യുഎന്‍ സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി

ന്യൂയോര്‍ക്ക്- യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ പ്ലേ ചെയ്ത പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ റെക്കോര്‍ഡ് ചെയ്ത പ്രസംഗം തുടങ്ങാനിരിക്കെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പാക് പ്രധാമന്ത്രി പ്രസംഗത്തിനിടെ കശ്മീര്‍ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ പ്രതിഷേധ സൂചകമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ജൂനിയര്‍ ഐഎഫ്എസ് ഓഫീസറായ മിജിതോ വിനിതോയും ഹാളില്‍ നിന്ന് തന്റെ പേപ്പറുകള്‍ എടുത്തു പുറത്തു പോയി. പല അന്താരാഷ്ട്ര വേദികളിയും ചെയ്യാറുള്ളതു പോലെ വെള്ളിയാഴ്ച നടന്ന യുഎന്‍ സമ്മേളനത്തിലും കശ്മീര്‍ തര്‍ക്കം ഇംറാന്‍ ഖാന്‍ ഉന്നയിക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.

പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന നിലവാരമില്ലാത്ത നയതന്ത്രമാണെന്ന് തിരുമൂര്‍ത്തി പിന്നീട് ട്വീറ്റ് ചെയ്തു. കഠിന അസത്യവും വ്യക്തി ആക്രമണവും യുദ്ധ മുറവിളിയും സ്വന്തം ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത് മറച്ചുവെക്കലും അതിര്‍ത്തി കടന്നുള്ള ഭീകരതയും ഉള്‍പ്പെടുന്ന മറ്റൊരു പതിവു സംസാരമാണിതെന്നും ഇതിന് തക്കതായ മറുപടി വരുന്നുണ്ടെന്നും തിരുമൂര്‍ത്തി പിന്നീട് ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റെക്കോര്‍ഡ് ചെയ്ത പ്രസംഗം ശനിയാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കേള്‍പ്പിക്കും. 75ാമത് യുഎന്‍ പൊതുസഭാ സമ്മേളനമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
 

Latest News