ജാര്‍ഖണ്ഡില്‍ അഞ്ച് വര്‍ഷത്തിനിടെ 29 ആള്‍ക്കൂട്ട ആക്രമണങ്ങള്‍

ഭുവനേശ്വര്‍- ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവും ആള്‍ക്കൂട്ട കൊലകളും ആക്രമണങ്ങളും തുടരുകയാണെന്ന് പൗരാവകാശ ഗ്രൂപ്പുകളുടെ സംയുക്ത വേദിയായ ജാര്‍ഖണ്ഡ് ജനാധികര്‍ മഹാസഭ (ജെജെഎം) ആരോപിച്ചു.

പശു കശാപ്പ്, ഗോമാംസം വില്‍ക്കല്‍, ബീഫ് ഉപയോഗം, മത വിദ്വേഷം എന്നിവയുടെ പേരില്‍
2016 നും 2020 നുമിടയില്‍ ഗോത്ര വര്‍ഗക്കാരിലും ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളിലുംപെട്ട 29 പേരെ ജനക്കൂട്ടം കൊലപ്പെടുത്തുകയോ മര്‍ദിച്ച് പരിക്കേല്‍പിക്കുകയോ ചെയ്തുവെന്ന് ജെ.ജെ.എം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ ജെഎംഎം-കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തില്‍ 10 പേരെങ്കിലും ആള്‍ക്കൂട്ട ആക്രമണത്തെ നേരിട്ടിട്ടുണ്ട്.

ഹിന്ദുത്വ ആള്‍ക്കൂട്ടം ആക്രമിച്ച 29 പേരുടെ പട്ടിക മാധ്യമങ്ങളുടെയും വസ്തുതാന്വേഷണ സംഘങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സോറന്‍, ഡി.ജി.പി എം. വി. റാവു എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഭാവിയില്‍ ഇത്തരം ആക്രമണങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ ചില കേസുകള്‍ മുന്‍നിര്‍ത്തി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ജെജെഎമ്മിലെ പ്രധാന അംഗമായ ഭാരത് ഭൂഷണ്‍ ചൗധരി പറഞ്ഞു.

ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റവാളികള്‍ക്കെതിരെ ജുഡീഷ്യല്‍, പോലീസ് നടപടി സ്വീകരിക്കണമെന്നും ജെജെഎം ആവശ്യപ്പെട്ടു.

മിക്ക കേസുകളിലും പോലീസ് അക്രമത്തില്‍ പങ്കാളിയാകുകയോ  കുറ്റവാളികളെ രക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണവും വര്‍ഗീയതയും  വളരെയധികം ആശങ്ക ഉയര്‍ത്തുന്നുണ്ടെന്ന് ചൗധരി പറഞ്ഞു.

 

Latest News