Sorry, you need to enable JavaScript to visit this website.
Wednesday , October   21, 2020
Wednesday , October   21, 2020

നന്മയുടെ കർഷകൻ ഭൂമിയുടെ സേവകൻ

രണ്ടു കിടക്കുന്ന മണ്ണിനെ വെള്ളവും വളവും നൽകി ധാന്യങ്ങളും പച്ചക്കറികളും ഫലവർഗങ്ങളും ഉൽപാദിച്ച് മാനവരാശിയുടെ ജീവൽപ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരം കാണുക എന്ന അതിമഹത്തായ ദൗത്യമാണ് ഒരു കർഷകൻ നിർവഹിക്കുന്നത്. പ്രകൃതിയുമായി ഇഴുകിച്ചേർന്ന് തന്റെ വിയർപ്പുതുള്ളികൾ ഭൂമിക്ക് സമ്മാനിച്ച് മണ്ണിന്റെ സുഗന്ധം ആസ്വദിച്ച് മണ്ണിന് പൊന്നിന്റെ മൂല്യം നൽകുകയാണ് ഓരോ കർഷകനും ചെയ്യുന്നത്. കിതപ്പും കുതിപ്പും ശരീരത്തിന്റെ ആകുലതകളും വേദനകളും നിക്ഷേപമാക്കി ഭൂമിയുടെ ആത്മാവിനെത്തേടി വയലുകളിലും പാടങ്ങളിലും പകലന്തിയില്ലാതെ കഷ്ടപ്പെടുന്ന കർഷകന്റെ കഠിനാധ്വാനമാണ് വിശക്കുന്ന ഓരോ ചാൺ വയറിന്റെയും പ്രതീക്ഷ. തീന്മേശകളിൽ ആഹാരപദാർത്ഥങ്ങൾ നിറയുമ്പോൾ  അതിന്റെ പിറകിൽ പ്രവർത്തിച്ച കണ്ണുനീരിന്റെയും സ്വേദകണങ്ങളുടെയും സഹനങ്ങളുടെയും വില പലർക്കും മനസ്സിലായിക്കൊള്ളണമെന്നില്ല. മനുഷ്യനെ ഊട്ടുന്ന കർഷകൻ ഭൂമിയെ ഹരിതാഭമാക്കുന്ന ഒരു കലാകാരൻ കൂടിയാണ്. 

ഓരോ മനുഷ്യനും ഭൂമിയിൽ ഓരോ നിയോഗമുണ്ട്. പ്രകൃതിയുടെ ഹൃദയം തൊട്ടറിഞ്ഞ കർഷകൻ നിർവഹിക്കുന്നത് സ്രഷ്ടാവ് അയാളെ ഏൽപ്പിച്ച ഉത്തരവാദിത്വത്തിന്റെ പൂർത്തീകരണമാണ്. സ്വർഗ്ഗലോകത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങി വരുമ്പോൾ സ്രഷ്ടാവ് മനുഷ്യനോട് പറഞ്ഞ ഒരു വാക്യമുണ്ട്. 'നിങ്ങള്‍ക്ക്‌ ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും' (ഖുർആൻ 2:36). ഖുർആനിന്റെ പ്രയോഗം വളരെ കൃത്യമാണ്. ജീവിതം ഒരു നിശ്ചിത കാലം വരേക്ക് മാത്രം. എന്നാൽ എത്രകാലം ജീവിക്കുന്നുവോ അത്രയും കാലം അല്ലാഹു മനുഷ്യന് ജീവിതവിഭവം ഒരുക്കിയിട്ടുണ്ട്. അതവൻ അധ്വാനിച്ച് കണ്ടെത്തണം. ഒരു കർഷകൻ ഭൂമിയിൽ നിർവഹിക്കുന്ന ദൗത്യം അതാണ്. കർഷകൻ അദ്ധ്വാനിക്കുകയും ഭൂമിയെ ഉഴുതുമറിച്ച് കാർഷികയോഗ്യമാക്കിയാലും അവിടെ ഉത്പാദനം നടത്തുന്നത് സ്രഷ്ടാവാണ്.  ഖുർആൻ പറയുന്നു: "അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌; നിര്‍ജീവമായ ഭൂമി. അതിന്‌ നാം ജീവന്‍ നല്‍കുകയും, അതില്‍ നിന്ന്‌ നാം ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തു. എന്നിട്ട്‌ അതില്‍ നിന്നാണ്‌ അവര്‍ ഭക്ഷിക്കുന്നത്‌." (36:33).  "അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട്‌ അത്‌ മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത്‌ കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന്‌ പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട്‌ വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന്‌ നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത്‌ വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന്‌ അഥവാ അതിന്‍റെ കൂമ്പോളയില്‍ നിന്ന്‌ തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത്‌ വരുന്നു. അപ്രകാരം തന്നെ മുന്തിരിത്തോട്ടങ്ങളും,  പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും നാം ഉല്‍പാദിപ്പിച്ചു. അവയുടെ കായ്കള്‍ കായ്ച്ച്‌ വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്‌." (6:99).  

