Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദമാം വാഹനാപകടം; മൂന്നു യുവാക്കൾക്കും  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 

ദമാമിൽ വാഹനാപകടത്തിൽ മരണപ്പെട്ട മുഹമ്മദ് സനദ്, മുഹമ്മദ് ഷഫീഖ്, അൻസിഫ് എന്നിവരുടെ ഖബറടക്കത്തിന് എത്തിയ ജനങ്ങൾ.

ദമാം - വ്യാഴാഴ്ച പുലർച്ചെ ദമാം -കോബാർ ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്നു മലയാളി യുവാക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൂന്ന് പേരുടെയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ദമാം 91 ഖബർസ്ഥാനിൽ മറവു ചെയ്തു. 
കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൻ മുഹമ്മദ് സനദ് (22), താനൂർ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവി ഹാജിയുടെ മകൻ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി ചക്കര വീട്ടിൽ അബൂബക്കറിന്റെ മകൻ അൻസിഫ് (22), എന്നിവരാണ് മരിച്ചത്. ദമാം ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർഥികളായിരുന്ന മൂന്ന് പേരും സഞ്ചരിച്ചിരുന്ന ഹ്യുണ്ടായി കാർ ദമാം -കോബാർ ഹൈവേയിൽ അൽ കോബാർ മാളിനോട് ചേർന്നുള്ള പാരലൽ റോഡിലേക്ക് കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അതി വേഗത്തിൽ വന്ന കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞതാവാമെന്നാണ് പോലീസ് നിഗമനം. അപകടത്തിൽ കാർ പൂർണമായും തകരുകയും മൂന്നു പേരും അപകട സ്ഥലത്തു തന്നെ മരിക്കുകയും ചെയ്തു. അർദ്ധ രാത്രി രണ്ടിന് സംഭവിച്ച അപകടം വെളുപ്പിന് ആറിനാണ് രക്ഷിതാക്കൾ പോലും അറിഞ്ഞത്. വിരിയും മുമ്പേ പൊലിഞ്ഞ ഈ യുവത്വങ്ങളുടെ ദുരന്ത വാർത്ത കേട്ട ദമാമിലെ മലയാളി സമൂഹത്തിന്റെ നടുക്കം മാറിയിട്ടില്ല. 


ദമാം ഇന്ത്യൻ സ്‌കൂൾ കലാലയ മുറ്റത്ത് കളിച്ചു വളർന്ന ഇവരുടെ സൗഹൃദം പ്ലസ് ടു പഠനത്തിന് ശേഷവും തുടരുകയായിരുന്നു. ജോലിയിടങ്ങളിലെ തിരക്കിനിടയിലും മൂന്നു പേരും അവസരം കിട്ടുമ്പോഴേല്ലാം ഒരുമിച്ച് കൂടുമായിരുന്നു. മരിച്ച സനദ്, മറ്റൊരു സുഹൃത്തായ മുബഷിറിനെ ദമാം കോർണിഷിലെ സൗദി ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത ശേഷം, വീട്ടിൽ കൊണ്ടു വിടുകയും പിന്നീട് അൻസിഫ്, ഷഫീഖ് എന്നിവരെ അവരുടെ ജോലി സമയം കഴിഞ്ഞ് ഒപ്പം കൂട്ടി ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാൻ വീണ്ടും പോവുകയുമായിരുന്നു. രക്ഷിതാക്കളെ അറിയിച്ചുതന്നെ പോയ ഈ യാത്രയിലാണ് മരണം മൂന്ന് പേരെയും കവർന്നത്. 


സൽസ്വഭാവികളായ ഈ യുവാക്കളേ കുറിച്ച് നല്ലതു മാത്രമേ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പറയാനുള്ളു. പഠനത്തിലും മിടുക്കരായിരുന്ന ഇവർ രക്ഷിതാക്കളുടെ ബിസിനസ് മേഖലയിൽ വലിയ സഹായികളായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് ദുരന്ത വാർത്തയറിഞ്ഞ് ദമാം ആശുപത്രി മോർച്ചറിക്കു മുന്നിൽ മൂന്ന് പേരെയും അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. ഇന്നലെ ഉച്ചക്ക് രണ്ടിന് ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിക്ക് സമീപം നടന്ന മയ്യിത്ത് നമസ്‌കാരത്തിലും നിരവധി പേർ പങ്കെടുത്തു. തുടർന്ന് മൂന്ന് മണിയോടെ ദമാം 91 ഖബർസ്ഥാനിൽ മയ്യിത്തുകൾ ഖബറടക്കി. ഖബറടക്കത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം രംഗത്തുണ്ടായിരുന്നു. 

 

Latest News