ഒഡിഷയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റേഡിയോ ക്ലാസുകള്‍

ഭുവനേശ്വര്‍- കോവിഡ് വ്യാപനം കാരണം അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മാസങ്ങളായി ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്തി വരുമ്പോള്‍ ഒഡിഷ സര്‍ക്കാര്‍ റേഡിയോ ക്ലാസുകള്‍ തുടങ്ങുന്നു. റേഡിയോ പാഠശാല എന്ന പേരിലുള്ള പ്രത്യേക റേഡിയോ പരിപാടിയില്‍ സംസ്ഥാനത്തെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠങ്ങള്‍ സംപ്രേക്ഷണം ചെയ്യും. തിങ്കളാഴ്ച മുതല്‍ റേഡിയോ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഒഡിഷ സ്‌കൂള്‍ എജുക്കേഷന്‍ പ്രോഗ്രാം അതോരിറ്റി അറിയിച്ചു. എല്ലാ ആഴ്ചയും തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ 10.15 വരെയാണ് പ്രത്യേക വിദ്യാഭ്യാസ പരിപാടി. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തുടര്‍ച്ച നഷ്ടപ്പെടാതിരിക്കാനാണ് ഈ പദ്ധതി. ഇതു സംബന്ധിച്ച അറിയിപ്പ് എല്ലാ സ്‌കൂളുകള്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ അധികാരികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യാ റേഡിയോയുടെ എല്ലാ സ്‌റ്റേഷനുകളിലും ഈ പരിപാടി സംപ്രേക്ഷണം ചെയ്യും. ഈ ക്ലാസുകള്‍ ദിക്ഷ പ്ലാറ്റ്‌ഫോമിലും അപ്ലോഡ് ചെയ്യുമെന്നും സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഭുപേന്ദ്ര എസ് പൂനിയ പറഞ്ഞു.
 

Latest News