Sorry, you need to enable JavaScript to visit this website.

വിദേശ ഫണ്ടുകളുടെ നീക്കം സെൻസെക്‌സിനെയും നിഫ്റ്റിയെയും തളർത്തി

വിദേശ ഫണ്ടുകൾ ഇന്ത്യൻ ഓഹരി വിപണിയിലെ ബാധ്യതകൾ പണമാക്കാൻ നടത്തിയ തിരക്കിട്ട നീക്കം സെൻസെക്‌സിനെയും നിഫ്റ്റിയെയും തളർത്തി. ആഗോള മാർക്കറ്റുകളിൽ വിൽപന തരംഗം ഉടലെടുക്കുമെന്ന കാര്യം മുൻവാരം സൂചിപ്പിച്ചത് ശരിവെക്കും വിധത്തിലായിരുന്നു ഏഷ്യൻ യുറോപ്യൻ വിപണികളിലെ ചലനങ്ങൾ.   
ബി.എസ്.ഇ, എൻ.എസ്.ഇ സൂചികകൾ പോയവാരം നാല് ശതമാനം തളർന്നു. സെൻസെക്‌സ് 1457 പോയന്റും നിഫ്റ്റി 454 പോയന്റും നഷ്ടത്തിലാണ്. നിഫ്റ്റി 11,535 ൽ നിന്നുള്ള തകർച്ചയിൽ മുൻവാരം സൂചിപ്പിച്ച 11,031 ലെ സപ്പോർട്ട് വാരാന്ത്യം രക്ഷയായി. ഒരു വേള സൂചിക 10,790 ലേയ്ക്ക് പരീക്ഷണം നടത്തിയെങ്കിലും ഈ അവസരത്തിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും പ്രദേശിക നിക്ഷേപകരും വാങ്ങലുകാരായത് തിരിച്ചു വരവിന് അവസരം ഒരുക്കി. വാരാന്ത്യം 11,050 പോയന്റിൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം ആദ്യ പ്രതിരോധം 11,460 ലാണ്. ഈ റേഞ്ചിലേയ്ക്ക് ഉയരാൻ അവസരം ലഭ്യമായില്ലെങ്കിൽ സൂചിക 10,715-10,380 റേഞ്ചിലേയ്ക്ക് തിരുത്തൽ തുടരാം.


ബോംബെ സൂചികയ്ക്ക് 38,845 പോയന്റിൽ നിന്ന് 38,990 വരെ ഉയരാനായുള്ളൂ. ഇതിനിടയിൽ ബ്ലൂചിപ്പ് ഓഹരികളിൽ വിദേശ ഓപറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ സൂചിക 36,495 വരെ ഇടിഞ്ഞു. തകർച്ചയ്ക്ക് ഇടയിൽ പുതിയ നിക്ഷേപകർ രംഗത്ത് ഇറങ്ങിയതിനാൽ വെള്ളിയാഴ്ച 835 പോയന്റ് ഉയർന്ന് സൂചിക 37,388 പോയന്റിലേയ്ക്ക് കയറി. ഈവാരം 36,258 ലെ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 35,129 ലേയ്ക്ക് പരീക്ഷണം നടത്താം. മുന്നേറിയാൽ 38,753 പോയന്റിൽ പ്രതിരോധമുണ്ട്.   


