Sorry, you need to enable JavaScript to visit this website.

മന്ത്രിപുത്രനൊപ്പമുള്ള ചിത്രം ദുബായിലെ ആഡംബര ഹോട്ടലിലേതെന്ന്  സ്വപ്ന

കൊച്ചി- ആഡംബര ഹോട്ടലില്‍ മന്ത്രിയുടെ മകനൊപ്പമുള്ള തന്റെ ചിത്രം കൃത്രിമം അല്ലെന്നും അത് ദുബായിലെ ആഡംബര ഹോട്ടലില്‍ വച്ച് എടുത്തതാണെന്നും സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനൊപ്പം എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.
മന്ത്രിപുത്രനടക്കമുള്ളവര്‍ ഹോട്ടലില്‍ തന്നെയുണ്ടന്നറിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതാണെന്നും സ്വപ്‌ന വിശദീകരിച്ചു.ദുബായിലെ ആഡംബര ഹോട്ടലില്‍ വെച്ച് യാദൃശ്ചികമായാണ് കൂടിക്കാഴ്ച്ച സംഭവിച്ചത് എന്നാണ് സ്വപ്നയുടെ വാദം . സൗഹൃദ കൂട്ടായ്മക്കിടെയുള്ള ദൃശ്യം പകര്‍ത്തുമ്പോള്‍ സ്വര്‍ണക്കടത്തുകേസിലെ കൂട്ടുപ്രതികളായ സരിത്തും സന്ദീപ് നായരും മന്ത്രിപുത്രനും ഒപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മന്ത്രിപുത്രനെ കണ്ടത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമല്ല. എന്നാല്‍ പുറത്തുവന്ന ചിത്രം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രമായിരുന്നു.
ചിത്രം മോര്‍ഫ് ചെയ്തതാണെന്നായിരുന്നു നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചത്.'നിങ്ങള്‍ ഇങ്ങനെ ഓരോ കഥകളുണ്ടാക്കി, ഫോട്ടോകളുണ്ടാക്കി മോര്‍ഫിംഗ് നടത്തി പ്രചരിപ്പിക്കുകയാണ്. നിങ്ങള്‍ തന്നെ ഫോട്ടോയുമുണ്ടാക്കും, നിങ്ങള്‍ തന്നെ ചോദ്യവും ചോദിക്കും. മുഖ്യമന്ത്രിയുടെ അടുത്ത് സ്വപ്‌ന ഇങ്ങനെ നില്‍ക്കുന്ന മോര്‍ഫിംഗ് നിങ്ങള്‍ ഉണ്ടാക്കിയില്ലേ? ഇതില്‍ ഏത് മോര്‍ഫിംഗാണ് ഇപ്പോള്‍ വിശ്വസിക്കാന്‍ പറ്റുക? മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിന് സ്വപ്‌ന പങ്കെടുക്കുന്ന മോര്‍ഫിംഗ് ചിത്രം കണ്ടില്ലേ? ഇങ്ങനെ എന്തെല്ലാം മോര്‍ഫിംഗ് ചിത്രങ്ങളുണ്ടാക്കി നിങ്ങള്‍ ഇവിടെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു. ഇതൊക്കെ ആളുകള്‍ വിശ്വസിക്കുമെന്നാണോ ? ആര്‍ക്കെതിരെയാണ് ഇത്തരം മോര്‍ഫിംഗ് ചിത്രങ്ങള്‍ ഇങ്ങനെ ഉണ്ടാക്കി കൂടാത്തത്' എന്നായിരുന്നു മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടിയേരിയുടെ മറുപടി.
മന്ത്രി പുത്രനൊപ്പമുള്ള സ്വപ്നയുടെ ചിത്രം ബിനീഷ് കോടിയേരി വഴിയാണ് പുറത്തെത്തിയതെന്ന്  ആരോപണം ഉയര്‍ന്നിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരില്‍ മന്ത്രിയുടെ മകനും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു നേരത്തെ സൂചന ലഭിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചത്. ലൈഫ് മിഷന്‍ ഇടപാടില്‍ കമ്മിഷനായി 4 കോടി രൂപ കൈമറിഞ്ഞതില്‍ പ്രമുഖ പങ്ക് മന്ത്രിപുത്രനു ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. മന്ത്രി ദുബായില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്‍പായിരുന്നത്രെ ഈ ഇടപാട്.
 

Latest News