Sorry, you need to enable JavaScript to visit this website.

കൊലക്കേസ് പ്രതിയായ ഐപിഎസ് ഓഫീസറെ രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായില്ലെന്ന് യുപി പോലീസ്

മഹോബ- വ്യവസായിയെ വെടിവെച്ചു കൊന്ന കേസില്‍ പ്രതിയായ ഉത്തര്‍ പ്രദേശിലെ മഹോബ ജില്ലാ മുന്‍ പോലീസ് മേധാവി  മണിലാല്‍ പട്ടിദാറിനെ കണ്ടെത്താനായില്ലെന്ന് കേസന്വേഷിക്കുന്ന പോലീസ് സംഘം. സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മണിലാല്‍ ഫോണ്‍വിളികള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ചോദ്യം ചെയ്യാനായില്ലെന്നും പോലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി വൈകി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. മണിലാല്‍ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കുന്നില്ല. അദ്ദേഹം എവിടെയാണെന്നും കണ്ടെത്താനായില്ല- അന്വേഷണ സംഘത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ പ്രേം പ്രകാശ് പറഞ്ഞു.

പ്രമുഖ ഖനന വ്യവസായി ഇന്ദ്ര കാന്ത് ത്രിപാഠിയെ സെപ്തംബര്‍ എട്ടിന് അദ്ദേഹത്തിന്റെ ആഢംബര കാറില്‍ വെടിവച്ച കേസിലാണ് ജില്ലാ പോലീസ് മേധാവിയായിരുന്ന മണിലാലിനെ പ്രതിചേര്‍ത്തിട്ടുള്ളത്. കഴുത്തിന് വെടിയേറ്റ ത്രിപാഠി ഏതാനും ദിവസങ്ങള്‍ക്കു ശേഷം ആശുപത്രിയില്‍ മരിച്ചു. മണിലാല്‍ അഴിമതി നടത്തുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി വ്യവസായി മരിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പുറത്തു വിട്ട വിഡിയോയില്‍ പറഞ്ഞിരുന്നു. താന്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദി മണിലാല്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

Latest News