Sorry, you need to enable JavaScript to visit this website.

കടക്കെടാ പുറത്ത്: വിരോധത്തിന്റെ പദാവലി

ആദ്യമേ പറയട്ടെ, ആരും അലറേണ്ട, പിണറായി വിജയൻ പറഞ്ഞത് 'കടക്കെടാ പുറത്ത്' എന്നായിരുന്നില്ല.  കുറെക്കൂടി മയത്തിൽ, 'കടക്ക് പുറത്ത്' എന്നേ അദ്ദേഹം പറഞ്ഞുള്ളൂ എന്നു വാദിക്കാം. അതിനേക്കാൾ ഓമനത്തത്തോടെ, 'കടക്കൂ പുറത്ത്' എന്നേ അദ്ദേഹം ഉദ്ദേശിച്ചുള്ളൂ എന്നും സംബോധനകളുടെ മാർക്‌സിസ്റ്റ് വിശ്ലേഷണം നടത്തി സ്ഥാപിക്കാൻ നോക്കാം.
അതിനപ്പുറം ശരീര ശൈലിയിൽ പ്രകടമായ എന്തൊക്കെയോ ഉണ്ടായില്ലല്ലോ എന്നു സമാധാനിക്കുക. പണ്ട് ജി. സുധാകരൻ പുറപ്പെടുവിച്ച സാരോപദേശം ശ്രദ്ധിക്കണം: 'ചെങ്കൊടിയേന്തി തഴമ്പിച്ചതാണീ കൈകൾ.'
ബൂർഷ്വാ മാധ്യമങ്ങളെ അടിച്ചൊതുക്കാനോ ചൊൽപടിക്കു നിർത്താനോ വിപ്ലവ ഹസ്തം ഉയർന്നില്ലെങ്കിലും കേരളത്തിന്റെ  പൊതുജീവിത ഭാഷയിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു ആ ഭീഷണികളിലെ പാരുഷ്യം.  അതു കേട്ടു വിരണ്ടോ, അതോ ഓർക്കാപ്പുറത്തു വന്ന ഭർത്സനത്തിൽ പരിഭ്രമിച്ചോ അന്ന് അവിടെ കൂടിയിരുന്ന ഛായാഗ്രാഹകർ ഒന്നും മിണ്ടാതെ സ്ഥലം വിട്ടു. ആ നീക്കത്തെ ഭയമോ അനുസരണയോ ആയി ആരും കരുതാൻ ഇടയില്ല.  പിന്നീട് ഉണ്ടായിരിക്കാവുന്ന സമചിത്തതയിൽ വിജയനും മനസ്സിലാക്കിക്കാണണം, ആ ശീലിലുള്ള ആക്രോശം തന്നെ പരിഹാസ്യനാക്കുകയേ ചെയ്യുള്ളൂ, അതിനു വിധേയരാകുന്നവരെ അനുസരണയുള്ളവരാക്കില്ല. 
'കടക്ക് പുറത്ത്' എന്ന വഴി വിട്ട വചനം മുഖ്യമന്ത്രിയുടെ ജൽപനത്തിലെ അവസാനത്തെ വരമ്പായിരുന്നുവെന്ന് ചിലരെങ്കിലും ധരിച്ചുകാണും.  അവർക്ക് തെറ്റി.  പുളിച്ച വാക്കിൽനിന്ന് കൂടുതൽ പുളിച്ച വാക്കിലേക്ക് ഒലിച്ചിറങ്ങുന്നതാണ് അദ്ദേഹത്തിന്റെ പദപ്രവാഹം. ഒരിടക്ക് അനിഷ്ടകരമായ പത്രശബ്ദം പുറപ്പെടുവിച്ചിരുന്ന ഒരു എഡിറ്ററെ അദ്ദേഹം പേരെടുത്തു പഴിക്കുകയുണ്ടായി.  ഇടക്കു പറയട്ടെ, പത്രക്കാരെ മാതമല്ല, പാതിരിമാരെയും പൊതുപ്രവർത്തകരെയും എന്നു വേണ്ട, വേറിട്ടു വിചാരിക്കുകയോ വാക്കിൽ അക്രമം കലർത്തുകയോ ആർക്കും  അദ്ദേഹം എവിടെവെച്ചും ഉരുളക്ക് ഉപ്പേരിയും പപ്പടവും എന്ന പോലെ ആക്ഷേപം വിളമ്പുമെന്നതാണ് ഇന്നേവരെയുള്ള അനുഭവം.  അതിനിരയാവുന്നവർ വഴി മറഞ്ഞു പോകും, അത് ഉന്നയിക്കുന്നവർ അതിന്റെ പേരിൽ ഓർക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യും എന്ന  ബോധം അദ്ദേഹത്തിന് ഉദിക്കുന്നില്ലല്ലോ.
