Sorry, you need to enable JavaScript to visit this website.

ഉംറ: ആദ്യ മണിക്കൂറുകളിൽ രജിസ്റ്റർ ചെയ്തത് 16,000 പേർ, പത്തുദിവസത്തെ ബുക്കിംഗ് പൂർത്തിയായി

മക്ക - തവക്കൽനാ ആപ് ലോഞ്ച് ചെയ്ത് ആദ്യ മണിക്കൂറുകളിൽ 16,000 ഉംറ തീർഥാടകർ രജിസ്റ്റർ ചെയ്തതായി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ വെളിപ്പെടുത്തി. ആദ്യത്തെ പത്തു ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് അവസാനിച്ചതായും മന്ത്രി പറഞ്ഞു. 
ആൻഡ്രോയ്ഡ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ തവക്കൽനാ ആപ് വൈകാതെ ലഭ്യമാകുമെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ചില സാങ്കേതിക കാര്യങ്ങൾ പൂർത്തിയായാലുടൻ ആപ് ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭിക്കും. നിലവിൽ ഐ.ഒ.എസ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമാണ് തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നത്.

ഉംറ കർമം നിർവഹിക്കാൻ ഓരോരുത്തർക്കും മൂന്നു മണിക്കൂർ സമയമാണ് അനുവദിക്കുകയെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ഇതിനു ശേഷം മടങ്ങേണ്ട കേന്ദ്രങ്ങളിലേക്ക് തീർഥാടകരെ തിരിച്ചയക്കും. ഒരു ഗ്രൂപ്പ് ഉംറ നിർവഹിച്ച് കഴിഞ്ഞ് ഹറം വിട്ട ശേഷം മാത്രമേ അടുത്ത ബാച്ചിനെ ഹറമിൽ പ്രവേശിപ്പിക്കുകയുള്ളൂ. ഒരു ദിവസത്തെ ആറായി വിഭജിച്ച് ആറു ഗ്രൂപ്പുകളെയാണ് ഹറമിൽ സ്വീകരിക്കുക. ഓരോ ഗ്രൂപ്പിലും ആയിരത്തോളം ഉംറ തീർഥാടകരുണ്ടാകും. ഇതു പ്രകാരം ദിവസത്തിൽ ആറായിരം പേർക്കാണ് ഉംറ നിർവഹിക്കാൻ അവസരമൊരുക്കുകയെന്നും ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. 


ഉംറ കർമം നിർവഹിക്കാൻ ആലോചിക്കുന്ന സൗദി പൗരന്മാരും വിദേശികളും തവക്കൽനാ ആപ്പിൽ പ്രവേശിച്ച് അക്കൗണ്ട് തുറന്ന് ആപ് ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഉംറ കർമം നിർവഹിക്കുന്നതിനാണോ അതല്ല, വിശുദ്ധ ഹറമിൽ നമസ്‌കാരം നിർവഹിക്കുന്നതിനാണോ, അതുമല്ല, മസ്ജിദുന്നബവി സിയാറത്തിനാണോ പെർമിറ്റ് വേണ്ടത് എന്ന കാര്യമാണ് ആദ്യം തെരഞ്ഞെടുക്കേണ്ടത്. ഇതിനു ശേഷം പെർമിറ്റ് വേണ്ട ദിവസം തെരഞ്ഞെടുത്ത് പെർമിറ്റ് ഇഷ്യൂ ചെയ്യണം. 
ഇതോടെ ഉംറക്കും ഹറമിൽ നമസ്‌കാരത്തിൽ പങ്കെടുക്കാനും മദീന സിയാറത്തിനുമുള്ള തീയതി പ്രത്യക്ഷപ്പെടും. ഇതൊടൊപ്പം വിശുദ്ധ ഹറമിലേക്ക് പോകുന്നതിനു മുന്നോടിയായി എത്തേണ്ട കേന്ദ്രവും തെരഞ്ഞെടുക്കണം. ആദ്യ ഘട്ടത്തിൽ ഹറമിൽ എത്തുന്നതിന് മൂന്നു കേന്ദ്രങ്ങളാണുണ്ടാവുക. ഇതിൽ നിന്ന് ഇഷ്ടമുള്ള കേന്ദ്രം തെരഞ്ഞെടുക്കണം. തവക്കൽനാ ആപ് വഴി പെർമിറ്റ് ലഭിക്കുന്നതോടെ പ്രത്യേകം നിശ്ചയിച്ച സമയത്ത് തീർഥാടകർക്ക് ഹറമിൽ പ്രവേശിക്കാൻ സാധിക്കും. 


