ഫേസ് ബുക്കില്‍ ചങ്ങാത്തം കൂടി യുവതിയെ ബലാത്സംഗം ചെയ്തു

ഭോപ്പാല്‍- ഉത്തര്‍പ്രദേശ് സ്വദേശിനിയായ 22 കാരിയെ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍
രണ്ട് റെയില്‍വേ ജീവനക്കാര്‍ ബലാത്സംഗം ചെയ്തു. ഭോപ്പാല്‍ മെയിന്‍ സ്‌റ്റേഷനിലെ ജീവനക്കാരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.

ഭോപ്പാല്‍ റെയില്‍വേ ഡിവിഷനില്‍  ദുരന്തനിവാരണ ചുമതലയുള്ള സുരക്ഷാ ഉപദേഷ്ടാവായ രാജേഷ് തിവാരിയാണ് (45 ) പ്രധാനപ്രതിയെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. മറ്റൊരു റെയില്‍വേ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫേസ്ബുക്കില്‍ ചങ്ങാത്തം കൂടിയ തിവാരി തനിക്ക് ജോലി  വാഗ്ദാനം നല്‍കിയാണ് ഭോപ്പാലിലേക്ക് ക്ഷണിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ഭോപ്പാല്‍ മെയിന്‍ സ്‌റ്റേഷനിലെത്തിയെ യുവതിയെ വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ കെട്ടിടത്തിലെ ഒന്നാം നിലയിലെ മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് തിവാരിയും  റെയില്‍വേ ജീവനക്കാരനായ സുഹൃത്തും മയക്കുമരുന്ന് അടങ്ങിയ പാനീയം നല്‍കിയ ശേഷമാണ് ബലാത്സംഗം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.  

ബോധം തിരിച്ചുകിട്ടിയ ശേഷം റെയില്‍വേ പോലീസിനെ സമീപിച്ച് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കുകയായിരുന്നു. ബലാത്സംഗത്തിന് കേസെടുത്ത പോലീസ് തിവാരിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു.

മറ്റൊരു റെയില്‍വേ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും യുവതി തിരിച്ചറിഞ്ഞാല്‍ ഇയാളേയും അറസ്റ്റ് ചെയ്യുമെന്നും  പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News