Sorry, you need to enable JavaScript to visit this website.

കര്‍ണാടക മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ അഴിമതി റിപോര്‍ട്ട് ചെയ്ത ചാനലില്‍ പോലീസ് റെയ്ഡ്

ബംഗളുരു- കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പയുടെ ബന്ധുക്കളുടെ അഴിമതി സംബന്ധിച്ച് സ്റ്റിങ് ഓപറേഷനിലൂടെ വാര്‍ത്ത പുറത്തുവിട്ട പവര്‍ ടിവി ചാനല്‍ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തി. വാര്‍ത്ത അവതരിപ്പിച്ചയാളെ ചോദ്യം ചെയ്തു. ചാനല്‍ എഡിറ്ററും മാനേജിങ് ഡയറക്ടറുമായ രാകേഷ് ഷെട്ടിയുടെ വീട്ടിലും പോലീസെത്തി റെയ്ഡ് ചെയ്തു. ഒരു നിര്‍മാണ കമ്പനിയുടെ ഡയറക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. മുഖ്യമന്ത്രിയുടെ ബന്ധുക്കളും ഉള്‍പ്പെട്ട അഴിമതി സംബന്ധിച്ച ഇദ്ദേഹമാണ് ചാനലിന് വിവരം നല്‍കിയത്. 

മുഖ്യമന്ത്രിയുടെ ഒരു കുടുംബാംഗവുമായി രാകേഷ് ഷെട്ടി നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും നിര്‍മാണ കമ്പനിയുടെ ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ബന്ധുവും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളുടെ റെക്കോര്‍ഡുകളും ഉപയോഗിച്ച് ഒരു മാസത്തിലേറെയായി ചാനല്‍ വാര്‍ത്താ പരമ്പര പ്രക്ഷേപണം ചെയ്തു വരികയായിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗത്തിന് ബന്ധമുള്ള ഒരു കമ്പനിയുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ എത്തിയ നിക്ഷേപത്തിന്റെ രേഖകളും ചാനല്‍ പുറത്തു വിട്ടിരുന്നു. 

ഈ വാര്‍ത്ത പുറത്തു വന്നതോടെ മുഖ്യമന്ത്രി യെഡ്യൂരപ്പ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ മുഖ്യമന്ത്രി പ്രതിപക്ഷെ വെല്ലുവിളിച്ചു. തിങ്കളാഴ്ച ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ യെഡ്യൂരപ്പ തയാറായില്ല. ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

വാര്‍ത്തയെ തുടര്‍ന്ന് രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയതോടെ ചാനല്‍ എംഡിക്കെതിരെ പരാതിയുമായി നിര്‍മാണ കമ്പനിയായ രാമലിംഗം കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് ഡയറക്ടര്‍ ചന്ദ്രകാന്ത് രാമലിംഗം പോലീസില്‍ പരാതി നല്‍കി. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് പറയാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് ഇദ്ദേഹം ചാനല്‍ മേധാവിക്കെതിരെ നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനല്‍ പവര്‍ ടിവി മേധാവി രാകേഷ് ഷെട്ടിക്കെതിരെ പോലീസ് ഭീഷണിപ്പെടുത്തല്‍, തട്ടിപ്പ്, വഞ്ചന കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുയം ചെയ്തിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിര്‍മാണ പദ്ധതി കരാറുകള്‍ തരപ്പെടുത്താന്‍ സഹായിക്കാമെന്ന് ചാനല്‍ മേധാവി വാഗ്ദാനം ചെയ്‌തെന്നായിരുന്നു കമ്പനി ഡയറക്ടറുടെ പരാതി. എന്നാല്‍ കരാറുകള്‍ ലഭിക്കാന്‍ സഹായം തേടി കമ്പനി ഉദ്യോഗസ്ഥാന്‍ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്ന് ചാനല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

Latest News