർമയേകുന്ന യാത്രയായിരിക്കും തുരുത്ത് യാത്ര സമ്മാനിക്കുക. പൊന്മാനുകളാണ് മൺറോതുരുത്തിലെ പ്രധാന താമസക്കാർ. അഷ്ടമുടിക്കായലും കല്ലടയാറും ഉള്ളതിനാൽ ഇവയ്ക്ക് ഭക്ഷണത്തിന് യാതൊരു പ്രയാസവുമില്ല. അതുകൊണ്ട് തന്നെ ഈ ആവാസ വ്യവസ്ഥ പൊന്മാനുകൾക്ക് ഏറെ പ്രിയമാണ്. പൊന്മാനുകളുടെ താമസം കരയോട് ചേർന്ന വലിയ പൊത്തുകളിലാണ്. വള്ളത്തിൽ യാത്ര ചെയ്യുമ്പോൾ ഈ പൊത്തുകൾ നമുക്ക് കാണാൻ സാധിക്കും. ദേശാടന പക്ഷികളും വിവിധയിനത്തിൽപെട്ട കൊക്കുകളുമിവിടെയുണ്ട്. മീനിന്റെ സാനിധ്യം ഉള്ളതിനാൽ എപ്പോഴും പരുന്തുകളും ഇവിടെ വട്ടമിട്ട് പറക്കുന്നുണ്ട്.


ഒരു കാലത്ത് ചെമ്മീൻ കൃഷിയായിരുന്നു തുരുത്തിലെ പ്രധാന വരുമാന മാർഗം. സംസ്ഥാനത്തെ ഏക ചെമ്മീൻ ഗ്രാമമെന്ന പദവി മൺറോതുരുത്തിനായിരുന്നു. എന്നാൽ ചെമ്മീൻ കെട്ടുകളെ വൈറസ് ബാധിച്ചതോടെ തുരുത്തിലെ നിവാസികളുടെ കണ്ണുനീർ കായലിൽ വീണ്ടും വീണു തുടങ്ങി. തുരുത്തിലേത് ഫലഭൂയിഷ്ഠമായിരുന്ന മണ്ണായിരുന്നു. കിഴക്കൻ മലയിൽ നിന്ന് കല്ലടയാറ്റിലൂടെ ഒഴുകി വന്നിരുന്ന എക്കൽ തുരുത്തിൽ അടിഞ്ഞു കൂടി. കല്ലടയാറ്റിൽ തെന്മലയിൽ ഡാം വന്നതോടെ കിഴക്കൻമലയിൽ നിന്നുള്ള എക്കൽ വരവ് നിലച്ചെങ്കിലും മണ്ണിന്റെ പുണ്യം അകന്നു പോയി. ഒപ്പം, തുരുത്തിലെ നിവാസികളുടെ കണ്ണുനീരും തോർന്നിട്ടില്ല. അങ്ങനെയാണ് ആളുകൾ ചെമ്മീൻ കൃഷിയിലേക്ക് വന്നത്. പക്ഷേ, അവിടെയും അവർ പരാജയപ്പെട്ടു.

ചെമ്മീൻ കെട്ടുകളെ വൈറസ് ബാധിച്ചതോടെ പ്രയാസവും  ബുദ്ധിമുട്ടും നിവാസികൾക്ക് സ്വന്തമായി. എന്നാൽ ഇപ്പോൾ ചെമ്മീനും ഞണ്ടും കരിമീനുമൊക്കെ വളർത്തുന്ന കെട്ടുകൾ കൈത്തോടുകൾക്കരികിൽ കാണാം. വലിയ വലകളിട്ട് മൂടിയാണ് ഇവയെ സംരക്ഷിക്കുനന്ത്. നിവാസികളുടെ സ്വപ്‌നവും പ്രതീക്ഷയുമാണ് ഇന്നീ കൃഷി. മീനിനെ പിടിക്കുവാൻ നീർക്കാക്കകളും എത്താറുണ്ട്.


തിരുവിതാംകൂർ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധികാരത്തിൻ കീഴിലേക്ക് വന്ന 1875 കളിലാണ് കേണൽ മൺറോ ദിവാനായി എത്തുന്നത്. അന്ന് രാജ്ഞിയായിരുന്ന ഗൗരി ലക്ഷ്മീഭായ് ആണ് മൺറോയെ ദിവാനായി നിയമിച്ചത്. കേണൽ മൺറോ അന്ന് ഇവിടെ നിലനിന്നിരുന്ന അടിമത്തം അവസാനിപ്പിക്കുകയും കാർഷിക രംഗത്ത് വമ്പിച്ച തോതിലുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവരികയും ചെയ്ത മൺറോ സായ്പിന്റെ ഓർമയ്ക്കായി ചർച്ച് മിഷനറി സൊസൈറ്റിയാണ് തുരുത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.


 

Latest News