Sorry, you need to enable JavaScript to visit this website.

ചൈനക്ക് വിവരങ്ങള്‍ കൈമാറിയ കേസില്‍ ദല്‍ഹി ജേണലിസ്റ്റിന് എഫ്.ഐ.ആര്‍ പകര്‍പ്പ് നല്‍കാന്‍ ഉത്തരവ്

രാഷ്ട്രീയ നിരീക്ഷകനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്ഥാപക ഡയരക്ടറായ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അംഗവുമാണ് 61 കാരനായ രാജീവ് ശര്‍മ. അറസ്റ്റിനു പിന്നാലെ ഫൗണ്ടേഷന്‍ വെബ് സൈറ്റിലെ  രാജീവ് ശര്‍മയുടെ പേജ് പിന്‍വലിച്ചിരുന്നു.

ന്യൂദല്‍ഹി-ഔദ്യോഗിക രഹസ്യ നിയമപ്രകാരം അടുത്തിടെ അറസ്റ്റിലായ ഫ്രീലാന്‍സ് ജേണലിസ്റ്റ് രാജീവ് ശര്‍മയുടെ അഭിഭാഷകര്‍ക്ക് എഫ.ഐ.ആറിന്റെ പകര്‍പ്പ് നല്‍കാന്‍ ദല്‍ഹി കോടതി പോലീസിനു നിര്‍ദേശം നല്‍കി. ഇതേ കേസില്‍ പ്രതിയായ ചൈനീസ് വനിത ക്വിംഗ് ഷീക്കും എഫ്.ഐ.ആറിന്റെ പകര്‍പ്പ് നല്‍കാന്‍ ദല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പവന്‍ സിംഗ് രജാവത്ത് ഉത്തരവിട്ടു.


രാഷ്ട്രീയ നിരീക്ഷകനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്ഥാപക ഡയരക്ടറായ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അംഗവുമാണ് 61 കാരനായ രാജീവ് ശര്‍മ. അറസ്റ്റിനു പിന്നാലെ ഫൗണ്ടേഷന്‍ വെബ് സൈറ്റിലെ  രാജീവ് ശര്‍മയുടെ പേജ് പിന്‍വലിച്ചിരുന്നു.


പ്രതികള്‍ക്ക് നിയമ വ്യവസ്ഥകള്‍ പാലിച്ച് സ്വയം പ്രതിരോധിക്കാന്‍ എഫ്.ഐ.ആര്‍ പകര്‍പ്പ് അനിവാര്യമാണെന്ന് ദല്‍ഹി പോലീസിനു നല്‍കിയ നിര്‍ദേശത്തില്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.


അതേസമയം, എഫ്.ഐ.ആറിലെ ഉള്ളടക്കം പൊതുസമൂഹത്തില്‍ വെളിപ്പെടുത്തരുതെന്നും നിയമപരമായ നടപടികള്‍ക്ക മാത്രം ഉപയോഗിക്കണമെന്നും പ്രതികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരോട് അദ്ദേഹം നിര്‍ദേശിച്ചു. കസ്റ്റഡി കാലയളവില്‍ പ്രതികളെ അരമണിക്കൂര്‍ സന്ദര്‍ശിക്കാനും അഭിഭാഷകര്‍ക്ക് കോടതി അനുമതി നല്‍കി.


എഫ്.ഐ.ആര്‍ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തിട്ടില്ലെന്നും പോലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ പകര്‍പ്പ് നല്‍കുന്നില്ലെന്നും രാജീവ് ശര്‍മയെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകന്‍ ആദിഷ് അഗര്‍വാലയും ക്വിംഗ് ഷിയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ രവിഷ് സിങും ബോധിപ്പിച്ചു.
എഫ്.ഐ.ആര്‍ പകര്‍പ്പുകള്‍ പ്രതികള്‍ക്ക് നല്‍കിയില്ലെങ്കിലും അന്വേഷണത്തില്‍ കണ്ടെത്തിയ  വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ് പത്രക്കുറിപ്പുകള്‍ ഇറക്കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതു കൊണ്ടുതന്നെ എഫ്.ഐ.ആര്‍ പകര്‍പ്പുകള്‍ നല്‍കാതിരിക്കുന്നതിന് പോലീസ് ഉന്നയിക്കുന്ന ന്യായങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.


മുദ്രവെച്ച കവറില്‍ ഹാജരാക്കിയ എഫ.്‌ഐ.ആറിലെ ഉള്ളടക്കം  കോടതി പരിശോധിച്ചു.
പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഔദ്യോഗിക രഹസ്യ നിയമവുമായി ബന്ധപ്പെട്ട് നിര്‍ണായകമാണെങ്കിലും കേസിന്റെ പശ്ചാത്തലവും മറ്റുവിവരങ്ങളും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി വിലയിരുത്തി.
ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും പോലീസ് ചില തെളിവുകള്‍ നശിപ്പിച്ചുവെന്നും മറ്റു തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി ജേണലിസ്റ്റ് രാജീവ് ശര്‍മയുടെ ഭാര്യ ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലിന് കത്ത് നല്‍കിയിരുന്നു.


ഇന്ത്യയുടെ അതിര്‍ത്തി തന്ത്രം, സൈന്യത്തിന്റെ വിന്യാസം, വിദേശനയം എന്നിവയെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങള്‍ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നാരോപിച്ച് രാജീവ് ശര്‍മയെ ഈ മാസം 14 നാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. അനുബന്ധ കമ്പനികള്‍ വഴി രാജീവ് ശര്‍മക്ക് വലിയ തുക നല്‍കിയതിന് ചൈനീസ് യുവതിയേയും അവരുടെ നേപ്പാളി സഹായിയേയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ സഹിതമാണ് പിടിയിലായതെന്ന് പോലീസ് അവകാശപ്പെടുന്ന രാജീവ് ശര്‍മ മറ്റ് പ്രതികള്‍ക്കൊപ്പം  ഈ മാസം 28 വരെ പോലീസ് കസ്റ്റഡിയിലാണ്.

 

Latest News