റിയാദ്- യെമനില്‍ ഔദ്യോഗിക ഗവണ്‍മെന്റും ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതരും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന് അയവു വന്നേക്കും. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ ഇരുപക്ഷവും യുദ്ധത്തടവുകാരെ വിട്ടയക്കാന്‍ ധാരണയായി. ഹൂത്തികള്‍ 400 തടവുകാരെയും ഗവണ്‍മെന്റ് പക്ഷം 681 ഹൂത്തികളെയും വിട്ടയക്കും. അമ്മാനില്‍ ഒരാഴ്ച മുമ്പ് തടവുകാരുടെ കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കുന്ന കമ്മിറ്റി യോഗം ചേര്‍ന്ന് കരാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു.
യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സഹോദരന്‍ ജനറല്‍ നാസര്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട നാല് പേര്‍ കരാര്‍ പ്രകാരം മോചിതരാകും. ഇരുവിഭാഗത്തോടും വളരെ വേഗം കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിക്കണമെന്ന് യു.എന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് ആവശ്യപ്പെട്ടു.