Sorry, you need to enable JavaScript to visit this website.

ചികിത്സാ നിഷേധം: മഞ്ചേരിയില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു

മഞ്ചേരി- അധികൃതരുടെ പിടിവാശിമൂലം മഞ്ചേരി മെഡിക്കല്‍ കോളേജില്‍നിന്ന് ചികിത്സ ലഭിക്കാതെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇന്നലെ രാത്രി അഡ്വ. എം. ഉമര്‍ എം.എല്‍.എ, ടി.വി. ഇബ്രാഹിം എം.എല്‍.എ, എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ റോഡ് ഉപരോധിച്ചു.

കോവിഡിന്റെ പേരില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം സാക്ഷര കേരളത്തിന് അപമാനമാണെന്നും ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം കാണണമെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എം.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. സംഭവത്തില്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെയും മെഡിക്കല്‍ കോളേജിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവം നടന്നത് യു.പിയിലല്ല. ആരോഗ്യ നേട്ടത്തിന്റെ മഹിമ പറഞ്ഞ് അഹങ്കരിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുള്ള നാട്ടിലാണെന്ന് ഓര്‍മ വേണമെന്നും നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ സംഗമത്തില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. അഡ്വ. എം. ഉമര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹിം എം.എല്‍.എ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി കെ.എം. ഫവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. വഹാബ്, കെ.എം. ഇസ്മാഈല്‍, യു. ബാസിത്ത് പാണ്ടിക്കാട്, എന്‍.കെ. അഫ്‌സല്‍, നവാഫ് കള്ളിയത്ത്, കണ്ണിയന്‍ അബൂബക്കര്‍, ഷൈജല്‍ ആമയൂര്‍, സജറുദ്ദീന്‍ മൊയ്തൂ, യാഷിഖ് തുറക്കല്‍, ബാവ കൊടക്കാടന്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, ടി.എം. നാസര്‍, സാദിഖ് കൂളമാടത്തില്‍, യൂസുഫ് വല്ലാഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു.

 

 

Latest News