അടിയന്തരാവസ്ഥകളെ നേരിട്ടു വളർന്നയാളാണ് വിജയൻ.  മൗലികാവകാശം എടുത്തു കളഞ്ഞ 75----77ലെ അടിയന്തരാവസ്ഥ മാത്രമല്ല, തന്റെ പാർട്ടിക്കകത്തും പുറത്തും അപ്പപ്പോൾ ഉയർന്നുവന്ന പ്രതിസന്ധിയുടെ പരമ്പരയും ആ രാഷ്ട്രീയ സംജ്ഞാനാമത്തിൽ ഉൾപ്പെടുത്താം.  പാർട്ടിയിൽനിന്നു പുറത്തായ തന്റെ  സീനിയർ സഹപ്രവർത്തകൻ എം.വി. രാഘവനെ കണ്ണൂരിൽ കാലുറപ്പിക്കാതാക്കാനുള്ള ശ്രമത്തിന്റെ  നേതൃത്വം വിജയനായിരുന്നു.  വി.എസ്. അച്യുതാനന്ദനുമായുള്ള അദ്ദേഹത്തിന്റെ ഉൾപാർട്ടി യുദ്ധവും പുറം പാർട്ടിപ്പോരും രണ്ടു പതിറ്റാണ്ടു നീണ്ടു.  അവസാനിച്ചപ്പോൾ വിജയൻ തന്നെയായിരുന്നു വിജേതാവ്. 
വേറൊരു വിധത്തിൽ പറഞ്ഞാൽ, എതിർപ്പുകളെ നേരിടുന്നതും അതിജീവിക്കുന്നതും അദ്ദേഹത്തിന് ശീലമായിരിക്കുന്നു. അണികളെക്കൊണ്ട് അനുസരിപ്പിക്കുന്നതും എതിരാളികളെ ഇടം വലം എയ്തു വീഴ്ത്തുന്നതും ഒന്നോർത്താൽ, ഒരു രസം തന്നെ. പക്ഷേ ആ വക വ്യായാമം കൊണ്ടൊന്നും കിട്ടാത്ത ആയാസവും ചാരിതാർഥ്യവും കൈവന്നെന്നിരിക്കും കോവിഡ് പോലെയുള്ള വിഷമ സന്ധിയിൽ സമൂഹത്തെ നയിക്കാനുള്ള ദൗത്യത്തിൽനിന്ന്. ജീവന്മരണ പോരാട്ടം എന്നൊക്കെ നമ്മൾ ലാഘവത്തോടെ പറയുന്ന കോവിഡ് മഹാമാരിക്കെതിരെയുള്ള അതിജീവന സമരം ആസൂത്രണം ചെയ്യാനും നിർവഹിക്കാനും അവസരം ഉണ്ടായപ്പോഴേ വിജയന്റെ ഉൾക്കാഴ്ചയും ഊർജസ്വലതയും തെളിഞ്ഞു കണ്ടുള്ളൂ.  
മാരിക്കെതിരെയുള്ള സമരത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതിപക്ഷം 'ഇനി എന്തു ചെയ്യാൻ?' എന്ന മട്ടിൽ നിസ്സഹായമായ  പതനത്തിലായിരുന്നു.  സർക്കാരുകളെ തകർക്കലും മുദ്രാവാക്യം മുഴക്കി ഇറങ്ങിപ്പോകലുമാണ് പ്രതിപക്ഷത്തിന്റെ നിത്യവ്രതം എന്ന സങ്കൽപം അപ്പോൾ പ്രകടമായി.  അനുഷ്ഠിക്കാൻ കർമം കാത്തിരിക്കുന്ന പ്രതിപക്ഷത്തെ പുതിയ രോഗസമരത്തിൽ സക്രിയമാക്കാൻ മുൻകൈ എടുത്തില്ല എന്നതാകാം ഒരു പക്ഷേ മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കാവുന്ന ഒരു കുറ്റാരോപണം.  അതൊഴിച്ചാൽ, ഭയാനകമായ ഒരു പ്രതിസന്ധിയിൽ സമൂഹത്തെ നയിച്ചുവെന്ന ഖ്യാതി വിജയനവകാശപ്പെട്ടതായിരിക്കും. ആ സമരത്തിലെ വിജേതാവായ വിജയനിൽ ക്ഷമയും പാകവും സഹിഷ്ണുതയും ബലമായി വർത്തിക്കാതായതാണ് കഷ്ടം.  
