Sorry, you need to enable JavaScript to visit this website.
Thursday , October   29, 2020
Thursday , October   29, 2020

നിയമപാലകരുടെ സദാചാര ഗുണ്ടായിസം 

മോറൽ പോലീസിംഗ് എന്നു വിളിക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളുടെ അപകടത്തെയും കുടുക്കുകളെയും കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും ബോധമുള്ളവരായിരിക്കണം,  ബാക്കിയുള്ള സമൂഹത്തേക്കാൾ ഉയർന്ന സദാചാരമാണ് തങ്ങളുടേതെന്ന് പറയുന്നവർ, നിഷ്‌കളങ്കമായോ, നിർദോഷമായോ ഏർപ്പെടുന്ന പ്രവൃത്തികളല്ല 'മോറൽ പോലീസിംഗ്,  ഇത്തരം പ്രവൃത്തികൾക്ക് പ്രേരണയാകുന്നത് കടുത്ത സാമൂഹ്യ വിരുദ്ധ പ്രവണതകളോ, അടിസ്ഥാന ഭരണഘടനാ മൂല്യങ്ങൾക്കെതിരെ നിലകൊള്ളുന്ന ഇടുങ്ങിയ, സാമുദായിക, ഫണ്ടമെന്റലിസ്റ്റ് അജണ്ടകളുള്ളവരോ ആണ്. എപ്പോഴൊക്കെ അത്തരം ക്രിമിനൽ പ്രവൃത്തിയെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥന് വിവരം ലഭിക്കുന്നുവോ, അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും വേഗതയോടെയും കാര്യക്ഷമതയോടെയും കേസന്വേഷിക്കുകയും വേണം. ആവശ്യമെങ്കിൽ ക്രിമിനൽ നടപടി ചട്ടങ്ങളിലെ അതിക്രമിച്ചു കടക്കൽ (സെക്ഷൻ 324), കൈയേറ്റം/പരിക്കേൽപിക്കൽ (സെക് ഷൻ 323326), വധശ്രമം (സെക്ഷൻ 307), കൊലപാതകം (സെക്ഷൻ 302), പിടിച്ചുപറി (സെക്ഷ ൻ 390), കൊള്ള (സെക്ഷൻ 395) തുടങ്ങിയ വശങ്ങളും വകുപ്പുകളും ഉപയോഗിച്ചും ഉൾപ്പെടുത്തിയുമായിരിക്കണം കേസുകൾ രജിസ്റ്റർ ചെയ്യേണ്ടത്. സാഹചര്യം ആവശ്യപ്പെടുന്നുവെങ്കിൽ സെക്ഷൻ 153, 153 എ, 153 ബി എന്നിവയും ഉപയോഗിക്കാവുന്നതാണ്. നിയമം അനുശാസിക്കുന്നതും ആവശ്യമായതുമായ ക്രിമിനൽ വകുപ്പുകൾ ചേർക്കുന്ന കാര്യത്തിൽ ഒരു കാരണവശാലും വെള്ളം ചേർക്കാൻ പാടില്ല.  കേരള ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് (പ്രിവൻഷൻ) ആക്ട് 2007 ഉം ഉപയോഗിക്കാവുന്നതാണ് -ഇതെല്ലാം മോറൽ പോലീസിംഗ് തടയാൻ 2017 ൽ ഇറങ്ങിയ പോലീസ് സർക്കുലറിലെ ചില ഭാഗങ്ങളാണ്. എന്നാൽ അതിനു ശേഷവും മോറൽ പോലീസിംഗ് വർധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പലപ്പോഴും മോറൽ പോലീസായി മാറുന്നത് പോലീസ് തന്നെയാണെന്നതാണ് വിരോധാഭാസം. ഇപ്പോഴിതാ ഒരു പോലീസുകാരനെതിരെ തന്നെ ഉന്നത പോലീസ് അധികൃതർ മോറൽ പോലീസിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും നിയമ വിരുദ്ധമായി സസ്‌പെന്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. 


