Sorry, you need to enable JavaScript to visit this website.

വിമാനാപകടത്തിൽ മരിച്ചവരുടെ പേരിലും വിലാസത്തിലും  പിശകുകൾ; സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ബന്ധുക്കൾ


കൊണ്ടോട്ടി - കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ പേരും മേൽവിലാസവും ആശുപത്രിയിൽ നൽകിയപ്പോഴുണ്ടായ പിശകുകൾ തിരുത്താൻ സർക്കാർ ഓഫീസ് കയറിയിറങ്ങി ബന്ധുക്കൾ. മരിച്ചവരുടെ പേരുകളും മേൽവിലാസവും മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയപ്പോഴുണ്ടായ ചെറിയ തെറ്റുകൾ തിരുത്താനാണ് ബന്ധുക്കളും അനന്തരാവകാശികളും പോലീസ് സ്റ്റേഷനിലും റവന്യൂ ഓഫീസുകളിലും കയറിയിറങ്ങുന്നത്.


വിമാന അപകടത്തിൽ പെട്ട യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ നൽകിയ പേരും മേൽവിലാസവും, പാസ്‌പോർട്ടിലേയും മറ്റു രേഖകളിലേയും പേരും മേൽവിലാസവും തമ്മിലുള്ള സ്‌പെല്ലിംഗ് വൈരുധ്യങ്ങളാണ് ബന്ധുക്കൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരമടക്കമുള്ളവക്ക് വിലങ്ങുതടിയാവുന്നത്. ആശുപത്രിയിൽ പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും, മരണ സർട്ടിഫിക്കറ്റുകളും ബന്ധുക്കൾക്ക് ലഭിച്ചത്. 
എന്നാൽ ആശുപത്രിയിൽ ലഭിച്ച രേഖയിലും യാത്രക്കാരുടെ പാസ്‌പോർട്ടുകളിലും മറ്റു രേഖകളിലും ചെറിയ വ്യത്യാസങ്ങളുള്ളതുപോലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. പോലീസിന്റെ എഫ്.ഐ.ആറിലും, അനന്തരാവകാശ രേഖയിലും ഈ പിശകുകൾ ആവർത്തിച്ചതോടെ ബന്ധുക്കൾ വെട്ടിലായി.


പാസ്‌പോർട്ടുമായി ബന്ധിപ്പിച്ചാണ് മരിച്ച യാത്രക്കാരുടെ പേരും മേൽവിലാസവും ഒത്തുനോക്കുന്നത്. ഇതിൽ പലതിലും പേരുകൾ ഇംഗ്ലീഷിൽ എഴുതിയപ്പോഴാണ് പിഴവുകൾ ഏറെ വന്നത്. അപകടത്തിൽ മരിച്ച വയനാട് സ്വദേശി ഇബ്രാഹീമിന്റെ കുടുംബം പേരിലെ തെറ്റ് തിരുത്താൻ ദിവസങ്ങളായി പോലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നു. ഇബ്രാഹീം എന്ന് ഇംഗ്ലീഷിൽ എഴുതിയപ്പോൾ ഐ എന്ന അക്ഷരത്തിന് പകരം ഇ എന്നാണ് ചേർത്തിരിക്കുന്നത്. മേൽവിലാസത്തിലും പേരിലും തെറ്റിയെന്ന പരാതിയുമായി മൂന്ന് പേർ റവന്യൂ വകുപ്പിനേയും സമീപിച്ചിട്ടുണ്ട്. അനന്തരാവകാശ സർട്ടിഫിക്കറ്റ് അടക്കം പിശകുകൾ മൂലം പ്രയോജനപ്പെടുത്താനാകുമോ എന്ന ആധിയിലാണ് ബന്ധുക്കൾ. മരിച്ചവർക്കു പുറമെ ചികിൽസയിൽ കഴിയുന്ന ചിലരും പേരുകളിൽ വ്യത്യാസങ്ങളുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ദുബായിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരിൽ ലാൻഡിംഗിനിടെ നിയന്ത്രണം വിട്ട് 35 അടി താഴ്ചയിലേക്ക് മറിഞ്ഞ് 21 പേരാണ് മരിച്ചത്.

Latest News