Sorry, you need to enable JavaScript to visit this website.
Thursday , October   29, 2020
Thursday , October   29, 2020

പത്രാധിപന്മാരുടെ പത്രാധിപർ

1992 നവംബറിൽ  കേരള പ്രസ് അക്കാദമിയിലെ (ഇപ്പോൾ കേരള മീഡിയ അക്കാദമി) ബിരുദദാന ചടങ്ങിൽ മുഖ്യമന്ത്രി കെ. കരുണാകരനിൽനിന്ന് ജേണലിസം ബിരുദാനന്തര ഡിപ്ലോമയിൽ ഒന്നാം റാങ്കിനുള്ള അവാർഡും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങിയ ശേഷം കോഴ്‌സ് ഡയറക്ടറായിരുന്ന പ്രിയപ്പെട്ട ഗുരുനാഥൻ വി.പി. രാമചന്ദ്രന്റെ ഓഫീസിൽ അദ്ദേഹത്തെ കാണാൻ ചെന്നതായിരുന്നു. അഭിനന്ദനങ്ങൾക്ക് ശേഷം, വി.പി.ആർ എന്ന് ഞങ്ങൾ ആദരവോടെ വിളിച്ചിരുന്ന രാമചന്ദ്രൻ സാർ, സർട്ടിഫിക്കറ്റുകൾ വാങ്ങി നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു: 
ഡിഡ് ഹാരൾഡ് ഇവൻസ് ഹെൽപ് യൂ?
ഞാൻ പറഞ്ഞു: തീർച്ചയായും സർ.


പത്രഭാഷയിൽ പറഞ്ഞാൽ, മാസങ്ങൾക്കുമുമ്പുള്ള ഒരു സംഭവത്തിന്റെ ഫോളോ അപ് ആയിരുന്നു അത്. എഡിറ്റിംഗ് ടെസ്റ്റിന്റെ ഉത്തരപേപ്പർ നോക്കിയ ശേഷം വി.പി.ആർ ഒഴിവുസമയത്ത് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു.  ക്ലാസ്സ് കഴിഞ്ഞ് ചെന്നുകണ്ടപ്പോൾ ഒരു ഉപദേശം. താൻ ഹാരൾഡ് ഇവൻസിന്റെ പുസ്തകങ്ങൾ വിശദമായി വായിക്കണം. അക്കാദമി ലൈബ്രറിയിൽ ഇവൻസിന്റെ മാധ്യമ പഠന പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിച്ചു. ന്യൂസ് പേപ്പർ എഡിറ്റിംഗിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഈ മേഖലയിലെ ഏറ്റവും ആധികാരികമായ രചനകളാണ്. പിന്നീട് കലിക്കറ്റ് സർവകലാശാലയിൽ ജേണലിസം പി.ജി വിദ്യാർഥിയായിരിക്കുമ്പോഴും ഇവൻസിന്റെ പുസ്തകങ്ങൾ സന്തതസഹചാരിയായി.


വ്യാഴാഴ്ച പുലർച്ചെ ന്യൂയോർക്കിൽ 92 ാം വയസ്സിൽ ഹാരൾഡ് ഇവൻസ് വിട പറയുമ്പോൾ ആഗോള മാധ്യമ രംഗത്തിന് അതുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. പത്രാധിപന്മാരുടെ കുലപതിയായിരുന്നു അദ്ദേഹം. പത്ര റിപ്പോർട്ടിംഗിലും എഡിറ്റിംഗിലും രൂപകൽപനയിലും അദ്ദേഹം തലമുറകളുടെ ഗുരുവായി. ഓരോ നിമിഷവും പത്രജോലിയുടെ സന്നിഗ്ധതകളെ  ആസ്വദിച്ച പ്രതിഭ. ഒരിക്കലും മടുപ്പു വരാതെ, ഓരോ പ്രഭാതങ്ങളെയും പുതിയ ശൈലികൾ കൊണ്ട് സ്വന്തമാക്കിയ പത്രപ്രവർത്തകൻ. ഇംഗ്ലണ്ടിൽ ജനിച്ച് പിന്നീട് അമേരിക്കൻ പൗരനായി പുസ്തക പ്രസാധനത്തിലും തന്റേതായ മാതൃക സൃഷ്ടിച്ച പ്രതിഭാധനൻ. ഹാരൾഡ് ഇവൻസ് അര നൂറ്റാണ്ടിലധികമായി മാധ്യമ രംഗത്തിന് അർപ്പിച്ച സംഭാവനയോളം വലുതായി മറ്റാരും ചെയ്തിട്ടില്ലെന്ന് നിസ്സംശയം പറയാം. മാധ്യമ വിദ്യാർഥികളുടെ യഥാർഥ പാഠപുസ്തകമായിരുന്നു അദ്ദേഹം.


