Sorry, you need to enable JavaScript to visit this website.
Thursday , October   29, 2020
Thursday , October   29, 2020

നിലച്ചത് ഇതിഹാസനാദം

ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയമായിരുന്നു എസ് പി ബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന എസ് പി ബാലസുബ്രഹ്മണ്യം. സംഗീതപ്രേമികൾ സ്‌നേഹത്തോടെ എസ്പിബി എന്ന് വിളിക്കുന്നത് കേൾക്കാൻ ഇനി ആ മഹാ പ്രതിഭ ഇല്ല.  ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച് ഗിന്നസ് റെക്കോഡിൽ ഇടം നേടിയ പ്രതിഭയാണ് വിട പറഞ്ഞ എസ്പി ബാലസുബ്രമണ്യം. പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ ആസ്വാദകരെ അനുഭൂതിയുടെ മറുകരയിലെത്തിച്ച നാദ സൗകുമാര്യം.
അദ്ദേഹം നേടിയ  ഏറ്റവും വലിയ പുരസ്‌കാരം എല്ലാ ഭാഷകളിലുമുള്ള ആരാധകരുടെ സ്‌നേഹമായിരുന്നു. അതേ, എസ് പി ബി എന്ന മൂന്നക്ഷരത്തോട് സംഗീതാസ്വാദകർക്ക് എന്നും എപ്പോഴും പ്രിയമാണ്. അത് എത്ര കാലം കഴിഞ്ഞാലും മറഞ്ഞു പോവുകയുമില്ല.


തെലുങ്ക് സിനിമയിലെ ഇതിഹാസ സംഗീതജ്ഞനായ ശ്രീപതി കോദണ്ഡപാണിയാണ് എസ്പിബിയെ സിനിമാ ഗാനലോകത്തേക്ക് എത്തിക്കുന്നത്. എസ്പിബിയുടെ ബന്ധുവും കൂടിയായിരുന്നു അദ്ദേഹം. എന്നാൽ ഇത് കോദണ്ഡപാണി അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണയിലാണ് എസ്പി ആദ്യ ഗാനം പാടുന്നത്. അതും  പി സുശീല, പിബി ശ്രീനിവാസ് എന്നിവർക്കൊപ്പം.  പിന്നീട് കോദണ്ഡപാണിയോടുള്ള ആദരസൂചകമായി  തന്റെ നിർമാണ കമ്പനിക്ക് അദ്ദേഹത്തിന്റെ പേര് നൽകുകയും ചെയ്തു. മലയാള സിനിമയിലും അദ്ദേഹം പാടിയിരുന്നു. 1969 ൽ പുറത്തിറങ്ങിയ കടൽപാലം എന്ന ചിത്രത്തിൽ വയലാർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഈ കടലും മറുകടലും എന്ന ഗാനമാണ് എസ്പിബി പാടിയത്. ഇത് മലയാളത്തിൽ വൻ ഹിറ്റായിരുന്നു. എആർ റഹ്മാന്റെ പിതാവ് ആർകെ ശേഖറിന്റെ സംഗീതത്തിലും അദ്ദേഹം മലയാളത്തിൽ പാടിയിരുന്നു. മലയാളത്തിൽ അവസാനമായി കിണർ എന്ന ചിത്രത്തിനാണ് പാടിയത്. യേശുദാസുമൊത്തായിരുന്നു പാട്ട്. എം ജയചന്ദ്രനായിരുന്നു സംഗീതം.  എസ്പിയുടെ യഥാർത്ഥ കഴിവ് സംഗീത ലോകം അറിയുന്നത് ശങ്കരാഭരണത്തിലൂടെയാണ്. കെ വിശ്വനാഥ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ശങ്കരാ നാദ ശരീരാ എന്ന  ഗാനം വലിയ തരംഗമായിരുന്നു. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത എസ്പിയുടെ ഗാനം പണ്ഡിതൻമാരെ പോലും വിസ്മയിപ്പിച്ചു. എസ്പിയുടെ കരിയറിൽ വഴിത്തിരിവായതും ഈ ഗാനമാണ്. ചിത്രത്തിലെ ഓംകാരനാദനു എന്ന  ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരവും എസ്പിയെ തേടിയെത്തി. സാധാരണക്കാരന്റെ വേദനകളും പ്രണയവും വിരഹവും പ്രകടിപ്പിച്ച ഗാനങ്ങളാണ് എസ്പിയുടെ തമിഴ് പാട്ടുകളിൽ ഏറെയും.  മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്‌ക്കൊപ്പം ഏറ്റവുമധികം പാട്ടുകൾ ആലപിച്ച ഗായകനെന്ന പേരും എസ്പിബിക്കുണ്ട്. ദക്ഷിണേന്ത്യയുടെ സ്വര ജോഡികളായാണ് എസ്പിയും ചിത്രയും അറിയപ്പെട്ടിരുന്നത്. 


