Sorry, you need to enable JavaScript to visit this website.

ബ്രാഹ്മണിസത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട ദളിത് അഭിഭാഷകനെ കൊന്നു

മുംബൈ- ബ്രാഹ്മണിസത്തെ വിമര്‍ശിച്ച ദളിത് അഭിഭാഷകനെ ബ്രാഹ്മണ യുവാവ് കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലെ റപര്‍ സ്വദേശിയായ ദേവ്ജി മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. പ്രതി ഇതേനാട്ടുകാരനായ ഭരത് റാവലിനെ മുംബൈയിലെ മലാഡില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഓള്‍ ഇന്ത്യ ബാക്ക്‌വേഡ് ആന്റ് മൈനോരിറ്റി കമ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍, ഇന്ത്യന്‍ ലീഗല്‍ പ്രൊഫഷണല്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളിലെ സജീവ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ദേവ്ജി. ഫേസ്ബുക്കില്‍ ബ്രാഹ്മണിസത്തെ വിമര്‍ശിച്ച് ദേവ്ജി പോസ്റ്റിടുന്നതിനെ ചൊല്ലി നാട്ടുകാരനായ ഭരത് ആഴ്ചകളായി തര്‍ക്കിച്ചു വരികയായിരുന്നു. ഇത്തരം പോസ്റ്റുകള്‍ പരസ്യമായി എഴുതുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രതി ദേവജിയോട് ആവശ്യപ്പെട്ടിരുന്നു. വിമര്‍ശനത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് മറുപടിയും നല്‍കിയിരുന്നതായി ക്രൈം ബ്രാഞ്ച് പറഞ്ഞു. ഒരു തവണ ഓഫീസിലെത്തിയും ഭരത് ദേവ്ജിയെ ഭീഷണിപ്പെടുത്തി. 

പട്ടിക വിഭാഗക്കാരും മറ്റു പിന്നാക്ക വിഭാഗക്കാരും ഹന്ദുക്കളല്ല എന്ന, ഓള്‍ ഇന്ത്യ ബാക്ക്‌വേഡ് ആന്റ് മൈനോരിറ്റി കമ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് വാമന്‍ മേശ്രാമിന്റെ പ്രസംഗത്തിന്റെ വിഡിയോ ആണ് ദേവ്ജി അവസാനമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റുകള്‍ക്ക് പ്രതികാരം ചെയ്യാനായി ഭരത് ബുധനാഴ്ച ഗുജറാത്തിലെ റാപറിലേക്കു പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ ഓഫീസിലെത്തിയ ദേവ്ജിയെ മറ്റൊരാള്‍ പിന്തുടര്‍ന്ന് എത്തുന്നതും അല്‍പ്പ സമയത്തിനു ശേഷം ഓഫീസില്‍ നിന്ന് ഇയാള്‍ ഇറങ്ങി ഓടുന്നതും സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതു പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം മുംബൈയിലെ മലാഡിലെത്തിയ പ്രതിയെ ശനിയാഴ്ചയാണ് ജോലി ചെയ്യുന്ന ഷോപ്പില്‍ നിന്ന് പിടികൂടിയത്. ഭരതിനെ കസ്റ്റഡിയിലെടുക്കാന്‍ ഗുജറാത്തില്‍ നിന്നുള്ള പോലീസ് സംഘവും മുംബൈയില്‍ എത്തി. 

ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒമ്പതു പേര്‍ പ്രതികളാണ്. ഇവരില്‍ ഭരത് ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണ്. കൊലപാതകത്തെ തുടര്‍ന്ന് ദളിത് സംഘടനകളും ദേവ്ജിയുടെ ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. കേസിലെ ഒമ്പതു പ്രതികളേയും അറസ്റ്റ് ചെയ്യുന്നതുവരെ ദേവ്ജിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം വ്യക്തമാക്കി. മൃതദേഹം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകാണ്. കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ബഹുജരന്‍ മുക്തി പാര്‍ട്ടി ദേശീയ പ്രസിഡന്റ് വി എല്‍ മതാങ് പ്രധാനമന്ത്രിക്ക് കത്തെഴുതി.
 

Latest News