വിജയൻ തന്നെ വീണ്ടും വീണ്ടും അനുസ്മരിക്കാറുള്ളതാണ് അദ്ദേഹം കടന്നുപോന്നിട്ടുള്ള വൈതരണികളുടെ ആപൽക്കരത്വവും അത് അദ്ദേഹം കോരിത്തരിപ്പിക്കുന്ന നിശ്ചയദാർഢ്യത്തോടെ അതിജീവിച്ച രീതിയും. ആ അനുഭവം ആർജിക്കുകയും അധികാരം കൈയാളുകയും ചെയ്യുന്ന ഒരാൾക്ക് ഗീത വിവക്ഷിക്കുന്ന സ്ഥിതപ്രജ്ഞത്വം, മാനസികമായ പരിപാകം വന്നിരിക്കും എന്നായിരുന്നു എന്റെ ധാരണ.  ആ കണക്കിനു നോക്കിയാൽ വാർത്താസമ്മേളനം അങ്കത്തട്ടും അവിടത്തെ വായ്‌മൊഴിവഴക്കം പോർവിളിയായും മാറുകയില്ലായിരുന്നു. ഭൂമുഖത്ത് ലഭിക്കാവുന്ന മര്യാദ മുഴുവൻ സമാഹരിച്ചുകൊണ്ടായാലും ഇഷ്ടമല്ലാത്ത ചോദ്യം ഉയർന്നാൽ വിജയന്റെ  ഭാവം മാറും, ഭാഷയിൽ തീ ആളും.  
അത്രയൊക്കെ പോകേണ്ടതുണ്ടോ, അധികാരവും മാധ്യമവും തമ്മിലുള്ള ഇടപഴക്കം എപ്പോഴും പോരാട്ടമാകണമെന്നുണ്ടോ? വിജയനേക്കാൾ പ്രാമാണ്യം അവകാശപ്പെട്ട പലരും മുഖ്യമന്ത്രിമാരോ പാർട്ടി നേതാക്കന്മാരോ ആയിരുന്നത് ഓർക്കുക.  വോട്ടെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറുമ്പോൾ  കേരളത്തിൽ സെക്രട്ടറിയായിരുന്ന എം.എൻ. ഗോവിന്ദൻ നായർ താളം തെറ്റിയതായി കേട്ടിട്ടില്ല.  വിമർശനം പൊതിഞ്ഞുള്ള ചോദ്യക്കെണി അദ്ദേഹം സരസമായും പരസ്യമായും തുറന്നെടുക്കുമായിരുന്നു. ക്ഷോഭത്തെ വർഗ സ്വഭാവമാക്കിയ ഇ.എം.എസ് നമ്പൂതിരിപ്പാട് വേണ്ടപ്പോൾ ഗൗരവം വിടുകയോ വീണ്ടെടുക്കുകയോ ചെയ്യും; ചിലപ്പോൾ ഒരു 'നമ്പൂതിരി ഫലിതം' കൊളുത്തി ചിരിക്ക് വഴിമരുന്നിടും. രണ്ടു വാക്കിൽ ഒതുക്കാവുന്നത് ഒന്നര കൊണ്ടു തീർക്കുന്ന ആളായിരുന്നു അച്യുതമേനോൻ.  ലാഘവമോ ദൈർഘ്യമോ ഉള്ള ചോദ്യം അദ്ദേഹത്തോട് ആരും ചോദിക്കാറില്ല.  പക്ഷേ യുദ്ധസന്നാഹത്തിന്റെ പ്രതീതി ഉണർത്തുന്നതായിരുന്നില്ല അദ്ദേഹവും മാധ്യമങ്ങളുമായുള്ള ബന്ധം.  
