Sorry, you need to enable JavaScript to visit this website.

റാപിഡ് ആന്റിജന്‍ ടെസ്റ്റിലേറെ മികച്ചത് ഇന്ത്യയുടെ 'ഫെലുഡ' പരിശോധനയെന്ന് ശാസ്ത്രജ്ഞര്‍

ന്യൂദല്‍ഹി- കോവിഡ്19 പരിശോധനയ്ക്കായി ഉപയോഗിക്കുന്ന വേഗത്തില്‍ ഫലം ലഭിക്കുന്ന റാപിഡ് ആന്റിജന്‍ ടെസ്റ്റിനേക്കാള്‍ മികച്ചതും കൃത്യതയും വേഗത്തില്‍ ഫലം ലഭിക്കുന്നതുമായ ടെസ്റ്റാണ് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സിആര്‍ഐഎസ്പിആര്‍-ഫെലുഡ ടെസ്റ്റെന്ന് ശാസ്ത്രജ്ഞര്‍. ഇത് ഏറ്റവും കൃത്യതയുള്ള ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ക്ക് ബദലായ ലളിതവും ചെലവുകുറഞ്ഞതുമായ പരിശോധനയാണ്. വെറും 500 രൂപ മാത്രം ചെലവുള്ള ഫെലുഡ ടെസ്റ്റിലൂടെ 45 മിനിറ്റിനകം ഫലം അറിയാം. കോവിഡ്19ന് കാരണമാകുന്ന സാര്‍സ്-കോവ്-2 വൈറസിന്റെ സാന്നിധ്യം, അതിന് സൂക്ഷമ ജനിതക മാറ്റങ്ങള്‍ സംഭവിച്ചതാണെങ്കില്‍ പോലും, ഈ ടെസ്റ്റിന് കണ്ടെത്താന്‍ കഴിയും. 

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനമായ സിഎസ്‌ഐആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയും ടാറ്റ ഗ്രൂപ്പും സംയുക്തമായി വികസിപ്പിച്ചെടുത്ത സിആര്‍ഐഎസ്പിആര്‍-ഫെലുഡ ടെസ്റ്റിന് കഴിഞ്ഞയാഴ്ച ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വാണിജ്യാനുമതി ലഭിച്ചിരുന്നു. ഈ ടെസ്റ്റില്‍ 96 മുതല്‍ 98 ശതമാനം വരെ കൃത്യത ലഭിക്കുന്നുണ്ടെന്ന്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ദെബോജ്യോതി ചക്രബൊര്‍ത്തി പറഞ്ഞു. ഗര്‍ഭപരിശോധന നടത്താന്‍ ഉപയോഗിക്കുന്ന ചെറു ഉപകരണത്തിനു സമാനമാണ് ഫെലുഡ ടെസ്റ്റും. വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ നിറം മാറും. ഇതിനായി ചെലവേറിയ വലിയ ഉപകരണങ്ങളൊന്നും ആവശ്യവുമില്ല.

കോവിഡ് കേസുകള്‍ 61 ലക്ഷത്തോടടുക്കുന്ന ഇന്ത്യയില്‍ ടെസ്റ്റുകള്‍ കുറഞ്ഞ ചെലവില്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുന്നതാണ് ഫെലുഡ ടെസ്റ്റുകള്‍. ആര്‍ടി-പിസിആര്‍ ടെസ്റ്റിന് 1600 രൂപയ്ക്കു മുകളില്‍ ചെലവ് വരുമ്പോള്‍ സമാനമായി കൃത്യഫലം ലഭിക്കുന്ന ഫെലുഡ ടെസ്റ്റിന് കൃത്യത കുറഞ്ഞ ആന്റിജന്‍ ടെസ്റ്റിനോളം ചെലവ് മാത്രമെ വരുന്നുള്ളൂ.
 

Latest News