Sorry, you need to enable JavaScript to visit this website.

കാപ്പി കയറ്റുമതിയിൽ വൻ ഇടിവ്; കർഷകർ ദുരിതത്തിൽ 


കോവിഡ് കാപ്പി കയറ്റുമതിയെ സാരമായി ബാധിച്ചു. ഇത് ദക്ഷിണേന്ത്യൻ കർഷകരെ സാമ്പത്തിക കുരുക്കിലകപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതിയിൽ വൻ ഇടിവാണുണ്ടായത്. രണ്ട് മാസത്തിനിടെ കാപ്പി കയറ്റുമതിയിൽ 26,400 ടൺ കുറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ ആഗോള തലത്തിൽ കാപ്പിക്ക് ആവശ്യം കുറഞ്ഞു. ലോക്ഡൗൺമൂലം 95 ശതമാനം കോഫി റോസ്റ്റിംഗ് യൂനിറ്റുകളും ഇതര കാപ്പി നിർമാണ യൂനിറ്റുകളും അടച്ചു. വീടുകളിലും പ്രധാന ഉപഭോക്താക്കളായ ഹോട്ടലുകളിലും ഇതര വ്യാപാര മേഖലകളിൽ നിന്നുമുള്ള ഡിമാന്റും ഇതിനിടയിൽ മങ്ങിയത് ഉൽപന്നത്തെ കാര്യമായി ബാധിച്ചു. 2019-20 കാലയളവിൽ കാപ്പി കയറ്റുമതി 7.40 ശതമാനവും കയറ്റുമതി മൂല്യത്തിൽ 10.32 ശതമാനവും ഇടിവുണ്ടായി. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രതികൂല കാലാവസ്ഥ കാപ്പി ഉൽപാദനത്തെ ബാധിച്ചിരുന്നു. കാപ്പി ഉൽപാദനം 2019-20 ൽ 2.98 ലക്ഷം ടണ്ണായി കുറഞ്ഞു. 2018-19 ൽ ഉൽപാദനം 3.19 ലക്ഷം ടണ്ണായിരുന്നു. കാപ്പി കയറ്റുമതി ഉയർന്നാൽ മാത്രമേ ആഭ്യന്തര മാർക്കറ്റിൽ ഉൽപന്നത്തിന് മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവു. 


ഉത്സവ വേളയിലെ ബമ്പർ വിൽപന മുന്നിൽ കണ്ട് മില്ലുകാർ വില ഉയർത്തി കൊപ്ര സംഭരണം ശക്തമാക്കി. ഗ്രാമീണ മേഖലകളിൽ ഇറങ്ങി വ്യവസായികൾ പച്ച തേങ്ങയും കൊപ്രയും വില ഉയർത്തിയാണ് ശേഖരിച്ചത്. ഇതിനിടയിൽ കേരളത്തിലും തമിഴ്‌നാട്ടിലും വെളിച്ചെണ്ണ വിലയും മുന്നേറി. നവരാത്രി ആഘോഷങ്ങൾ അടുത്തതിനാൽ വെളിച്ചെണ്ണ വിൽപന ഉയരും. പതിവ് പോലെ ഉത്സവ ദിനങ്ങളിൽ ഭക്ഷ്യയെണ്ണകൾക്ക് പ്രദേശിക ഡിമാന്റ് വർധിക്കും. കൊച്ചിയിൽ വെളിച്ചെണ്ണ 16,300 രൂപയിൽനിന്ന് 16,900 രൂപയായി. കൊപ്ര വില 445 രൂപ ഉയർന്ന് 11,345 രൂപ. പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പിന് ഉൽപാദകർ നീക്കം തുടങ്ങി. മൂത്ത് വിളഞ്ഞ നാളികേരം വിപണികളിലേയ്ക്ക് നീക്കി വിലക്കയറ്റത്തിന്റെ മാധുര്യം നുകരാനുള്ള ശ്രമത്തിലാണ് കർഷകർ.


റബർ കയറ്റുമതിക്ക് ഉത്സാഹം കാണിക്കാതെ വലിയൊരു വിഭാഗം രംഗത്തുനിന്ന് വിട്ടു നിൽക്കുകയാണെങ്കിലും ലാറ്റക്‌സ് കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു. മുൻ കാലങ്ങളിൽ ഷീറ്റ് കയറ്റുമതിക്ക് ഇറങ്ങി കൈപൊള്ളിയ അനുഭവമാണ് എക്‌സ്‌പോർട്ടർമാരെ പിൻതിരിപ്പിച്ചത്. അതേ സമയം ലാറ്റക്‌സ് കയറ്റുമതിയാവുമ്പോൾ ബാധ്യത കുറയും. ഷീറ്റാണെങ്കിൽ ഉണക്ക് കുറവും ഗ്രേഡ് നിലവാരവുമെല്ലാം സങ്കീർണമാണ്. കൊച്ചിയിൽ ലാറ്റാക്‌സ് 7600 രൂപയിലുമാണ്. വിദേശ വിപണികളിൽ നിന്ന് പുതിയ ഓർഡറുകൾ കൈപിടിയിൽ ഒതുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ള പലരും. 


കുരുമുളക് സംഭരണത്തിൽ നിന്ന് ഉത്തരേന്ത്യകാർ അൽപ്പം പിൻതിരിഞ്ഞത് ഉൽപന്ന വിലയെ ബാധിച്ചു. അന്തർസംസ്ഥാന ഇടപാടുകാർ സംഭരണം കുറച്ചതോടെ വാരത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് കുറഞ്ഞു. പിന്നിട്ട ഏതാനും ആഴ്ചകളിൽ മുന്നേറിയ മുളക് വിപണിയിൽ പെടുന്നയുണ്ടായ വില ഇടിവ് സ്റ്റോക്കിസ്റ്റുകളിൽ പിരിമുറുക്കമുളവാക്കി. 
അന്തരാഷ്ട്ര മാർക്കറ്റ് ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5000 ഡോളറാണ്. ശ്രീലങ്ക 3500 ഡോളറിനും ഇന്തോനേഷ്യൻ 2700 ഡോളറിനും ബ്രസീൽ ടണ്ണിന് 2650 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ആഭരണ വിപണികളിൽ തിരക്ക് അനുഭവപ്പെട്ടു. പവൻ 38,080 രൂപയിൽ നിന്ന് 36,800 ലേയ്ക്ക് പേയാവാരം ഇടിഞ്ഞു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1948 ഡോളറിൽനിന്ന് ഒരവസരത്തിൽ 1848 ഡോളർ വരെ താഴ്ന്ന ശേഷം ക്ലോസിംഗിൽ 1860 ഡോളറിലാണ്. 

Latest News