Sorry, you need to enable JavaScript to visit this website.

സി.എഫ് തോമസ്: മാണിയുടെ നിഴലും ശക്തിയും


കോട്ടയം -  നാലു പതിറ്റാണ്ടായി ചങ്ങനാശ്ശേരി മണ്ഡലത്തിന്റെ നിയമസഭയിലെ ശബ്ദമായിരുന്ന സി.എഫിന്റെ വിടവാങ്ങലോടെ കേരള രാഷ്ട്രീയത്തിലെ ഒരു ചരിത്രത്തിന്റെ തിരശ്ശീല വീഴുകയാണ്. എന്നും കെ.എം. മാണിയുടെ നിഴലായിരുന്ന സി.എഫ് തോമസ് തന്റെ രാഷ്ട്രീയ ആചാര്യൻ വിട ചൊല്ലി  18 മാസങ്ങൾക്കു ശേഷം  അരങ്ങൊഴിഞ്ഞു. കെ.എം. മാണിയുടെ വിയോഗത്തെ തുടർന്ന് കേരള കോൺഗ്രസ് എമ്മിൽ ഉടലെടുത്ത ഭിന്നതയിൽ ജോസഫ് വിഭാഗത്തോട് അനുഭാവം കാട്ടിയെങ്കിലും നിയമസഭയിൽ നടന്ന ബലപരീക്ഷണത്തിൽ സി.എഫ് പങ്കെടുത്തില്ല. കടുത്ത അനാരോഗ്യത്തെ തുടർന്നാണ് സി.എഫ് വിട്ടു നിന്നത്.


ചങ്ങനാശ്ശേരിയിലെ സ്‌കൂൾ അധ്യാപകനായിരുന്ന സി.എഫ് തോമസിന്റെ രാഷ്ട്രീയ ജീവിതം കരുപിടിപ്പിച്ചത് കെ.എം മാണിയാണ്. കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാനായി ഏറെ നാൾ അദ്ദേഹം തന്റെ മാണിസാറിന്റെ മനസ്സും മനഃസാക്ഷിയുമായി പ്രവർത്തിച്ചു. റെക്കോർഡുകളുടെ തോഴനായിരുന്ന കെ.എം മാണിയുമായി ഇഴപിരിയാത്ത ബന്ധമുണ്ടായിരുന്ന സിഎഫ് നാലു പതിറ്റാണ്ട് ചങ്ങനാശ്ശേരിയെ നിയമസഭയിൽ പ്രതിനിധീകരിച്ച ശേഷമാണ് യാത്രയാകുന്നത്. അതും ജനകീയ കോടതിയിൽ തോൽവിയറിയാത്ത കേരളത്തിലെ രാഷ്ട്രീയ നേതാവായി. 1964 ൽ കേരള കോൺഗ്രസ് രൂപീകൃതമാകുമ്പോൾ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. കേരള കോൺഗ്രസിന്റെ പിളർപ്പുകളിലെല്ലാം കെ.എം.മാണിക്ക് ഉറച്ച പിന്തുണ നൽകി. എന്നാൽ കെ.എം. മാണിയുടെ നിര്യാണത്തോടെ ജോസഫ് പക്ഷത്തേക്ക് മെല്ലെ നീങ്ങി. ജനാധിപത്യ ചേരിയോട് പ്രത്യേകിച്ച് കോൺഗ്രസ് നയിക്കുന്ന മുന്നണി സംവിധാനത്തിൽനിന്നും വേറിട്ടു ചിന്തിക്കാൻ സി.എഫിന് കഴിയുമായിരുന്നില്ല. 


സി.എഫ് തോമസിനെ മാറ്റി ചങ്ങനാശ്ശേരിയിൽ മത്സരിക്കാൻ 2001 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ അവകാശ വാദം ഉയർന്നുവെങ്കിലും നടപ്പായില്ല.  തെരഞ്ഞെടുപ്പു വേളയിൽ  പോസ്റ്ററുകൾ നിരന്നു. എന്നാൽ സി.എഫ് കുലുങ്ങിയില്ല.  വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് സിഎഫ് പ്രതികരിച്ചത്. റെക്കോർഡ് ഭൂരിപക്ഷത്തോടെ സി.എഫ് വീണ്ടും നിയമസഭയിൽ എത്തി. 13,041 വോട്ടിന്റെ ഭൂരിപക്ഷം.


