Sorry, you need to enable JavaScript to visit this website.

ലൈഫ് മിഷൻ ക്രമക്കേട്: സി.ബി.ഐ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം- വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിക്ക് വേണ്ടി കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ച കേസിൽ സി.ബി.ഐ മുഖ്യമന്ത്രിയുടെയും തദ്ദേശമന്ത്രിയുടെയും മൊഴിയെടുക്കും. വിദേശത്തുനിന്ന് സഹായം സ്വീകരിച്ചത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയ സ്ഥിതിക്കു പ്രഥമദൃഷ്ട്യാ കുറ്റം നടന്നെന്നാണ് വിലയിരുത്തൽ. 
നിയമലംഘനത്തിനു കാരണക്കാരായവരെയും സഹായിച്ചവരെയും കണ്ടെത്താനുള്ള നീക്കമാണു സി.ബി.ഐ നടത്തുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.ഐ) അനുസരിച്ച് ലൈഫ് ഇടപാടിൽ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐക്കു കഴിയില്ല. ആരാണ് വിദേശത്തുനിന്നു പണം അയച്ചത്, ആരു സ്വീകരിച്ചു, എന്തിനു വേണ്ടി ഉപയോഗിച്ചു, സർക്കാരിന്റെ ഭാഗത്തുനിന്ന് നിയമലംഘനത്തിനു പിന്തുണ ഉണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ 35ാം വകുപ്പ് അനുസരിച്ച് ഒരു കോടി രൂപയ്ക്കു മുകളിൽ തുക വിദേശത്തുനിന്ന് അനുമതിയില്ലാതെ സ്വീകരിച്ചാൽ 5 വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. സഹായിച്ചവർക്കും ഇതേ ശിക്ഷയാണ്. ഇടപാടിൽ 4.5 കോടി കമ്മിഷൻ മാത്രം പറ്റിയെന്നാണ് ധനമന്ത്രിയും മാധ്യമ ഉപദേഷ്ടാവും ചാനൽ ചർച്ചയ്ക്കിടെ വ്യക്തമാക്കിയത്. ഈ വെളിപ്പെടുത്തലുകളും അന്വേഷണ പരിധിയിൽവരും.

ലൈഫ് മിഷന്റെ 20.5 കോടി രൂപയുടെ പദ്ധതിയിൽ 9 കോടി രൂപയുടെ അഴിമതി നടന്നെന്നും മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ലൈഫ് മുൻ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യൂണിടാക് എംഡി സന്തോഷ് ഈപ്പൻ എന്നിവർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നുമാണ് അനിൽ അക്കരെ എം.എൽ.എ സി.ബി.ഐ എസ്.പിക്ക് പരാതി നൽകിയത്.
 

Latest News