ഓരോ ഗ്രൂപ്പ് ഉംറ തീർഥാടകർക്കുമൊപ്പം ആരോഗ്യ പ്രവർത്തകരനായ ഒരു ലീഡറുണ്ടാകും. ഹെൽത്ത് ലീഡർ തീർഥാടകരെ ഹറമിൽ അനുഗമിക്കും. സുരക്ഷിതമായി ഉംറ കർമം നിർവഹിക്കുന്നതിൽ ആവശ്യമായ ആരോഗ്യ മാർഗനിർദേശങ്ങളും ബോധവൽക്കരണങ്ങളും ഹെൽത്ത് ലീഡർ നൽകും. കൂടാതെ തീർഥാടകർ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതും ഹെൽത്ത് ലീഡർ ഉറപ്പു വരുത്തുമെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി പറഞ്ഞു. 
ഹറമിൽ പ്രവേശിക്കുന്നതിനും ഉംറ നിർവഹിക്കുന്നതിനുമുള്ള പെർമിറ്റ് സൗജന്യമായാണ് അനുവദിക്കുകയെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 18 മുതൽ 65 വരെ വയസ്സ് പ്രായമുള്ളവർക്കാണ് ഉംറ പെർമിറ്റ് അനുവദിക്കുക. കൊറോണ വ്യാപനത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തിൽ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഉംറ അനുമതി നൽകേണ്ടത് എന്ന കാര്യം ആരോഗ്യ മന്ത്രാലയമാണ് നിശ്ചയിക്കുക. ഇരുപത്തിനാലു മണിക്കൂറിനിടെ 12 ഗ്രൂപ്പുകളെയാണ് ഉംറ നിർവഹിക്കാൻ അനുവദിക്കുക. ഓരോ ഗ്രൂപ്പിനെയും അനുഗമിച്ച് ആരോഗ്യ വിദഗ്ധനുണ്ടാകും. ആരോഗ്യകരമായ സാഹചര്യത്തിൽ ഉംറ നിർവഹിക്കാൻ തീർഥാടകർക്ക് അവസരമൊരുക്കുന്നതിന് സർവ ശേഷിയും പ്രയോജനപ്പെടുത്താൻ ഭരണാധികാരികൾ നിർദേശം നൽകിയിട്ടുണ്ടെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു. 


ഉംറ തീർഥാടകരെ വിശുദ്ധ കഅ്ബാലയത്തിനും ഹജ്‌റുൽ അസവദിനും സമീപം എത്താൻ അനുവദിക്കില്ലെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി അബ്ദുൽഹമീദ് അൽമാലികി പറഞ്ഞു. വിശുദ്ധ കഅ്ബാലയത്തിനു ചുറ്റും സ്ഥാപിച്ച ബാരിക്കേഡിനു പുറത്തു മാത്രമേ ത്വവാഫ് കർമം നിർവഹിക്കാൻ അനുവദിക്കുകയുള്ളൂ. തീർഥാടകർക്ക് വിതരണം ചെയ്യുന്നതിന് മിനറൽ വാട്ടർ കുപ്പികളിൽ നിറച്ച സംസം വെള്ളം സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ തീർഥാടകർക്ക് ആവശ്യമായ പരിചരണങ്ങൾ നൽകാൻ ഹറംകാര്യ വകുപ്പ് മെഡിക്കൽ സംഘത്തെ ഒരുക്കിനിർത്തുകയും തീർഥാടകരെ മാറ്റിപ്പാർപ്പിക്കുന്നതിന് ഐസൊലേഷൻ ഏരിയകൾ സജ്ജീകരിക്കുകയും ചെയ്യും. ഉംറ നിർവഹിക്കുന്നതിന് അനുമതിയില്ലാത്തവരെ ഹറമിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അബ്ദുൽഹമീദ് അൽമാലികി പറഞ്ഞു.


ഉംറ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് ഫീൽഡ് സംഘത്തിന് രൂപംനൽകുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഹറംകാര്യ വകുപ്പിനു കീഴിലെ മുഴുവൻ വിഭാഗങ്ങളെയും ഫീൽഡ് സംഘത്തിൽ ഉൾപ്പെടുത്തുമെന്നും ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു. അടുത്ത ഞായറാഴ്ച മുതൽ ഉംറ തീർഥാടകരെ വിശുദ്ധ ഹറമിൽ സ്വീകരിക്കും. ഇതോടെ ദിവസേന പത്തു തവണ വിശുദ്ധ ഹറം അണുവിമുക്തമാക്കും. ഓരോ ഗ്രൂപ്പ് തീർഥാടകരും പ്രവേശിക്കുന്നതിനു മുമ്പും പുറത്തിറങ്ങിയ ശേഷവും വിശുദ്ധ ഹറം അണുവിമുക്തമാക്കുമെന്നും ഹറംകാര്യ വകുപ്പ് അറിയിച്ചു. 

 


 

Latest News