മയക്കുമരുന്ന് കേസ്: ദീപിക പദുക്കോണിന്റേയും സാറയുടേയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

മുംബൈ- ബോളിവുഡ് താരങ്ങള്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം അന്വേഷിക്കുന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുന്‍നിര താരങ്ങളായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, രകുല്‍ പ്രീത് സിങ് എന്നിവരുടേത് അടക്കം പലരുടേയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇവരെ കഴിഞ്ഞ ദിവസം എന്‍സിബി ചോദ്യം ചെയ്തിരുന്നു. ദീപികയെ ശനിയാഴ്ച ആറു മണിക്കൂറാണ് ചോദ്യം ചെയ്തത്. നടി ശ്രദ്ധ കപൂറിനേയും ചോദ്യം ചെയ്തിരുന്നു. ടാലന്റ് മാനേജര്‍ ജയ ഷാ, ഫാഷന്‍ ഡിസൈനര്‍ സിമോനി ഖംബട്ട എന്നിവരുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായവരുടെ ഫോണ്‍ ചാറ്റുകള്‍ വീണ്ടെടുത്താണ് അന്വേഷണം പുരോഗമി്ക്കുന്നത്. ഇതില്‍ നിന്നും മയക്കമരുന്നു ദുരുപയോഗം സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ല. നടന്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കാമുകി റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് ഈ അന്വേഷമം എന്‍സിബി ഏറ്റെടുക്കുകയായിരുന്നു.
 

Latest News