Sorry, you need to enable JavaScript to visit this website.

കോവിഡ് സെന്ററില്‍നിന്ന് രക്ഷപ്പെട്ട പീഡനക്കേസ് പ്രതി പിടിയില്‍

കോഴിക്കോട് - ഈസ്റ്റ്ഹില്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയവെ രക്ഷപ്പെട്ട കൊടും കുറ്റവാളി മുജീബ് റഹ്്മാന്‍ പോലീസ് പിടിയില്‍. മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ഈ മാസം 20ന് രാത്രി തടവുചാടിയ ഇയാളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു.
നിരവധി വാഹനമോഷണ കേസുകളിലും ലഹരി കടത്തു കേസുകളിലും മുക്കത്തെ മുത്തേരിയില്‍ 65 വയസ്സുള്ള വയോധികയെ പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണം കവര്‍ന്ന കേസിലെയും പ്രതിയാണ് മുജീബ് റഹ്്മാന്‍.
പുതിയങ്ങാടിയിലെ റെയില്‍വേ ലൈനിനടുത്ത് നിന്ന് ഒരു ബുള്ളറ്റ് മോഷണം പോയതറിഞ്ഞ അന്വഷണ സംഘം സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മുജീബ് റഹ്്മനാണ് പ്രതിയെന്ന് തിരിച്ചറിയുകയും ചെയ്തു. പഴയ കൂട്ടുപ്രതികള നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
 ഇയാളുടെ ഭാര്യ ഭക്ഷണ പൊതികളുമായി പുറത്ത് പോയിട്ടുണ്ട് എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി നടത്തിയ അന്വേഷണത്തില്‍ കതിരൂരിലുള്ള കുന്നിന്‍ മുകളിലെ  രഹസ്യ സങ്കേതത്തിലാണ് കഴിയുന്നതെന്ന് മനസ്സിലായി. അന്വേഷണ സംഘം രാത്രി രണ്ടു മണിയോടെ സ്ഥലത്ത് എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ  കാട്ടില്‍ പിന്തുടര്‍ന്നാണ് സാഹസികമായി പിടികൂടിയത്. വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Latest News