ഇങ്ങനെ മാനവലോകത്തിന്റെ സ്രഷ്ടാവ് ഭൂമിയിൽ ഒരുക്കിത്തന്നിട്ടുള്ള വിഭവങ്ങളെ അന്വേഷിക്കുകയും കണ്ടെത്തുകയും അതിനെ ഉത്പാദിപ്പിച്ചെടുക്കുകയും ചെയ്യുക മനുഷ്യന്റെ ഉത്തരവാദിത്തമാണ്. സ്രഷ്ടാവിന്റെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരായ വിശ്വാസിസമൂഹം ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കുന്നത്. പ്രവാചകൻ (സ്വ) പറഞ്ഞു: 'ആരുടെയെങ്കിലും കൈവശം ഭൂമി ഉണ്ടെങ്കിൽ അയാളവിടെ കൃഷി ചെയ്യട്ടെ. അല്ലെങ്കിൽ മറ്റൊരാളെ കൃഷി ചെയ്യാൻ അനുവദിക്കട്ടെ. അതിനയാൾ  വിസമ്മതിച്ചാൽ ആ ഭൂമി പിടിച്ചെടുക്കുകയാണ് വേണ്ടത്.' (ബുഖാരി, മുസ്‌ലിം). കൃഷിയുടെ പ്രാധാന്യം ഈ വചനത്തിൽ നിന്നും മനസ്സിലാക്കാം. ഭൂമി മനുഷ്യർക്ക് ഉപകാരപദമായിരിക്കണം. അതിനെ തരിശാക്കി വിട്ട് ആർക്കും ഗുണപ്രദമാകാത്ത അവസ്ഥയിൽ വിട്ടേക്കരുതെന്ന കർശനമായ ഈ നിർദ്ദേശം കാർഷികവൃത്തിയുടെ പ്രാധാന്യമാണ് ബോധ്യപ്പെടുത്തുന്നത്. കൃഷിയിലൂടെ ഒരാൾക്ക് ലഭിക്കുന്ന പരലോകപുണ്യത്തെ കുറിച്ചും പ്രവാചകൻ വിവരിക്കുന്നുണ്ട്. 'ഏതൊരു വിശ്വാസിയും വിളകളും സസ്യങ്ങളും കൃഷിചെയ്യുകയും അതിൽ നിന്ന് പക്ഷികളോ മനുഷ്യരോ മൃഗങ്ങളോ ഭക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ അതൊരു ധർമ്മമായി അയാളിൽ നിന്നും സ്വീകരിക്കും." (ബുഖാരി). പ്രവാചകൻ പറഞ്ഞു: 'അന്ത്യനാൾ ആഗതമാകുന്ന വേളയിലും നിങ്ങളുടെ കൈയിൽ ഒരു വിത്തുണ്ടെങ്കിൽ അത് കുഴിച്ചിടുക. അതിന് നിങ്ങൾക്ക് പ്രതിഫലമുണ്ട്.' (മുസ്‌നദ് അഹ്‌മദ്‌).  

പ്രവാചകൻ പറഞ്ഞു: "അറിവ് പറഞ്ഞുകൊടുക്കുന്നവൻ, നദിയെ ഒഴുക്കുന്നവൻ, കിണർ കുഴിക്കുന്നവൻ, ഈത്തപ്പന നട്ടുപിടിപ്പിച്ചവൻ, പള്ളി പണിതവൻ, തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു സന്താനത്തെ ബാക്കിയാക്കിവൻ എന്നിവർക്കെല്ലാം മരണശേഷവും ഖബറിൽ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും." (ബസ്സാർ, അബൂദാവൂദ്, അൽബാനി). ഇങ്ങനെ കൃഷി അടക്കമുള്ള മനുഷ്യസേവനത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളെല്ലാം ഉദ്ദേശ്യാനുസൃതം ആരാധനയാണെന്നും അതുകൊണ്ടുതന്നെ അവ പ്രതിഫലാർഹമാണെന്നുമാണ്  ഖുർആനിക സൂക്തങ്ങളും പ്രവാചക വചനങ്ങളും വ്യക്തമാക്കുന്നത്. 

