Sorry, you need to enable JavaScript to visit this website.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രിയുടെ കുത്തിയിരിപ്പു സമരം

ചണ്ഡീഗഢ്- രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമങ്ങളായി മാറിയ മൂന്നു വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധവുമായി പഞ്ചാബ്് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഇന്ന് കുത്തിയിരിപ്പു സമരം നടത്തും. സ്വാതന്ത്ര്യസമര പോരാളി ശഹീദ് ഭഗത് സിങിന്റെ ഗ്രാമമായ ഖത്കര്‍ കലാനിലാണ് മുഖ്യമന്ത്രിയുടെ പ്രതിഷേധ സമരം. ഒരാഴ്ച മുമ്പ് പാര്‍ലമെന്റില്‍ വലിയ കോലാഹലങ്ങള്‍ക്കിടെ പാസാക്കിയ ബില്ലുകള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തേയും ആവശ്യത്തേയും നിരാകരിച്ചാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി റാംനാഥ് കോവിന്ദ് അംഗീകരിച്ചത്. 

ഈ കര്‍ഷക വിരുദ്ധ നിയമങ്ങളെ മറികടക്കാനും കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാന നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് നിയമ, കര്‍ഷക വിദഗ്ധരും ഈ നിയമം പ്രതികൂലമായി ബാധിക്കുന്ന എല്ലാവരുമായും കൂടിയാലോചനകള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

ഈ നിയമങ്ങള്‍ക്കെതിരെ പഞ്ചാബില്‍ ശക്തമായ കര്‍ഷക സമരമാണ് നടന്നു വരുന്നത്. കഴിഞ്ഞയാഴ്ച തുടങ്ങിയ ട്രെയ്ന്‍ തടയല്‍ സമരം തുടരുകയാണ്.
 

Latest News