Sorry, you need to enable JavaScript to visit this website.

കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ നിയമ നിര്‍മാണം നടത്താന്‍ കോണ്‍ഗ്രസ് സംസ്ഥാനങ്ങളോട് സോണിയ

ന്യൂദല്‍ഹി- വന്‍ കര്‍ഷക പ്രക്ഷോഭത്തിനിടയാക്കിയ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളെ മറികടക്കാന്‍, ഭരണഘടനയുടെ 254(2) വകുപ്പു പ്രകാരം പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ചു. ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമം തള്ളിക്കളയാനും കര്‍ഷകരോട് കാണിക്കുന്ന കടുത്ത അനീതി തടയാനും ഈ മാര്‍ഗം തേടണമെന്നാണ് സോണിയയുടെ നിര്‍ദേശം. യുപിഎ സര്‍ക്കാര്‍ കൊണ്ടു വന്ന 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തെ മറികടക്കാന്‍ 2015ല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് പുതിയ നിയമ നിര്‍മാണം നടത്താന്‍ ബിജെപി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവട്പിടിച്ചാണ് കര്‍ഷക നിയമങ്ങളെ നിയമപരമായി തന്നെ തള്ളാന്‍ കോണ്‍ഗ്രസ് ഈ വഴി തേടുന്നത്. 

ഭരണഘടനയുടെ 254(2) വകുപ്പു പ്രകാരം സംസ്ഥാനത്തിന്റെ അധികാരപരിധിയെ മറികടക്കുന്ന നിയമങ്ങള്‍ക്കെതിരെ പുതിയ നിയമം പാസാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. അസ്വീകാര്യമായ കാര്‍ഷിക നിയമങ്ങള്‍ ഈ മാര്‍ഗത്തിലൂടെ മറികടക്കാം.

കാര്‍ഷിക വ്യാപാരത്തിന്‍മേലുള്ള എല്ലാ നിയന്ത്രണങ്ങളും കര്‍ഷകരുടെ അവകാശങ്ങളും ഹനിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ കൊണ്ടു വന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍. രാജ്യസഭയില്‍ ചട്ടങ്ങള്‍ ലംഘിച്ചും പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയും ബഹളത്തിനിടെ പാസാക്കിയ ബില്ലുകളില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പുവച്ചതോടെയാണ് നിയമമായി മാറിയത്.
 

Latest News