പ്രവാചകന്റെ അനുചരന്മാരും പൂർവസൂരികളും കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുകയും ജീവിതത്തിൽ അവരത് പുലർത്തുകയും ചെയ്തിരുന്നു. ഒരിക്കൽ ഉഥ്മാൻ (റ) അദ്ദേഹത്തിന്റെ വാർധക്യത്തിൽ ഒരു ചെടി നടുന്നത് കണ്ടപ്പോൾ ഈ പ്രായത്തിലാണോ കൃഷി ചെയ്യുന്നത് എന്നൊരാൾ ചോദിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞു: "മരണമെത്തുമ്പോൾ ഒരു നാശകാരിയാവുന്നതിനേക്കാൾ ഒരു സത്കർമ്മിയാവുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു".  അബുദ്ദർദാഉ (റ) വന്ദ്യവയോധികനായിരിക്കെ ഡമാസ്കസിൽ വച്ച് മരം നടുന്നത് കണ്ടപ്പോൾ അദ്ദേഹത്തോടും ഇതുപോലെ ആളുകൾ ചോദിച്ചു. അദ്ദേഹം പറഞ്ഞത്, എനിക്കുവേണ്ടിയല്ല, വരാനുള്ള തലമുറക്കുള്ളതാണ് എന്നായിരുന്നു. അബ്‌ദുറഹ്‌മാൻ ബ്‌നു ഔഫ് (റ) വലിയ ധനികനായിരുന്നിട്ടു കൂടി അദ്ദേഹത്തിന്റെ കൈയിൽ മിക്കപ്പോഴും ഒരു മൺവെട്ടി ഉണ്ടായിരുന്നത്രെ. മദീനയിൽ ആദ്യമായി ഗോതമ്പ് കൃഷി ആരംഭിച്ചത് ത്വൽഹത്ത് ബ്‌നു ഉബൈദുല്ല (റ) ആയിരുന്നുവെന്നും ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. ആദ്യകാല മുസ്‌ലിം സമൂഹം കൃഷിയുടെ കാര്യത്തിൽ പുലർത്തിയിരുന്ന താല്പര്യവും ജാഗ്രതയുമെല്ലാം വളരെ വലുതായിരുന്നുവെന്നാണ് ഇതെല്ലം വ്യക്തമാക്കുന്നത്. മണ്ണിനോട് ബന്ധമുള്ളതും ജാവിതഗന്ധിയായിട്ടുള്ളതുമായ വ്യവഹാരങ്ങളോടായിരുന്നു അവർക്ക് ഏറെ ഇഷ്ടം. കാലം ആധുനികതയോട് മത്സരിച്ചുതുടങ്ങിയപ്പോൾ പ്രകൃതിയോട് യോജിക്കുന്ന ജീവിതവൃത്തികളിൽ നിന്നും അകലുകയും മറ്റു മേഖലകളിലേക്ക് പ്രവേശിക്കുകയും ചെയ്തത് മുസ്‌ലിം യുവാക്കളുടെ കർമ്മശേഷിയെ കാർഷികമേഖലയിൽ നിന്നും അകറ്റുകയുണ്ടായി. പൗരാണിക മുസ്‌ലിംകൾ മണ്ണിനോടും പ്രകൃതിയോടും കാണിച്ചിരുന്ന കൂറും സ്നേഹവും തിരിച്ചുപിടിക്കാൻ ആധുനിക മുസ്‌ലിം സമൂഹവും തയ്യാറാവേണ്ടതുണ്ട്. 

