പിന്നാക്ക സമരനായകനെ കിട്ടി; ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍നേട്ടം

അല്‍പേഷ് തകോര്‍
അഹമ്മദാബാദ്- തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ ജാതി സമവാക്യങ്ങള്‍ അനുകൂലമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സമീപകാല ബിജെപി വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മൂന്ന് യുവ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തു. ഒബിസി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഏകതാ മഞ്ച് നേതാവ് അല്‍പേഷ് തകോര്‍, ദളിത് മുന്നേറ്റത്തിന്റെ മുഖമായി മാറിയ ജിഗ്‌നേഷ് മേവാനി, പട്ടേല്‍ സമുദായത്തിന്റെ സമര നായകന്‍ ഹര്‍ദിക് പ്ട്ടേല്‍ എന്നിവരേയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.
 
ഇവരില്‍ അല്‍പേഷ് തകോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് പഖ്യാപിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ദിക് പട്ടേലിന്റെ പിന്തുണ ലഭിക്കുമെന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ടെങ്കിലും പാര്‍ട്ടിയിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചു. ജിഗ്‌നേഷ് ഈ ഓഫറിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതുറാലിയില്‍ വച്ച് അല്‍പേഷ്  കോണ്‍ഗ്രസില്‍ ചേരും.
 
ഈ മൂന്ന് യുവനേതാക്കളും ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കടുത്ത വിമര്‍ശകരാണ്. ബിജെപി ഭരണത്തില്‍ കടുത്ത അസംപ്തിയുള്ള വലിയൊരു ജനവിഭാഗം ഇവരോടൊപ്പമുണ്ടെന്നതാണ് ബിജെപിയെ അലട്ടുകയും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുകയും ചെയ്യുന്ന ഘടകം. 22 വര്‍ഷമായി അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയാത്ത കോണ്‍ഗ്രസിന് ഇവരുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ വലിയ സഹായമാകുമെന്നാണ് വിലയിരുത്തല്‍.
അതിനിടെ സമര രംഗത്തുള്ള യുവ നേതാക്കള്‍ക്കായി ബിജെപിയും വലയെറിഞ്ഞിട്ടുണ്ട്. പട്ടിദാര്‍ സമരങ്ങളില്‍ ഹര്‍ദിക്കിനൊപ്പം ഉണ്ടായിരുന്ന വരുണ്‍ പട്ടേല്‍, രേശ്മ പട്ടേല്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ഹര്‍ദിക് കോണ്‍ഗ്രസ് ഏജന്റാണെന്ന് ആരോപിച്ചാണ് ഇവര്‍ ബിജെപിയിലേക്ക് ചേക്കേറിയത്.
 
അതേസമയം തനിക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും തങ്ങളുടെ അവകാശവും നീതിയും മാത്രമാണ് ആവശ്യപ്പെടുന്നതെന്നും കോണ്‍ഗ്രസിന്റെ ഓഫര്‍ നിരസിച്ചു കൊണ്ട് ഹര്‍ദിക് പറഞ്ഞു. തങ്ങളുടെ സമരം ഹര്‍ദിക്കിന്റെ മാത്രമല്ലായിരുന്നുവെന്നും അദ്ദേഹം കോണ്‍ഗ്രസ് ഏജന്റാണെന്നും വരുണും രേശ്മയും ആരോപിച്ചു. തങ്ങള്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചുവെന്നും ഞങ്ങളുടെ ആവശ്യങ്ങളെല്ലാം തീര്‍ച്ചയായും ബിജെപി അംഗീകരിക്കുമെന്നും അവര്‍ പറഞ്ഞു.
 
 

Latest News