Sorry, you need to enable JavaScript to visit this website.

തിരിച്ചടിക്കാത്ത വിജയ് പി. നായര്‍ ആണ്‍വര്‍ഗത്തിന് അപമാനമെന്ന് പി.സി. ജോര്‍ജ്

തിരുവനന്തപുരം- സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിലും  പോസ്റ്റ് ചെയ്ത ആളെ കരിഓയില്‍ ഒഴിച്ച സംഭവത്തിലും സമ്മിശ്ര പ്രതികരണം. ഒരടി പോലും തിരിച്ചു കൊടുക്കാന്‍ കഴിയാത്ത വിജയ് പി. നായര്‍ ആണ്‍വര്‍ഗത്തിന് അപമാനമാണെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ.

സംഭവത്തില്‍ സിറ്റി പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേഹോപദ്രവം ഏല്‍പിച്ച ശേഷം ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടുപോയതായി കാണിച്ച് വിജയ് പി. നായര്‍ നല്‍കിയ പരാതിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുകൂട്ടര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.  
സ്ത്രീകളെ അപമാനിച്ച് വിജയ് പി. നായര്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തതായി കാണിച്ച് ആക്ടിവിസ്റ്റ്  ശാസ്തമംഗലം സ്വദേശി ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയിലാണ് വിജയ് പി. നായര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.  ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ യുട്യൂബ് ചാനലിലെ വീഡിയോ സംബന്ധിച്ച് ചോദിക്കാന്‍ ചെന്ന തങ്ങളെ വിജയ് പി. നായര്‍ അപമാനിച്ചെന്ന് പരാതിയില്‍ പറയുന്നു. യുട്യൂബിലൂടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെയും മറ്റും ആക്ഷേപിച്ചതിന് പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടത്തിയില്ല. തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം വിജയ് പി. നായര്‍ താമസിക്കുന്ന ഗാന്ധാരി അമ്മന്‍ കോവിലിനു ലോഡ്ജിലെത്തി അയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച ശേഷം മര്‍ദിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും നടന്നിരുന്നു. മര്‍ദിക്കുന്ന രംഗം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.
യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ച് ഭാഗ്യലക്ഷ്മി സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഹൈടെക് സെല്‍ അന്വേഷണം നടത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെയും മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇതിനിടെ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തതിനെ എതിര്‍ത്ത് സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക്ക രംഗത്ത് എത്തി. സൈബര്‍ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതില്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ആണധികാരത്തിന്റേയും കപട സദാചാരവാദികളുടേയും സ്ഥിരം ഇരകളാണെന്നും ഫെഫ്കയുടെ പ്രസ്താവനയില്‍ പറഞ്ഞു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നാണ് വിജയ് പി. നായര്‍ പറഞ്ഞത്. തനിക്ക് പിഎച്ച്.ഡി ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇത് രണ്ടും വ്യാജമാണെന്ന് കണ്ടെത്തി. അശ്ലീല വീഡിയോകളില്‍ വിജയ് തന്റെ വ്യാജ ബിരുദവും രേഖപ്പെടുത്തിയിരുന്നു.
ഈ സംഭവങ്ങളില്‍ പോലീസിന് ലഭിച്ച പരാതിയുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് നിയമാനുസൃതം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കൂടുതല്‍ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി  പോലീസ് കമ്മീഷണര്‍ ഡോ. ദിവ്യ. വി. ഗോപിനാഥ് അറിയിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മന്ത്രി കെ.കെ. ശൈലജ, സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ എന്നിവര്‍ ഭാഗ്യലക്ഷ്മിയുടെ നടപടിയെ അനുകൂലിച്ച് രംഗത്തെത്തി.

 

Latest News