ലോകത്തെ ഏത് സർവകലാശാലയിൽ മാധ്യമ വിദ്യാർഥിയായാലും നിങ്ങൾക്ക് ഇവൻസിന്റെ രചനകൾ പാഠപുസ്തകമായി ഉണ്ടാകും. മാധ്യമ പഠനത്തിന്റെ അടിസ്ഥാന സ്രോതസ്സാണ് അവ. അവിടെ നിന്നാണ് തുടങ്ങേണ്ടത്. എപ്പോഴും നവീകരിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാനമാണത്. ഇവൻസ് തലമുറകൾക്കായി അത് പകർത്തിവെച്ചു. ലണ്ടനിലെ പ്രസിദ്ധമായ ദ ടൈംസ് ദിനപത്രത്തെ ഒരു യഥാർഥ പത്രമായി മാറ്റിയെടുത്ത ഇവൻസിന്, സ്വതന്ത്ര ചിന്താഗതിയുള്ള എല്ലാ പത്രാധിപന്മാരും ഒടുവിൽ അനുഭവിക്കേണ്ട ആ ദുര്യോഗവുമുണ്ടായി. റൂപ്പർട്ട് മർഡോക് എന്ന മാധ്യമ ഭീമൻ ടൈംസിൽനിന്ന് അദ്ദേഹത്തെ ഒട്ടും ആദരവില്ലാതെ പുറത്താക്കി. അതോടെ ഇംഗ്ലണ്ടിൽനിന്ന് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. 


ലളിതമായ ജീവിത ചുറ്റുപാടുകളിൽനിന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക് കാൽകുത്തിയ ആളാണ് പ്രിയപ്പെട്ടവർ ഹാരി എന്ന് വിളിക്കുന്ന ഹാരൾഡ് ഇവൻസ്. അച്ഛൻ റെയിൽവേയിൽ ക്ലീനിംഗ് തൊഴിലാളിയായി തുടങ്ങി പിന്നീട് കരിവണ്ടിയുടെ ഡ്രൈവറായി മാറിയ ഫ്രെഡറിക്. അമ്മ മേരി ഇവൻസ് സ്വന്തം വീടിന്റെ ഒരു ഭാഗം പലചരക്കു കടയാക്കി അവിടെ കച്ചവടം നടത്തി. മാഞ്ചസ്റ്ററിലെ സെൻട്രൽ സ്‌കൂളിലെ പഠനത്തിന് ശേഷം ഷോർട്ഹാൻഡും പഠിച്ചാണ് ഒരു ചെറിയ പത്രത്തിൽ അദ്ദേഹം ജോലി ആരംഭിക്കുന്നത്. പിന്നീട് ദുർഹാം സർവകലാശാലയിൽ ബിരുദപഠനം. പത്രപ്രവർത്തനത്തിലെ പ്രതിഭ കണ്ടറിഞ്ഞ, ലണ്ടനിലെ ദ ടൈംസിന്റെ ഉടമകളായ തോംസൺ ഓർഗനൈസേഷൻ അദ്ദേഹത്തെ അസിസ്റ്റന്റ് എഡിറ്ററായി നിയമിക്കുകയായിരുന്നു. പിന്നീടദ്ദേഹം മുഖ്യ പത്രാധിപരായി.


