Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷം നുണകള്‍ പ്രചരിപ്പിക്കുന്നു; ബി.ജെ.പിക്കാര്‍ രംഗത്തിറങ്ങണമെന്ന് മോഡി

ന്യൂദല്‍ഹി- പാര്‍ലമെന്റില്‍ പാസായ തൊഴില്‍ നിയമ പരിഷ്‌കരണ ബില്ലുകളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തൊഴിലാളികള്‍ക്ക് ഏറെ നേട്ടങ്ങള്‍ അവകാശപ്പെടാവുന്നതാണ് ബില്ലുകളെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ മിനിമം വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരത്തോളം സ്ലാബുകളാണ് നിലനിന്നിരുന്നത്. അത് 200 ആയി ചുരുക്കാന്‍ പുതിയ തൊഴില്‍ പരിഷ്‌കരണങ്ങളിലൂടെ സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷ പരിപാടികളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഡി.
തൊഴിലാളികളുടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടു വരുന്നതാണ് പുതിയ ബില്ലുകള്‍. നിലവില്‍ രാജ്യത്തെ 30 ശതമാനം തൊഴിലാളികള്‍ മാത്രമാണ് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിയുടെ കീഴില്‍ വരുന്നത്. അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളെയും ഈ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നതാണ് തൊഴില്‍ പരിഷ്‌കരണമെന്നും മോഡി പറഞ്ഞു.
കാര്‍ഷിക പരിഷ്‌കരണ ബില്ലുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് മോഡി കുറ്റപ്പെടുത്തി. കര്‍ഷക വിരുദ്ധമാണ് ബില്ലുകള്‍ എന്നാണ് പ്രചാരണം. തെറ്റിദ്ധാരണകളില്‍നിന്ന് കര്‍ഷകരെ മോചിപ്പിക്കാന്‍ എല്ലാ ബി.ജെ.പി പ്രവര്‍ത്തകരും മുന്‍കൈയെടുക്കണം. കര്‍ഷകരെ നേരിട്ട് കണ്ട് ബില്ലുകളുടെ പ്രാധാന്യം വിവരിക്കണം. ലളിതമായി കാര്യങ്ങള്‍ പറഞ്ഞ് സംശയങ്ങള്‍ ദൂരീകരിക്കണം. ഇത്തരം നടപടിയിലൂടെ കര്‍ഷകരെ ശാക്തീകരിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കര്‍ഷകരെ ബാങ്കുകളുമായി ബന്ധിപ്പിക്കാനുളള ശ്രമമാണ് എന്‍.ഡി.എ സര്‍ക്കാര്‍ നടത്തിയത്. ഇതിന്റെ ഫലമായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന അനുസരിച്ച് 10 കോടി കര്‍ഷകര്‍ക്കായി ഒരു ലക്ഷം കോടി രൂപ കൈമാറാന്‍ സാധിച്ചു. എളുപ്പം വായ്പ ലഭ്യമാക്കുന്നതിന് വേണ്ടി എല്ലാ കര്‍ഷകരിലേക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിക്കുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മോഡി പറഞ്ഞു.

 

Latest News