പാട്ടുകാരനായും നടനായും ഡബ്ബിങ് ആർട്ടിസ്റ്റായുമെല്ലാം തിളങ്ങിയ എസ്പിബിയെ കൂടുതൽ ജനപ്രിയനാക്കിയത് അദ്ദേഹത്തിന്റെ ലാളിത്യമാണ്. ഏതൊരാളോടും ഒരുപാട് കാലത്തെ സൗഹൃദമുണ്ടെന്ന തോന്നൽ വരും ആ ഇടപെടലിന്. തന്നെ ബാലു എന്ന് വിളിച്ചാൽ മതി എന്നാണ് പരിചയപ്പെടുന്നവരോട് എളിമയോടെ അദ്ദേഹം പറഞ്ഞിരുന്നത്. സർ വിളി തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. പല ഭാഷകളിലും ആ ശബ്ദ സൗന്ദര്യം നിറഞ്ഞുനിൽക്കുന്നു. ലോകമുള്ളിടത്തോളം കാലം ആ പേര് സ്മരിക്കപ്പെടുമെന്ന് തീർച്ച.  ഇത്രയും രസകരമായ ശബ്ദത്തിന്റെ ഉടമ വേറെ ഇല്ലെന്ന് പറയാം. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ സ്വീകാര്യനായ പാട്ടുകാരൻ. നാല് ഭാഷകളിലായി ആറ് ദേശീയ പുസ്‌കാരങ്ങൾ എസ്പിബിയെ തേടിയെത്തിയതിന് പിന്നിൽ രഹസ്യം ആ ശബ്ദ സൗന്ദര്യം തന്നെയായിരുന്നു. കുടുംബം സംഗീത പശ്ചാത്തലമുള്ളവരായിരുന്നെങ്കിലും എസ്പിബി സംഗീതം പഠിച്ചിട്ടില്ലെന്ന് അറിയുമ്പോൾ ആരും ആശ്ചര്യപ്പെടും. ഏത് വരികളും അതിവേഗം ഹൃദ്യമാക്കി ആകർഷണ ശൈലിയിൽ പാടാനുള്ള എസ്പിബിയുടെ കഴിവ് മറ്റാർക്കുമില്ലെന്ന് പറയാം. 


1966 ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടി സിനിമാ ലോകത്തെ പിന്നണി ഗായക രംഗത്തെത്തിയ അദ്ദേഹം എംജിആർ ചിത്രമായ അടിമൈപെണ്ണിലെ ഗാനം ആലപിച്ചു. ഇത്  തമിഴ്‌നാട്ടിൽ അദ്ദേഹത്തെ പ്രശസ്തനാക്കി. പിന്നീട് അതിവേഗമായിരുന്നു വളർച്ച. പല ഭാഷകളിൽ, പല ഈണങ്ങളിൽ. ഒരു സംഗീത ശാഖയും അദ്ദേഹത്തിന് മുന്നിൽ തടസ്സമായി നിന്നില്ല.
കുടുംബം സംഗീത പശ്ചാത്തലമുള്ളവരായിരുന്നെങ്കിലും എസ്പിബി സംഗീതം പഠിച്ചിട്ടില്ലെന്ന് അറിയുമ്പോൾ ആരും ആശ്ചര്യപ്പെടും.  ഏത് വരികളും അതിവേഗം ഹൃദ്യമാക്കി ആകർഷണ ശൈലിയിൽ പാടാനുള്ള എസ്പിബിയുടെ കഴിവ് മറ്റാർക്കുമില്ലെന്ന് പറയാം. വിവിധ ഭാഷകളിൽ 40,000 ത്തിലേറെ ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. അനന്തപൂരിലെ ജെഎൻടിയുവിലെ വിദ്യാർഥിയായിരുന്നു എസ്പിബി. പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ചെന്നൈയിൽ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനിയേഴ്‌സിൽ പ്രവേശനം നേടിയെങ്കിലും അദ്ദേഹത്തിന്റെ ലോകം സംഗീതമായിരുന്നു. പഠന വേളയിലും എസ്പിബി തിളങ്ങിയത് ഗാനലോകത്താണ്. 