ഖലീഫമാരുടെ കാലങ്ങളിൽ ഇസ്‌ലാമിക പ്രദേശത്തിന്റെ വിസ്തൃതി വർധിച്ചതോടെ എല്ലാ പ്രദേശങ്ങളിലും കാർഷിക താല്പര്യവും വർധിച്ചു. കൂടാതെ ഭൂമി സ്വന്തമാക്കാനും അവിടങ്ങളിൽ കൃഷിചെയ്യാനുമുള്ള മാർഗങ്ങൾ അവർ സുഗമമാക്കി. 'നിർജീവമായ മണ്ണിനെ ആർ സജീവമാക്കുന്നുവോ ആ മണ്ണ് അയാളുടേതാണ്' എന്നും 'ആരുടേതുമല്ലാത്ത ഭൂമിയിൽ ആരെങ്കിലും വിളവെടുപ്പ് നടത്തിയാൽ അത് അയാൾക്കുള്ളതാകുന്നു' തുടങ്ങിയ  പ്രവാചകവചനങ്ങൾ അവർക്ക് പ്രചോദനമായി. കടന്നുവന്ന പ്രദേശങ്ങളിൽ വിളവെടുപ്പ് വർധിച്ചതോടെ ഇസ്‌ലാമിക ഭരണാധികാരികളും കൃഷിക്കാരെ പ്രോത്സാഹിപ്പിച്ചു.  കാർഷിക മേഖലയിൽ നിന്നുമുണ്ടായിരുന്ന വരുമാനമായിരുന്നു ഇസ്‌ലാമിക രാജ്യങ്ങളിലെ പ്രധാനപ്പെട്ട വരുമാനം. അവർ ജലസേചന മാർഗങ്ങൾ നവീകരിക്കുകയും കനാലുകളും നദികളും  വൃത്തിയാക്കുകയും അണക്കെട്ടുകൾ നിർമ്മിക്കുകയും ചെയ്തു. ഇതിനായി ധാരാളം പണം ചിലവഴിക്കുകയും മനുഷ്യ വിഭവ ശേഷിയെ കണ്ടെത്തുകയും ചെയ്തു. അടഞ്ഞു കിടന്നിരുന്ന പുഴകളെ നവീകരിക്കുകയും അവ കാർഷിക പുരോഗതിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്തു. യൂഫ്രട്ടീസ് നദിയിലും മറ്റു നദികളിലും ഖലീഫമാർ നടത്തിയിരുന്ന വികസനപ്രവർത്തനങ്ങൾ അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന നവീകരണങ്ങൾക്ക് തുല്യമായിരുന്നുവെന്നാണ് ബ്രിട്ടീഷ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. 

ഖലീഫമാർ കർഷകരുമായി വളരെ നല്ല ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്തു. കർഷകരുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ഖലീഫമാർ ഉപദേശിക്കാറുണ്ടായിരുന്നു. ഭൂമി അളന്നു തിട്ടപ്പെടുത്തിയ ശേഷമല്ലാതെ ഭൂനികുതികൾ നിശ്ചയിക്കരുതെന്ന് അവർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കർഷകർക്ക് മേൽ അധിക ഭാരം വരാതെ നോക്കാനും അവർ ഉത്തരവുകൾ പുറപ്പെടുവിച്ചു. അലി (റ) അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥൻ അബ്ദുൽ മാലിക് ബിൻ ഉമൈറിനോട് പറഞ്ഞത് വളരെ പ്രസിദ്ധമാണ്. കർഷകരായ അധ്വാനിക്കുന്നവരുടെ നികുതി കാര്യങ്ങളിൽ ഇളവ് വരുത്താനും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാനും പരമാവധി വിട്ടുവീഴ്ച ചെയ്തുകൊടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 
കർഷകർ ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ നിങ്ങൾക്കും ആരോഗ്യമുണ്ടാവുകയുള്ളൂ എന്നായിരുന്നു ബസ്‌റയിലെ ഗവർണർ ആയിരുന്ന സിയാദ് ബ്‌നു അബീഹി അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്.  അബ്ബാസി കാലഘട്ടത്തിൽ കർഷകരിൽ ചിലർക്ക് നികുതി അടക്കാൻ സാധിക്കാതെ വന്നപ്പോൾ ഉദ്യോഗസ്ഥർ അവരെ ദ്രോഹിക്കുകയും പണമടക്കാൻ നിർബന്ധം ചെലുത്തുകയും ചെയ്തപ്പോൾ അവരെ കടക്കാരായി പ്രഖ്യാപിക്കാനാണ് ഖലീഫ നിർദ്ദേശിച്ചത്. രണ്ടാം ഉമർ എന്നറിയപ്പെടുന്ന ഉമർ ബ്‌നു അബ്ദുൽ അസീസ് തന്റെ ഗവർണറായ അബ്ദുൽഹമീദ് ബ്‌നു അബ്ദുറഹ്‌മാന്‌ നൽകിയ നിർദ്ദേശത്തിൽ കർഷകർക്ക് വായ്പകൾ നൽകാൻ പ്രോത്സാഹിപ്പിക്കുന്നതായി കാണാം. നികുതി അടക്കാൻ സാധിക്കാത്ത കർഷകരെ ബുദ്ധിമുട്ടിക്കരുതെന്നും ഒന്നോ രണ്ടോ വർഷത്തേക്ക് അവർ നികുതി അടച്ചില്ലെങ്കിലും അവരുടെ കാർഷിക വേലകൾക്ക് സഹായകമായിട്ടേ വർത്തിക്കാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. ചരിത്രത്തിൽ ഇങ്ങനെയുള്ള ഒട്ടേറെ സംഭവങ്ങൾ കാണിക്കാൻ സാധിക്കും. ഇസ്‌ലാമിന്റെ ശാദ്വല തീരത്ത് വളർന്നു വലുതായ കർഷകർ സ്നേഹവും കരുതലും അനുഭവിച്ചു.  അവരുടെ അദ്ധ്വാനങ്ങൾക്ക് ഫലമുണ്ടെന്ന് അവർക്ക് ബോധ്യമായി. അവരുടെ തൊഴിലിന് മാന്യമായ പദവി ലഭിക്കുന്നുണ്ടെന്നും അവർക്ക് മനസ്സിലായി. സമൂഹത്തിൽ ഒരു കർഷകനുണ്ടായിരുന്ന സ്ഥാനത്തേക്കാളും മറ്റാർക്കും സ്ഥാനമുണ്ടായിരുന്നില്ല. 

