Sorry, you need to enable JavaScript to visit this website.

ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസ്സുകാരി മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

കൊല്ലം-ശസ്ത്രക്രിയക്കിടെ ഏഴു വയസ്സുകാരി മരിച്ചു. ചികിത്സപ്പിഴവു മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് കുട്ടി മരണത്തിനു കീഴടങ്ങിയത്. എഴുകോണ്‍ മാറനാട് സ്വദേശി സി.എസ്.സജീവ്കുമാറിന്റെയും വിനിതയുടെയും മകള്‍ ആദ്യ എസ്.ലക്ഷ്മിയാണ് മരിച്ചത്.
കടപ്പാക്കടയിലുള്ള ഒരു ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് ആദ്യക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ കുട്ടി മരിച്ചു.കുട്ടിക്ക് മറ്റ് അസുഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസ്ഥി സംബന്ധമായ വളവ് മാറ്റാന്‍ വേണ്ടി മാത്രമാണ് ആശുപത്രില്‍ എത്തിയതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. അതേസമയം ചികിത്സയിലും അനസ്‌തേഷ്യ നല്‍കിയതിലുമുള്ള പിഴവു മൂലമാണ് കുട്ടി മരിച്ചതെന്നു കാട്ടി ബന്ധുക്കള്‍ കൊല്ലം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി.ചികിത്സാപ്പിഴവല്ല മറിച്ച് ശസ്ത്രക്രിയയ്ക്കിടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായതാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ത്തന്നെ കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.


 

Latest News