ജി ദേവരാജന് വേണ്ടി കടൽപാലം എന്ന ചിത്രത്തിലാണ് മലയാളത്തിൽ ആദ്യം പാടിയിത്. പിന്നണി ഗായകനായി മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ ജീവിതം. അഭിനയ രംഗത്തും ഡബ്ബിങ് ആർട്ടിസ്റ്റായും തന്റേതായ മുദ്ര പതിപ്പിച്ചു. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകനാണ് എസ്പിബി. 72 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലെല്ലാം അഭിനയിച്ചു. കെ ബാലചന്ദറിന്റെ മനതിൻ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്.
അവിസ്മരണീയമായ നിരവധി സംഭാവനകൾ നൽകിയാണ് എസ്പി ബാലസുബ്രഹ്മണ്യം വിട വാങ്ങിയത്.  12 മണിക്കൂറിനുള്ളിൽ പാടിത്തീർത്ത 21 ഗാനങ്ങൾ ഇന്നും ചരിത്രമാണ്. കന്നട സംഗീത സംവിധായകനായ ഉപേന്ദ്ര കുമാറിനു വേണ്ടിയായിരുന്നു അദ്ദേഹം ഈ സാഹസികത ഏറ്റെടുത്തത്. കൂടാതെ ഇത്തരത്തിൽ തമിഴ് സിനിമയ്ക്ക് വേണ്ടി 19 ഗാനങ്ങളും എസ്പിബി പാടിയിട്ടുണ്ട്. രജനീകാന്ത്, കമൽ ഹാസൻ, ജമിനി ഗണേശൻ, സൽമാൻ ഖാൻ, അനിൽ കപൂർ തുടങ്ങിയ പ്രമുഖർക്കു വേണ്ടി എസ്പി പാടിയിട്ടുണ്ട്.


ആറു തവണയാണ് മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം എസ്പിബിയെ തേടിയെത്തിയത്. ശങ്കരാഭരണം, ഏക് ദുജേ കേ ലിയേ, സാഗര സംഗമം, രുദ്രവീണ, സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗവൈ, മിൻസാരക്കനവ് എന്നീ സിനിമകളിലെ ഗാനങ്ങൾക്കായിരുന്നു ആ ദേശീയ പുരസ്‌കാരങ്ങൾ. രാജ്യം അദ്ദേഹത്തെ  2001 ൽ പത്മശ്രീയും 2011 ൽ പത്മഭൂഷണും നൽകി ആദരിച്ചു. പല സംസ്ഥാനങ്ങളുടെയും സർക്കാർ അവാർഡുകൾ ഒട്ടേറെത്തവണ അദ്ദേഹത്തിന് ലഭിച്ചു. പല തവണ ഫിലിം ഫെയർ, നന്തി പുരസ്‌കാരങ്ങൾ എസ്പിബിയെ തേടിയെത്തി.
16 ഇന്ത്യൻ ഭാഷകളിലായി 40,000 ത്തിലധികം ഗാനങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായി. കൂടുതലും തമിഴ്, തെലുങ്ക്, കന്നഡ, തുളു, അസമീസ്, പഞ്ചാബി ഭാഷകളിലാണ് അദ്ദേഹം പാടിയിട്ടുള്ളത്. ഇന്ത്യക്കകത്തും പുറത്തും ഇത്രയധികം ഗാനമേളകൾ നടത്തിയ ഗായകനും വേറെ ഉണ്ടാകില്ല. നാൽപതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച അദ്ദേഹത്തിന് വിവിധ ദേശീയ പുരസ്‌കാരങ്ങൾ നൽകി.  എത്ര കൊടുത്താലും തീരാത്ത സ്‌നേഹവും നൽകിയാണ് സിനിമാ സംഗീത ലോകത്തെ കിരീടം വെയ്ക്കാത്ത രാജാവ് വിട പറഞ്ഞത്. 

Latest News