ചിരിയുടെ എണ്ണവും നീളവും നോക്കിയാൽ അച്യുത മേനോനേക്കാളും എത്രയോ മുന്നിലാവും വിജയൻ. മേനോൻ ചിരിച്ച ചരിത്രമില്ല. വാക്ക് കനക്കാം, മുഖം കറുക്കാം. അത്ര തന്നെ.  അട്ടഹാസം പോയിട്ട് ഹാസം പോലും കാണില്ല. ഉച്ചരിക്കുന്ന വാക്ക് മുഴുവൻ ഹാസ്യമാക്കിയിരുന്ന ഇ.കെ. നായനാരോളം വരില്ല വിജയന്റെ ഹാസ്യാഞ്ജലി, ചിരിയും കൂപ്പുകയ്യും. കളിയായോ വെറും ചിരിയായോ അദ്ദേഹം പ്രതികരിക്കുന്ന അവസരങ്ങളിൽ കാപട്യം കാണരുത്.  അദ്ദേഹത്തിന്റെ 
പൊട്ടിത്തെറിയും പരിഹാസവും പോർവിളിയും തികഞ്ഞ സത്യലോലുപതയോടെ, അശേഷം കാപട്യമില്ലാതെ, അവതരിപ്പിക്കപ്പെടുന്നു എന്നതാണ് അദ്ദേഹത്തിന്റെ 
ദോഷം, അല്ലെങ്കിൽ ഗുണം എന്നു പറയാം.  മറച്ചുവെക്കേണ്ടതായി ഒരു കെറുവും അവിടെ കാണില്ല.  
പക്ഷേ ആ ചിരി കൊണ്ട് മായ്ക്കാവുന്നതോ മറയ്ക്കാവുന്നതോ മറക്കാവുന്നതു പോലുമോ അല്ല ഓരോ പത്രസമ്മേളനത്തിലും അദ്ദേഹം വിതച്ചുപോവുന്ന ശത്രുത.  വിജയൻ നായനാരെയോ മേനോനെയോ പോലെ ആകണമെന്നു ശഠിക്കുകയല്ല.  വിജയനു വിജയന്റെ വഴി.  അതിലെയേ പോകാനാകൂ എന്നു ഗീത.  പ്രകൃതിം യാന്തി ഭൂതാനി. അവനവൻ ചെയ്യുന്നതിന്റെ  ഫലം അവനവൻ അനുഭവിക്കുമെന്നൊക്കെ പറഞ്ഞു പോകാമെങ്കിലും ആ അനുഭവം തികഞ്ഞ കാലുഷ്യമാകാതിരിക്കാൻ ശ്രമിച്ചുകൂടേ? പ്രതിസന്ധികളെ വകഞ്ഞുമാറ്റിക്കൊണ്ട് മുന്നോട്ടു പോകാൻ ശീലിച്ച ഒരാൾക്ക് തൊട്ടാൽ പൊട്ടുന്ന പ്രതികരണത്തിന്റെ ഭാഷ ഒഴിവാക്കിക്കൂടേ?   അതിനുള്ള പരിപാകവും ശത്രുതകളെ ശീതീകരിക്കാനുള്ള ലാഘവവും സ്വതവേ ഉണ്ടാകണമായിരുന്നില്ലേ?
വിജയനെ മാധ്യമങ്ങൾ സമീപിക്കുന്ന ഓരോ സന്ദർഭവും വിലയിരുത്തേണ്ട കാര്യമില്ല.  പലപ്പോഴും അബദ്ധമോ അനർഹമോ ആയ പെരുമാറ്റം മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നിരിക്കട്ടെ. മിക്കപ്പോഴും മിക്കവരും നിരന്തരമായ നീരസം കൊണ്ട് അനുവർത്തിക്കുന്നതല്ല ആ നിലപാട്.  തന്റെ 
