Sorry, you need to enable JavaScript to visit this website.

കാര്‍ഷിക നിയമത്തിനെതിരെ ടിഎന്‍ പ്രതാപന്‍ എംപി സുപ്രീം കോടതിയില്‍; ഹര്‍ജി നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും

ന്യൂദല്‍ഹി-കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കുമിടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവും തൃശൂര്‍ എംപിയുമായ ടിഎന്‍ പ്രതാപന്‍ സുപ്രീം കോടതിയെ സമീപിച്ചു. മൂന്നു വിവാദ നിയമങ്ങളില്‍ ഓന്നായ ഫാര്‍മേഴ്‌സ് അഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്റ് ഫാം സര്‍വീസസ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് പ്രതാപന്റെ ഹര്‍ജി. ഈ നിയമം ഭരണഘടന 14ാം വകുപ്പു ഉറപ്പാക്കുന്ന തുല്യതയ്ക്കുള്ള അവകാശം, 15ാം വകുപ്പു ഉറപ്പു നല്‍കുന്ന വിവേചനം തടയല്‍, 21ാം വകുപ്പു ഉറപ്പാക്കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നവിയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടി. ഈ നിയമം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും വ്യര്‍ത്ഥവുമാണെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷക നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങും വ്യക്തമാക്കി. കര്‍ഷക പ്രക്ഷോഭം പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐ മുതലെടുക്കാനും പഞ്ചാബ് അതിര്‍ത്തിയില്‍ പ്രശ്‌നമുണ്ടാക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷക സമൂഹത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News