Sorry, you need to enable JavaScript to visit this website.

വിനയന്‍റെ വിലക്ക് നീക്കിയതിനെതിരായ ഹരജി സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി- ചലച്ചിത്ര സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്കയും ഫെഫ്ക യൂണിയനുകളും സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹരജി തള്ളി.  നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ വിനയന്റെ വിലക്ക് നീക്കുകയും സിനിമ രംഗത്തെ സംഘടനകള്‍ക്ക് പിഴ ഈടാക്കുകയും ചെയ്ത ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീംകോടതി തീരുമാനിച്ചു.

ട്രേഡ് യൂണിയനുകള്‍ക്ക് പിഴ ചുമത്താന്‍ കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരമില്ലെന്ന വാദം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി.

ഫെഫ്കയും, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്‍ എന്നീ സംഘടനകളും നല്‍കിയ ഹരജിയാണ് തള്ളിയത്.

 

ട്രേഡ് യൂണിയനുകള്‍ക്ക് പിഴ ചുമത്താന്‍ കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരമില്ലെന്ന വാദം ഇപ്പോള്‍ പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ അക്കാര്യം പരിശോധിയ്ക്കുന്നില്ല.

സംവിധായകന്‍ തുളസീദാസിന്റെ ചിത്രത്തില്‍ നിന്ന് നടന്‍ ദിലീപ് പിന്മാറിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ് വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടക്കം. തര്‍ക്കം രൂക്ഷമായതോടെ തന്റെ ചിത്രങ്ങളുമായി സഹകരിക്കുന്നതില്‍ നിന്ന് നടീനടന്മാരെയും സാങ്കേതിക വിദഗ്ധരെയും സംഘടനകള്‍ നിര്‍ബന്ധിച്ച് പിന്തിരിപ്പിച്ചെന്ന ആരോപണം ഉയര്‍ത്തി വിനയന്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

സുപ്രിംകോടതി കൂടി ഹരജി തള്ളിയതോടെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഒഫ് ഇന്ത്യ 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവ് സംഘടനകള്‍ക്ക് അനുസരിക്കേണ്ടി വരും.

താര സംഘടനയായ അമ്മയ്ക്ക് നാല് ലക്ഷം രൂപയും ഡയറക്ടേഴ്‌സിന്റെ സംഘടനയായ ഫെഫ്കയ്ക്ക് 81,000 രൂപയും പിഴ ചുമത്തിയിരുന്നു.

പിന്നീട് 2020 മാര്‍ച്ചിലാണ് ഈ പിഴ ശിക്ഷ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവെച്ചത്. തെളിവുകള്‍ പരിഗണിക്കാതെയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചതെന്ന വാദം സുപ്രീം കോടതി തള്ളി.

Latest News