മുസ്‌ലിം ഭരണാധികാരികളുടെയും ഖലീഫമാരുടെയും കർഷകരോടുള്ള ഈ താൽപ്പര്യത്തിന്റെ ഫലമായി, മധ്യേഷ്യ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം വരെ മുഴുവൻ ഇസ്ലാമിക ലോകത്തും ഭൂമി പച്ചപിടിക്കുകയും കാർഷിക സമ്പത്ത് വർധിക്കുകയും ചെയ്തു. സമ്പൂർണ്ണമായ കാർഷിക നിയമം ഉടലെടുത്തത് ഇസ്‌ലാമിക രാജ്യങ്ങളിലായിരുന്നുവെന്നാണ് 'സ്റ്റോറി ഓഫ് സിവിലൈസേഷൻ' എന്ന ഗ്രന്ഥത്തിൽ പ്രമുഖ ചരിത്രകാരൻ വിൽ ഡ്യൂറാണ്ട് പറയുന്നത്. വിളകളെ പരിപാലിക്കുന്നതിൽ മാത്രമല്ല കന്നുകാലികളെ വളർത്തി അവയെ കാർഷിക സമ്പത്താക്കി മാറ്റുന്നതിൽ ഇസ്‌ലാമിക ഖലീഫമാരാണ് മുഖ്യ പങ്കു വഹിച്ചതെന്നും അവരിൽ നിന്നാണ് യൂറോപ്യൻമാർ പല പരീക്ഷണങ്ങളും പഠിച്ചു മനസ്സിലാക്കിയതെന്നും അദ്ദേഹം പറയുന്നു.  മണ്ണിനെ കുറിച്ചും പ്രകൃതിയെ കുറിച്ചും ജൈവ രാസ വളങ്ങളെക്കുറിച്ചും കൃഷി, ജലസേചനം തുടങ്ങിയവയെ കുറിച്ചുമെല്ലാം ആധികാരികമായ രചനകളും സംഭാവന ചെയ്തത് ഇസ്‌ലാമിക ലോകത്ത് നിന്നാണ്. 

കർഷകർ അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവരിലൂടെയാണ് ലോകത്ത് ഭക്ഷ്യവസ്തുക്കളുടെ വ്യാപനം നടക്കുന്നത്. പൊള്ളുന്ന വെയിലിലും കുത്തിച്ചൊരിയുന്ന മഴയിലും രോഗവും തളർച്ചയുമെല്ലാം അവഗണിച്ച് ഭൂമിയെ സേവിക്കുന്ന നന്മയുടെ വിളനിലങ്ങളാണവർ. അവർക്ക് ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും സ്നേഹവും പിന്തുണയുമാണാവശ്യം. നിയമങ്ങൾ കഠിനമാക്കി മണ്ണിനെ പൊന്നാക്കി മാറ്റുന്ന കരങ്ങളെ തളർത്തുവാൻ പാടില്ല. അവർ മെലിഞ്ഞാൽ രാജ്യം മൊത്തം മെലിയുമെന്ന യാഥാർഥ്യം തിരിച്ചറിയുക. ഭൂമിയുടെ വളർച്ചക്കും കർഷകരുടെ പുരോഗതിക്കുമൊപ്പമാണ് വിശ്വാസികൾ നിലകൊള്ളേണ്ടത്.

Latest News