ലൈഫ് മിഷന്‍ ഫയലുകള്‍ സിബിഐ പിടിച്ചെടുത്തു; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യൂണിടാക് നിര്‍ത്തി

തൃശൂര്‍- യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുള്ള വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ അഴിമതി അന്വേഷണത്തില്‍ ത്വരിത നടപടികളുമായി സിബിഐ അന്വേഷണസംഘം. വടക്കാഞ്ചേരി നഗരസഭയില്‍ എത്തിയ സിബിഐ സംഘം ബില്‍ഡിങ് പെര്‍മിറ്റ് ഫയലുകള്‍ കസ്റ്റഡിയിലെടുത്തു. വൈദ്യുതിക്ക് അനുമതി നല്‍കിയത്, ഭൂമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും സിബിഐ പിടിച്ചെടുത്തു. മൂന്നംഗം സംഘമാണ് എത്തിയത്. 20 കോടിയുടെ പദ്ധതിയില്‍ ഒമ്പതു കോടിയും കോഴയായി പോയെന്നാണ് ആരോപണം. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിബിഐ അന്വേഷണം തുടങ്ങിയത്. ലൈഫ് മിഷന്‍ അന്വേഷണം സിബി ഐ നടത്തുന്നതിനെതിരെ സിപിഎം പരസ്യമായി എതിര്‍പ്പുമായി രംഗത്തുണ്ട്.യൂണിടാക്കും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാടിലെ കരാര്‍ എങ്കിലും ഇതിലെ രണ്ടാമത്തെ കക്ഷി സര്‍ക്കാരാണ്. മാത്രമല്ല ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും ചെയര്‍മാനും സിഇഒയും സര്‍ക്കാരിന്റ ഭാഗമാണെന്നും ഇതിനാല്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നുമാണ് സിബിഐ നിലപാട്. അനില്‍ അക്കര എംഎല്‍എയുടെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സിബിഐയുടെ അന്വേഷണം. ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും പങ്കില്ലെന്നും വിദേശ സഹായം നേരിട്ട് സ്വീകരിച്ചില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്നാണ് സിബിഐ വിലയിരുത്തുന്നത്.
അതിനിടെ, ലൈഫ് മിഷന്‍ പദ്ധതിയുടെ ഫഌറ്റ് നിര്‍മാണം നിര്‍ത്തിവെച്ചു. പണിനിര്‍ത്തിവെക്കുന്നതായി യൂണിടാക് ലൈഫ് മിഷന് കത്ത് നല്‍കി. കഴിഞ്ഞ ആറ് മാസമായി യുഎഇ കോണ്‍സുലേറ്റുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ല അതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അനിശ്ചിതത്വം ഉണ്ടായി എന്നാണ് യൂണിടാക് കമ്പനി കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം സിബിഐ കേസിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കമ്പനി നിര്‍ദേശിച്ചതായാണ് തൊഴിലാളികള്‍ പറയുന്നത്. 350 ഓളംതൊഴിലാളികളാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫഌറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സിബിഐ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ അറിഞ്ഞതിനുശേഷം മാത്രമാവും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കുക എന്നാണ് വിവരം.
 

Latest News