Sorry, you need to enable JavaScript to visit this website.

ഇന്ത്യ സ്റ്റാഗ്ഫ്‌ളേഷനിലേക്കെന്ന് സാമ്പത്തിക വിദഗ്ധർ

വിലക്കയറ്റത്തിന്റെ ഫലമായി ഉണ്ടായിരിക്കുന്ന നാണയപ്പെരുപ്പവും ഉൽപാദന മേഖലയിലെ നിശ്ചലാവസ്ഥയും ചേരുമ്പോഴുണ്ടാകുന്ന സ്റ്റാഗ്ഫ്‌ളേഷൻ എന്ന സാമ്പത്തിക പ്രതിഭാസത്തിലേക്കാണ് ഇന്ത്യാ രാജ്യം നീങ്ങുന്നതെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. വിലക്കയറ്റത്തോടൊപ്പം ഉൽപാദന രംഗം നിശ്ചലമാവുക കൂടി ചെയ്താൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. 70 കളുടെ മധ്യത്തിൽ എണ്ണവിലയിലുണ്ടായ വർധന പല സമ്പദ് വ്യവസ്ഥകളേയും സ്റ്റാഗ്ഫ്‌ളേഷന്റെ വഴിയിലെത്തിച്ചു.


കോവിഡ് 19 കാരണമുള്ള സാമ്പത്തിക പ്രതിസന്ധി പ്രധാന സാമ്പത്തിക ശക്തികളെ വിലക്കയറ്റത്തോടൊപ്പം ഉൽപാദന നിശ്ചലതയും ചേർന്നുണ്ടാക്കുന്ന ഞെട്ടിപ്പിക്കുന്ന അവസ്ഥയിലേക്കു നയിക്കുമോ എന്നാണ് വിദഗ്ധർ ഉറ്റുനോക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ ജി.ഡി.പി കണക്കുകൾ പുറത്തു വന്നതോടെയാണ് ഇന്ത്യയിൽ ഈ ചർച്ച സജീവമായത്. ഈ കാലയളവിൽ ഇന്ത്യൻ സമ്പദ്ഘടന 23.9 ശതമാനം ചുരുങ്ങുകയുണ്ടായി. ജി.ഡി.പിയുടെ പ്രധാന ചേരുവകളായ ഉപഭോഗ ഡിമാന്റും നിക്ഷേപ ഡിമാന്റും യഥാക്രമം 27, 47 ശതമാനം വീതം കുറഞ്ഞു. രണ്ടാം പാദത്തിലും സാമ്പത്തിക സ്ഥിതി പ്രതികൂല മേഖലയിൽ തന്നെ ആവാനാണിട. 


ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിൽ കണക്കാക്കപ്പെടുന്ന വിലക്കയറ്റ നിരക്ക് ഉയർന്ന പരിധിയായ 6 ശതമാനം തുടർച്ചയായ അഞ്ചാം മാസവും മറികടന്ന് 2020 ഓഗസ്റ്റിൽ 6.69 ശതമാനമായിരിക്കുന്നു. ഉയരുന്ന വിലക്കയറ്റ നിരക്കിനു പ്രധാന കാരണം ഭക്ഷ്യ സാധനങ്ങളുടെ വർധിക്കുന്ന വിലയാണ്. ഓഗസ്റ്റ് മാസം ഭക്ഷ്യ സാധനങ്ങൾക്ക് 9 ശതമാനമാണ് വില കൂടിയത്. ഭക്ഷ്യ വസ്തുക്കൾക്കും ഇന്ധനത്തിനുമുള്ള വില വർധന മാറ്റി നിർത്തിയാലും ആവശ്യം കുറഞ്ഞിട്ടും മറ്റു സാധനങ്ങൾക്ക് 5.4 ശതമാനം വില വർധിച്ചു. വർധിക്കുന്ന വിലക്കയറ്റ നിരക്കും ജി.ഡി.പിയുടെ സങ്കോചവും ചേർന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സ്റ്റാഗ്ഫ്‌ളേഷൻ ഭീതി ജനിപ്പിച്ചിരിക്കയാണ്. 


ഇതിന് ചില മറുവാദങ്ങളുമുണ്ട്. 2020 ഓഗസ്റ്റിൽ മൊത്ത വില സൂചിക 0.16 ശതമാനം വർധിക്കുന്നതിനു മുമ്പ് തുടർച്ചയായി നാലു മാസം പ്രതികൂല സ്ഥിതിയിലായിരുന്നു. 2020 ജനുവരിയിൽ ചില്ലറ വിലക്കയറ്റ നിരക്ക് 7.5 ശതമാനം എന്ന ഉയർന്ന നിലയിലായിരുന്നപ്പോൾ മൊത്ത വിലക്കയറ്റ നിരക്ക് 3.5 ശതമാനത്തിൽ തന്നെ നിലകൊണ്ടു. ഇപ്പോഴത്തെ സ്ഥിതിയിൽ ചില്ലറ വിൽപന രംഗത്തു മാത്രമാണ് വിലക്കയറ്റം ഉണ്ടായിട്ടുള്ളത്. മൊത്ത വിലയിൽ വർധന ഉണ്ടായിട്ടില്ല. ലോക്ഡൗൺ കാരണം വിതരണ രംഗത്തുണ്ടായ പ്രശ്‌നങ്ങളാവാം ചില്ലറ വിൽപന മേഖലയിലെ  വിലക്കയറ്റത്തിനു കാരണം. നിയന്ത്രണങ്ങളിൽ അയവു വരുന്നതോടെ വിലക്കയറ്റ നിരക്കിൽ കുറവു വന്നേക്കാം. എങ്കിലും പെരുകുന്ന കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന വെല്ലുവിളി അസാധാരണമാണെന്നതിനാൽ കടുത്ത പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 


ഓഗസ്റ്റ് മാസത്തിലുണ്ടായ കനത്ത മഴ വിതരണത്തെ ബാധിച്ചതും മൊത്ത, ചില്ലറ നിലവാരങ്ങളിൽ ഭക്ഷ്യ വില വർധിപ്പിക്കാനിടയാക്കിയിരിക്കാം. ഈ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടി എന്ന നിലയ്ക്ക് സർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്. ലോക്ഡൗൺ നിയന്ത്രണങ്ങളും കാലം തെറ്റിയുള്ള മഴയും വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ തടസം സൃഷ്ടിക്കുന്നുണ്ട്. റിസർവ് ബാങ്കിന്റെ നയപരമായ തീരുമാനം നിയന്ത്രിക്കുന്നത് വിലക്കയറ്റ നിരക്കാണു താനും. നമ്മുടെ സമ്പദ്ഘടന സ്റ്റാഗ്ഫ്‌ളേഷൻ പാതയിലെത്തി എന്നിപ്പോൾ പറയാൻ കഴിയില്ലെങ്കിലും വളർച്ചയും വിലക്കയറ്റവും ചേർന്നു സൃഷ്ടിക്കുന്ന പ്രഹേളിക രാജ്യത്ത് കൂടുതൽ മേൽക്കൈ നേടിക്കൊണ്ടിരിക്കയാണ്. 

Latest News