സി.എഫ് സാറാണ് ചങ്ങനാശ്ശേരിക്കാർക്ക് എം.എൽ.എ. ലാളിത്യം, വിനയം ഇവ മുഖമുദ്രയാക്കിയ എം.എൽ.എ. നായർ സർവീസ് സൊസൈറ്റിയുടെയും കത്തോലിക്കാ സഭയിലെ പ്രബല അതിരൂപതയായ ചങ്ങനാശ്ശേരി രൂപതയുടെയും ആസ്ഥാനത്തെ ഇടറാത്ത വിജയം സി.എഫ് എന്ന രാഷ്ട്രീയ നേതാവിന്റെ ഉലയാത്ത വ്യക്തിപ്രഭാവത്തിന്റെ പ്രതിഫലനമായി മാറി. ആഴത്തിലോടിയ വ്യക്തി ബന്ധങ്ങൾ സി.എഫിനെ എന്നും തുണച്ചു. അധികാരത്തിന്റെ ആഡംബരങ്ങളോട് അകന്നു നിന്ന സി.എഫ് എന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കേട്ടു. തിരുവനന്തപുരത്തേക്കുളള യാത്രകളിൽ അധികവും തീവണ്ടിയിലായിരുന്നു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് ബാഗും തൂക്കിയുളള സി.എഫിന്റെ വരവ് പ്രദേശവാസികളുടെ മനസ്സിലെ മായാത്ത ചിത്രമാണ്. തീവണ്ടി സമയമല്ലെങ്കിൽ എം.എൽ.എ ബസ് സ്റ്റാന്റിലുണ്ടാവും. 


കേരള കോൺഗ്രസ് എമ്മിന്റെ കോട്ടയത്തെ പാർട്ടി ഓഫീസ് സി.എഫ് തോമസ് എന്ന ചെയർമാന്റെ മുഴങ്ങുന്ന ശബ്ദം ഏറെ നാൾ മാറ്റൊലിക്കൊണ്ടു. 2001 ലെ യു.ഡി.എഫ് മന്ത്രിസഭയിൽ പാർട്ടി ലീഡറായ കെ.എം മാണി രണ്ടാം മന്ത്രിയായി തെരഞ്ഞെടുത്തത് സി.എഫിനെയാണ്.  പാർട്ടി പിളരുമ്പോഴും വിവാദങ്ങളിൽ ഉലയുമ്പോഴും തികഞ്ഞ സൗമ്യതയോടെയാണ് സി.എഫ് നേരിട്ടത്. പാലായിലെ കെ.എം മാണിയുടെ കരിങ്ങോഴയ്ക്കൽ വസതിയിലെ രാഷ്ട്രീയ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സി.എഫ് തോമസ്. സൗമ്യത മുഖമുദ്രയാക്കിയ ഗുരുനാഥനാണ് സി.എഫ് തോമസ് എന്നാണ് ജോസ് കെ. മാണി എം.പി അനുസ്മരിച്ചത്. 


രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വത്തിനുടമയായിരുന്ന സി.എഫ് തോമസ് എം.എൽ.എയുടെ വേർപാട് കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുശോചിച്ചു സൗമ്യതയുടെയും  ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും പ്രതീകമായിരുന്നു അദ്ദേഹം. നിയമസഭയിൽ ദീർഘനാൾ ഒപ്പം ഉണ്ടായിരുന്ന സമയത്ത് രാഷ്ട്രീയത്തിൽ അദ്ദേഹം പുലർത്തിയിരുന്ന ആത്മാർത്ഥത നേരിട്ട് മനസ്സിലാക്കാൻ  ഒട്ടേറെ അവസരങ്ങളുണ്ടായിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ  നാട് എന്നും സ്മരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.


ചങ്ങനാശ്ശേരി ചെന്നിക്കരയിൽ സി.എഫ്. തോമസ് എന്ന അധ്യാപകൻ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1964 മുതൽ കേരളാ കോൺഗ്രസിൽ. ഏറെ നാൾ പാർട്ടി ചെയർമാൻ സ്ഥാനം വഹിച്ചു. പിന്നീട് കെ.എം. മാണി ചെയർമാൻ പദം ഏറ്റെടുത്തതോടെ ഡെപ്യൂട്ടി ചെയർമാനായി. 1980 മുതൽ ചങ്ങനാശ്ശേരിയുടെ പ്രതിനിധിയാണ് 2001 ലെ യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായി. തുടർച്ചയായി 9 തവണ ചങ്ങനാശ്ശേരി എം.എൽ.എയായി. 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016 വർഷങ്ങളിൽ വിജയിച്ചു. 

 

Latest News