അനേകം അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ദ ടൈംസിന്റെ തലവര അദ്ദേഹം മാറ്റിയെഴുതി. ഗർഭിണികൾ പ്രഭാതത്തിലെ ഛർദി ഒഴിവാക്കാൻ ഉപയോഗിച്ചിരുന്ന താലിഡോമൈഡ് എന്ന മരുന്നിന്റെ പ്രതിപ്രവർത്തനം മൂലം കാലുകൾ വികൃത രൂപത്തിലായി കുട്ടികൾ ജനിക്കുന്ന സംഭവം ലോകശ്രദ്ധയിൽ കൊണ്ടുവന്നതായിരുന്നു അവയിലേറ്റവും പ്രധാനപ്പെട്ട റിപ്പോർട്ടുകളിലൊന്ന്. ഇരകൾക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതുവരെ ഇവൻസ് ടൈംസിലൂടെ തന്റെ പോരാട്ടം തുടർന്നു. കിംഫിൽബി ചാരക്കേസിലെ വസ്തുതകൾ പുറത്തു കൊണ്ടുവന്നതായിരുന്നു മറ്റൊരു വലിയ സംഭവം. നിർഭയമായ റിപ്പോർട്ടിംഗിന് പലപ്പോഴും അദ്ദേഹം വലിയ ഭീഷണികൾ നേരിട്ടു. ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക രഹസ്യ നിയമം അദ്ദേഹത്തിന്റെ മേൽ പ്രയോഗിക്കാനൊരുങ്ങി. ഇതൊന്നും അദ്ദേഹത്തെ പിന്നോട്ടുവലിച്ചില്ല.


1967 മുതൽ 1982 വരെ ദ ടൈംസിലും ലണ്ടൻ ടൈംസിലുമായി തുടർന്ന അദ്ദേഹത്തിന് റൂപർട്ട് മർഡോക് 1981 ൽ ടൈംസ് സ്വന്തമാക്കിയതോടെ സ്ഥാനചലനമുണ്ടായി. 1982 ൽ അദ്ദേഹം ടൈംസ് വിട്ടു. 1984 ൽ ഭാര്യ ടിന ബ്രൗണിനൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം വിവിധ സർവകലാശാലകളിൽ പഠിപ്പിച്ചു. പ്രസാധകരായ റാൻഡം ഹൗസിനെ ഒന്നാംകിട പുസ്തക പ്രസാധകരാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിരവധി അമേരിക്കൻ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. മാധ്യമ പഠനം സംബന്ധിച്ച നിരവധി പുസ്തകങ്ങൾ എഴുതി. 2011 ജൂണിൽ റോയിട്ടേഴ്‌സിന്റെ എഡിറ്റർ അറ്റ് ലാർജ് ആയി നിയമിതനായി. എഡിറ്റിംഗ് ആന്റ് ഡിസൈൻ, ഹാൻഡ്‌ലിംഗ് ന്യൂസ്‌പേപ്പർ ടെക്സ്റ്റ്, ന്യൂസ് ഹെഡ്‌ലൈൻസ്, ഫ്രണ്ട് പേജ് ഹിസ്റ്ററി: ഇവന്റ്‌സ് ഓഫ് ഔർ സെഞ്ചുറി ദാറ്റ് ഷൂക്ക് ദ വേൾഡ്, ഗുഡ് ടൈംസ് ബാഡ് ടൈംസ്, ദ അമേരിക്കൻ സെഞ്ചുറി തുടങ്ങി അനേകം പുസ്തകങ്ങളുടെ രചയിതാവാണ്.
അച്ചടി മാധ്യമങ്ങളുടെ അസ്തമയ സൂചനകൾ കണ്ടുതുടങ്ങുന്ന കാലത്ത് പ്രൊഫഷണൽ ജേണലിസത്തിന്റെ ആധുനികകാലത്തെ ഏറ്റവും വലിയ ഗുരു ഓർമയിലേക്ക് ചേക്കേറുകയാണ്. പക്ഷേ ഇവൻസ് പകർന്നു നൽകിയ അനുഭവങ്ങളുടെ കരുത്തും  വിജ്ഞാനത്തിന്റെ ആഴവും ഇനിയും പല തലമുറകളിലും മാധ്യമ വിദ്യാർഥികളെ സ്വാധീനിച്ചുകൊണ്ടിരിക്കും.

Latest News