മുൻ നിരയിലെ പത്തിൽ എട്ട് കമ്പനികളുടെ വിപണി മൂല്യത്തിൽ പിന്നിട്ടവാരം 1.57 ലക്ഷം കോടി രൂപയുടെ ഇടിവ് സംഭവിച്ചു. ഇൻഫോസീസ് ടെക്‌നോളജിയും, എച്ച്.സി.എൽ മാത്രമാണ് തളർച്ചയ്ക്ക് ഇടയിൽ പിടിച്ച് നിന്നത്. ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.യു.എൽ, എച്ച്.ഡി.എഫ്.സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എയർടെൽ എന്നിവയുടെ വിപണി മൂല്യം ഇടിഞ്ഞു. ഇൻഫോസീസ്, എച്ച്.സി.എൽ എന്നിവയുടെ ഓഹരി വില അഞ്ച് ശതമാനം മുന്നേറിയപ്പോൾ റ്റി.സി.എസ്, ഐ.റ്റി.സി, ആർ.ഐ.എൽ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, സൺ ഫാർമ്മ, മാരുതി, ഒ.എൻ.ജി.സി, എം ആൻറ എം, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരി വിലകൾ ഇടിഞ്ഞു. മിഡ്ക്യാപ്, സ്‌മോൾ ക്യാപ് വിഭാഗങ്ങളിൽ നൂറിൽ അധികം ഓഹരി വിലകൾ പിന്നിട്ട വാരം 10 മുതൽ 20 ശതമാനം വരെ ഇടിഞ്ഞു. സ്റ്റീൽ, ഫാർമസ്യൂട്ടികൽ, ഓട്ടോമൊബൈൽ വിഭാഗങ്ങൾ സമ്മർദത്തിലയിരുന്നു.  


റിസർവ് ബാങ്ക് വായ്പ്പാ അവലോകനിനു ഒരുങ്ങുന്നു. മന്ദഗതിയിൽ നീങ്ങുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് പകരാൻ പലിശ നിരക്കുകളിൽ ഭേഗതികൾക്ക് ആർ.ബി.ഐ തയാറാവുമോ അതോ നിലവിലെ സ്ഥിതി തുടരുമോ. ഒക്ടോബർ ഒന്നിന് നടക്കുന്ന യോഗ തീരുമാനത്തെ വിപണി കാത്തിരിക്കുന്നു. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പണപ്പെരുപ്പം രൂക്ഷമാക്കാം. ഓഗസ്റ്റിൽ നടന്ന യോഗത്തിൽ കേന്ദ്ര ബാങ്ക് റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിലനിർത്തിയിരുന്നു. ഓഗസ്റ്റിൽ പണപ്പെരുപ്പം 6.69 ശതമാനവും ജൂലൈയിലെ 6.73 ശതമാനവുമായിരുന്നു.
ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം കുറഞ്ഞു. വിനിമയ നിരക്ക് 73.58 ൽ നിന്ന് 73.96 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 73.70 ലാണ്. ഉത്സവ സീസൺ മുന്നിൽ കണ്ട് വ്യവസായികൾ സ്വർണ ഇറക്കുമതിലേയ്ക്ക് ശ്രദ്ധതിരിച്ചതും, വിദേശ ഫണ്ടുകൾ ഓഹരി വിറ്റു ഡോളർ ശേഖരിച്ചതും രൂപയിൽ സമ്മർദമുളവാക്കി. 


ക്രൂഡ് ഓയിൽ വില നേരിയ റേഞ്ചിൽ നീങ്ങി. ബാരലിന് 41 ഡോളറിൽ നിന്ന് 40.09 ഡോളറായി. അതേ സമയം സ്വർണത്തിന് വൻ തകർച്ച. ട്രോയ് ഔൺസിന് 1959 ഡോളറിൽനിന്ന് മഞ്ഞലോഹം ഒരവസരത്തിൽ 110 ഡോളറിനേറ്റ തിരുത്തൽ കാഴ്ചവെച്ച് 1848 വരെ താഴ്ന്ന ശേഷം വ്യാപാരാന്ത്യം 1860 ഡോളറിലാണ്. സ്വർണ വിപണി അതിന്റെ 200 ദിവസത്തെ ശരാശരിയായ 1754 ഡോളറിലെ താങ്ങിലേയ്ക്ക് പരീക്ഷണം നടത്താനിടയുണ്ട്. അത്തരം ഒരു സാഹചര്യത്തിനിടയിൽ രൂപയുടെ വിനിമയ മൂല്യം മികവ് നിലനിർത്തിയാൽ കേരളത്തിൽ സ്വർണം പവന് 35,000-34,000 റേഞ്ചിലേയ്ക്ക് താഴും.  

 

Latest News