കോഴിക്കോട് ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസ് ഉദ്യോഗസ്ഥനെ, സുഹൃത്തായ സ്ത്രീയുടെ ഫ്ളാറ്റ് സന്ദർശിച്ചു എന്നതിന്റെ പേരിൽ ആ സ്ത്രീയെ പേരെടുത്ത് പരാമർശിച്ചുകൊണ്ട് അങ്ങേയറ്റം അപകീർത്തികരമായ പരാമർശങ്ങൾ എഴുതിച്ചേർത്ത് സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഇതേക്കുറിച്ച് ആ സ്ത്രീ പറയുന്നതിങ്ങനെയാണ്. ''ഞാൻ സ്വതന്ത്രമായി  വാടകക്കെടുത്തു താമസിക്കുന്ന ഫഌറ്റ്  മറ്റൊരാൾ  എന്റെ പേരിൽ തരപ്പെടുത്തിയതാണെന്നും എന്നെ ഒരാൾ ഇവിടെ താമസിപ്പിച്ചതാണെന്നും  അയാൾ ഇവിടെ നിത്യസന്ദർശകനാണെന്നും  വ്യാജ  വിവരങ്ങൾ  ചേർത്ത്  റിപ്പോർട്ട്  തയാറാക്കി  അത് ഒരു പബ്ലിക് ഡോക്യുമെന്റ്  ആയ  സസ്‌പെൻഷൻ  ഓർഡറിൽ ഉൾപ്പെടുത്താനിടയാക്കുകയും എന്റെ വ്യക്തിത്വത്തെയും  അന്തസ്സിനെയും അപമാനിക്കുകയും ചെയ്തു.  എനിക്ക് സ്വന്തമായി ഫഌറ്റിൽ താമസിക്കാനാകുമെന്നും എന്റെ ഒരു സുഹൃത്തും ഫഌറ്റിൽ നിത്യ സന്ദർശകരല്ലെന്നും എന്നാൽ അപ്രകാരം സന്ദർശിച്ചാൽ പോലും അതിൽ കുറ്റകരമായി യാതൊന്നും ഇല്ലെന്നും വസ്തുതയായിരിക്കേ സ്ത്രീയെന്ന നിലയിൽ എന്റെ വ്യക്തിത്വത്തെയും ആത്മാഭിമാനത്തെയും നികൃഷ്ടമായ രീതിയിൽ അവഹേളിച്ചുകൊണ്ടാണ് കമ്മീഷണറായ എ.വി.ജോർജ് സർ   ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസുകാരന്റെ സസ്‌പെൻഷൻ ഓർഡറായ ഔദ്യോഗിക രേഖയിൽ എന്നെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.  പ്രസ്തുത പോലീസുകാരനോട് എ.വി ജോർജ് സാറിന്  വർഷങ്ങളായുള്ള കുടിപ്പക തീർക്കുന്നതിന് എന്നെ ഇരയാക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സ്ത്രീ എന്ന നിലയിൽ എന്നെ അപമാനിച്ചതിനും പൊതുരേഖയിൽ എന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനും  ഉചിതമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിച്ചാണ് പരാതി നൽകിയിട്ടുള്ളത്.''


എ.വി. ജോർു് എന്ന പോലീസുദ്യോസ്ഥൻ തന്റെ നടപടി ഇവി്വടയും നിർത്തുന്നില്ല. അലൻ - താഹ കേസുമായി ബന്ധപ്പെട്ട് അവർക്ക് ജാമ്യമനുവദിച്ച കോടതിവിധി ഫേസ് ബുക്കിൽ പങ്കുവെച്ചതിനും ഉമേഷിനു നോട്ടീസ് നൽകിയിട്ടുണ്ട്. മുമ്പും പോലീസിന്റെ അനാസ്ഥക്കെതിരെ പ്രതികരിച്ചതിനും വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. പലതവണ വിശദീകരണമാവശ്യപ്പെടുകയും സസ്‌പെൻഷനിൽ നിർത്തുകയും ചെയ്ത് പുറത്താക്കാനുള്ള നീക്കമാണ് അദ്ദേഹം നടത്തുന്നത്. വളരെ മോശം റെക്കോർഡുള്ള ഒരാളാണ് എ.വി. ജോർജ് എന്നതും പ്രസക്തമാണ്. സത്യത്തിൽ, മനുഷ്യത്വമുള്ള ഒരു പോലീസുകാരനായതാണ് ഉമേഷിന്റെ കുറ്റം. അത്തരത്തിലുള്ള ഒരാൾ സേനയിൽ വേണ്ട എന്നാണ് ഈ ഉദ്യോഗസ്ഥന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് നാടുവാഴിത്ത മൂല്യങ്ങളുടെ ഖാപ്പ് പഞ്ചായത്തല്ല പോലീസ് എന്നു പ്രഖ്യാപിച്ച് ഒരു വിഭാഗം സാംസ്‌കാരിക പ്രവർത്തകർ രംഗത്തു വന്നിരിക്കുന്നത്. അവരുടെ പ്രസ്താവന താഴെ ചേർക്കുന്നു.
''ആരുടെ പോലീസ് എന്ന് നിരവധി തവണ ചോദിക്കേണ്ട സന്ദർഭങ്ങളിലൂടെയാണ് കേരളാ പോലീസ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ ഒരു അധ്യാപികയെ സംഘപരിവാർ തീട്ടൂരങ്ങൾക്കനുസരിച്ചു പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പരാതിക്കാരുടെ ഇഷ്ടപ്രകാരം മാപ്പു പറയിപ്പിച്ചു അതു വീഡിയോയിൽ പകർത്തി നാടുമുഴുവൻ പ്രചരിപ്പിക്കാൻ പോലീസ് കൂട്ടുനിന്നു. ഈയടുത്ത് കോവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർമാരുടെ കാർ പിന്തുടർന്ന് 'എന്താ പരിപാടി?' എന്നു ചോദിക്കുന്ന സദാചാരക്കണ്ണുള്ള പോലീസും വാർത്തകളിൽ നിറഞ്ഞു.


ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജ് ഐ.പി.എസ് പുറത്തിറക്കിയ ഉത്തരവ് വിവാദമായിരിക്കുകയാണ്. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനുമിടയിലെ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം പോലും നിയമവിധേയമായ ഒരു രാജ്യത്താണ് സുഹൃത്തായ സ്ത്രീയുടെ ഫ്ളാറ്റ് സന്ദർശിച്ചു എന്നതിന്റെ പേരിൽ ആ സ്ത്രീയെ പേരെടുത്ത് പരാമർശിച്ചുകൊണ്ട് അങ്ങേയറ്റം അപകീർത്തികരമായ പരാമർശങ്ങൾ എഴുതിച്ചേർത്ത് സസ്പെൻഷൻ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഒരു ഔദ്യോഗിക രേഖയിൽ ഇത്തരത്തിൽ എഴുതിച്ചേർക്കുന്നത് നിയമ വിരുദ്ധമാണെന്ന സാക്ഷരത പോലുമില്ലാത്ത ഇവരെ നയിക്കുന്നത് ഉത്തരേന്ത്യൻ ഖാപ്പു പഞ്ചായത്തുകളുടെ നാടുവാഴിത്തകാല മൂല്യവിചാരങ്ങളാണ്.


ഈ റിപ്പോർട്ടിൽ പരാമർശിക്കുന്ന സ്ത്രീ രണ്ട് പരാതികൾ ഐ.ജി മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. അതിലൊന്നിൽ ഇങ്ങനെ പറയുന്നു. '08-09-2020 തീയതി ഞാൻ തനിച്ച് താമസിക്കുന്ന ഫ്ളാറ്റിൽ സ്പെഷ്യൽ ബ്രാഞ്ച് അഇജ എന്ന് പരിചയപ്പെടുത്തി സുദർശൻ സാറും നാരായണൻ എന്ന് പരിചയപ്പെടുത്തിയ മറ്റൊരു സാറും വരികയും 'നിങ്ങളാണോ ആതിര? ഫോട്ടോയിൽ കാണുന്ന പോലെയൊന്നും അല്ലല്ലോ' എന്ന് എന്നെ ഇൻസൾട്ട് ചെയ്യുന്ന തരത്തിൽ അഇജ കമന്റടിക്കുകയും ചെയ്തു.' പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ സ്വതന്ത്ര സഞ്ചാരങ്ങൾക്ക് പിറകെ ഒളിഞ്ഞു നോട്ടവുമായി നടക്കുന്ന ഇവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെപ്പോലും ഒപ്പം കൂട്ടാതെയും ആതിര താമസിക്കുന്ന ഫ്ളാറ്റിൽ ചെല്ലുന്നു. മേൽപറഞ്ഞ വിധം ഒരു പോലീസുദ്യോഗസ്ഥനു ചേരാത്ത വിധം അപമാനകരമായ പരാമർശങ്ങൾ നടത്തുന്നു.


പാലത്തായിയിലും വാളയാറിലും പിഞ്ചു കുഞ്ഞുങ്ങളെ അതിക്രൂരമായി പീഡിപ്പിച്ചവർക്കെതിരെ കുറ്റകരമായ ഉദാസീനത കാണിക്കുന്ന പോലീസ് സദാചാര പോലീസിംഗിൽ കാണിക്കുന്ന ഈ അമിതോത്സാഹം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. അതിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. ആതിരയുടെ പരാതിയിൽ ഉടൻ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു. ഉമേഷ് വള്ളിക്കുന്നിനും സുഹൃത്ത് ആതിരക്കുമെതിരായ പോലീസ് നീക്കങ്ങളെ ചെറുത്തു തോൽപിക്കുക എന്നത് ആത്മബോധമുള്ള മുഴുവൻ പൗരസമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.

Latest News