യോ തന്റെ സർക്കാരിന്റെയോ ഭാഗം കൂടി അവതരിപ്പിക്കാൻ മാധ്യമങ്ങളെ പ്രേരിപ്പിക്കാം.  ആയിരം നാവും ആയിരത്തൊന്ന് ചെവിയുമുള്ള മുഖ്യമന്ത്രി വിജയന് അതു കഴിയില്ലെന്നോ? മാധ്യമങ്ങളെ ഭർത്സിച്ചതുകൊണ്ട് അദ്ദേഹത്തിനു മാത്രം അദ്ദേഹത്തോടു ചെയ്യാവുന്ന ദ്രോഹമാവും ഫലം. വിരോധം വർധിക്കും  ലേഖകർ വേറെ ആരുടെയോ പരിപാടി നടപ്പാക്കാൻ ഇറങ്ങിയിരിക്കുകയാണെന്ന പ്രസ്താവം വാസ്തവത്തിൽ ലേഖകരുടെ ചെയ്തികളിൽനിന്ന് അവരെ വിടുതലാക്കുകയല്ല അവരുടെ അടിസ്ഥാനപരമായ സത്യസന്ധത ചോദ്യം ചെയ്യുകയാണ്.  അറുപതു കൊല്ലത്തെ പൊതുജീവിതത്തിനുള്ളിൽ അദ്ദേഹത്തിനു മനസ്സിലായിക്കാണണം, അങ്ങനെ മുൻകൂട്ടി എഴുതിയ തിരക്കഥയുമായി വരുന്നവർ വിരളം. ഒറ്റക്കോ സിണ്ടിക്കേറ്റുകളായോ അരങ്ങു തകർക്കാനെത്തുന്നവരുടെ ഭാഷ്യവും ഭാഷണവും ആരും കാര്യമായെടുക്കാറില്ല.  അവരുടെ പൊള്ളത്തരം പൊളിച്ചുകാട്ടുകയും മറ്റുള്ളവർക്ക് നേർ വെളിച്ചം എത്തിക്കുകയും ചെയ്യേണ്ട നേരത്ത് മുഖ്യമന്ത്രി വിജയൻ വിയർക്കുന്നു, വെല്ലുവിളിക്കുന്നു, വിറളി പിടിക്കുന്നു.  കൂടുതൽ വിറളിക്ക് ഇടവരുത്തുകയേ ഉള്ളൂ ആ വേഷം.  
അതിന്റെ സൂചനയാണ് മാധ്യമങ്ങളെ ശാസിക്കാനും ശിക്ഷിക്കാനുമുള്ള നീക്കം. സർക്കാർ പരിഹാസ്യമാകാനുള്ള ഒരു വഴി കൂടി എന്നേ പറയേണ്ടൂ.  മാധ്യമങ്ങളുടെ നിഗമനം തെറ്റായിപ്പോയപ്പോൾ, പണ്ടൊരിക്കൽ ഇന്ദിരാ ഗാന്ധി പറഞ്ഞു: അവർ വിളമ്പിയത് അവർ തന്നെ വിഴുങ്ങട്ടെ.  അവർ നടപ്പാക്കിയ അടിയന്തരാവസ്ഥയിൽ, ചില മാധ്യമങ്ങളുടെ പെരുമാറ്റം മനസ്സിൽ കണ്ട് ലാൽ കൃഷ്ണ അഡ്വാനി പറഞ്ഞു: കുനിയാൻ പറഞ്ഞപ്പോൾ നിങ്ങൾ ഇഴഞ്ഞു.  അവരെ അവരുടെ പോരായ്മയും പൊള്ളത്തരവും ബോധ്യപ്പെടുത്തുകയാണ് ആരോഗ്യകരം. അടച്ചുപൂട്ടാനോ അകത്താക്കാനോ നടത്തുന്ന ശ്രമം കൊള്ളില്ല.  കാരണം, ഒന്നാമതായി, ഫലപ്രദമായ ശിക്ഷ നൽകാൻ പറ്റില്ല. രണ്ടാമതായി,  മാധ്യമങ്ങളുടെ ശരിതെറ്റുകൾ തീർപ്പാക്കാൻ സർക്കാർ വേണമെന്നു വന്നാൽ ആപത്താകും.  വിജയനറിയുമായിരിക്കും, പിതൃഭൂമിയായ പഴയ സോവിയറ്റ് യൂനിയനിൽ ഇങ്ങനെയൊരു തമാശ ഒഴുകി നടന്നിരുന്നു.  രണ്ടു പത്രങ്ങൾ ഉണ്ടായിരുന്നു.  പ്രാവ്ദയും ഇസ്‌വെസ്റ്റിയയും. പ്രാവ്ദ എന്നാൽ വാർത്ത, ഇസ്‌വെസ്റ്റിയ എന്നാൽ വസ്തുത.  അവ ഉരുത്തിരിഞ്ഞുവന്ന രീതിയിൽ പ്രാവ്ദയിൽ വാർത്തയില്ല, ഇസ് വെസ്റ്റിയയിൽ വസ്തുതയുമില്ല എന്നായിരുന്നു കമ്യൂണിസ്റ്റ് വിരുദ്ധ ഫലിതം.  മാധ്യമങ്ങളെ നിലക്കു നിർത്താൻ മുഖ്യമന്ത്രി ഇറങ്ങിപ്പുറപ്പെടുന്ന നേരത്ത് അതൊന്നോർത്തുവെന്നേയുള്ളൂ.
 

Latest News