ഓണ്‍ലൈന്‍ വാദം കേള്‍ക്കലിനിടെ തുപ്പിയ ഹര്‍ജിക്കാരന് ഗുജറാത്ത് ഹൈക്കോടതി പിഴയിട്ടു

അഹ്മദാബാദ്- വിഡിയോ കോണ്‍ഫറന്‍ മുഖേന വാദംകേള്‍ക്കല്‍ നടപടികള്‍ പുരോഗമിക്കവെ പരസ്യമായി തുപ്പിയ ഹര്‍ജിക്കാരന് ഗുജറാത്ത് ഹൈക്കോടതി 500 രൂപ പിഴയിട്ടു. ഈ തുക അടയ്ക്കാതെ ഹര്‍ജി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജെസാര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവെ സെപ്തംബര്‍ 23നാണ് സംഭവം. ഹര്‍ജിക്കാരില്‍ ഒരാളായ അജിത് ഗോഹില്‍ പരസ്യമായി കോടതി മുമ്പാകെ തുപ്പുന്നത് വിഡിയോ സ്‌ക്രീനില്‍ ജഡ്ജി കണ്ടു. ഇതില്‍ അതൃപ്തി അറിയിച്ച് മോശം പെരുമാറ്റത്തിന് ജസ്റ്റിസ് എഎസ് സുപേഹിയ പിഴ വിധിക്കുകയായിരുന്നു. അതോടെ ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തു. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബര്‍ ഏഴിനു മുമ്പായി പിഴയടക്കാനാണ് വിധിച്ചിരിക്കുന്നത്. 

ഈ സംഭവത്തിനു തൊട്ടടുത്ത ദിവസം, വെര്‍ച്വല്‍ കോടതി നടപടികള്‍ പുരോഗമിക്കവെ കാറിലിരുന്ന പുകവലിച്ചതിന് ഒരു അഭിഭാഷകന് 10,000 രൂപയും ജസ്റ്റിസ് സുപേഹിയ പിഴ വിധിച്ചിരുന്നു.
 

Latest News