Sorry, you need to enable JavaScript to visit this website.

ദിവസങ്ങള്‍ക്കു മുമ്പ് സ്ഥാനമൊഴിഞ്ഞ ബിഹാര്‍ ഡിജിപി നിതീഷിനെ കണ്ടു; ജെഡിയുവില്‍ ചേര്‍ന്നേക്കും

പട്‌ന- മൂന്നു ദിവസം മുമ്പ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച ബിഹാര്‍ മുന്‍ പോലീസ് മേധാവി ഗുപ്‌തേശ്വര്‍ പാണ്ഡെ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി ഓഫീസില്‍ അര മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. ഇതോടെ പാണ്ഡെ ജെഡിയുവില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായി. യോഗം കഴിഞ്ഞു പുറത്തിറങ്ങിയ പാണ്ഡെ ഈ അഭ്യൂഹം തള്ളിയിട്ടുണ്ട്. ജോലി ചെയ്യാന്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതിന് നന്ദി പറയാനാണ് മുഖ്യമന്ത്രി നിതീഷ്് കുമാറിനെ കണ്ടത്. തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടോ പാര്‍ട്ടിയില്‍ ചേരുന്നതിനെ സംബന്ധിച്ചോ സംസാരിച്ചിട്ടില്ലെന്ന് പാണ്ഡെ പറഞ്ഞു.

അതേസമയം പാണ്ഡെ വൈകാതെ പാര്‍ട്ടിയില്‍ ചേരുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈയിടെ സര്‍വീസില്‍ നിന്ന് വിരമിച്ച ഡിജിപി റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ സുനില്‍ കുമാര്‍ ജെഡിയുവില്‍ ചേര്‍ന്നിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ചാലും പൊതുസേവന രംഗത്ത് ഉണ്ടാകുമെന്ന് നേരത്തെ പാണ്ഡെ വ്യക്തമാക്കിയിരുന്നു.

പാണ്ഡെയുടെ നീക്കത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 'നടന്‍ സുശാന്ത് സിങിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് സമ്മര്‍ദ്ദം ചെലുത്തിയ ബിഹാര്‍ ഡിജിപി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയാകുകയാണ്. മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ബിജെപിയുമായും പ്രധാനമന്ത്രി മോഡിയുമായും വളരെ അടുപ്പമുള്ളവരാണെന്നും കേള്‍ക്കുന്നുണ്ട്,' കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൗധരി ട്വീറ്റ് ചെയ്തു.
 

Latest News