ഇത് വാജ്‌പേയിയുടെ എന്‍.ഡി.എ അല്ല, രൂക്ഷ വിമര്‍ശവുമായി ഹര്‍സിമ്രത് കൗര്‍

അമൃത്‌സര്‍- കാര്‍ഷിക ബില്ലുകളുടെ പേരില്‍ എന്‍.ഡി.എ വിട്ട ശിരോമണി അകാലിദള്‍ മുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയി വിഭാവനം ചെയ്ത എന്‍.ഡി.എ അല്ല ഇപ്പോഴത്തേതെന്ന് അകാലിദള്‍ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആരോപിച്ചു. 
കേന്ദ്ര സര്‍ക്കാരിന്റെ ഉറച്ച നിലപാടില്‍ മാറ്റം വരുത്താന്‍ മൂന്ന് കോടിയോളം വരുന്ന പഞ്ചാബികളുടെ വേദനക്കും പ്രതിഷേധത്തിനും സാധിക്കുന്നില്ലെങ്കില്‍ ഇത് വാജ്പയിയും ബാദല്‍ സാഹിബും ചേര്‍ന്ന് രൂപം കൊടുത്ത എന്‍.ഡി.എ അല്ല. ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയെ മുന്നണി കേള്‍ക്കാന്‍ തയാറാകുന്നില്ല, രാജ്യത്തെ ഊട്ടുന്നവരുടെ അേപക്ഷകളോട് കണ്ണടക്കുന്നത് പഞ്ചാബിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് -അവര്‍ പറഞ്ഞു.
എന്‍.ഡി.എയില്‍നിന്ന് പുറത്തു പോകുന്ന മൂന്നാമത്തെ സഖ്യകക്ഷിയാണ് അകാലിദള്‍. നേരത്തെ തെലുഗുദേശം പാര്‍ട്ടി, ശിവസേന എന്നീ പാര്‍ട്ടികള്‍ മുന്നണി ബന്ധം ഉപേക്ഷിച്ചിരുന്നു.

Latest News