Sorry, you need to enable JavaScript to visit this website.

സ്വകാര്യ ചാറ്റുകള്‍ പോലീസ് വീണ്ടെടുക്കുന്നു; മറുപടിയുമായി വാട്‌സാപ്പ്

ഗൂഗിള്‍ ഡ്രൈവിലും അതുപോലുള്ള ക്ലൗഡ് സേവനങ്ങളിലും സൂക്ഷിക്കുന്നതും ബാക്കപ്പ് ചെയ്യുന്നതുമായ മീഡിയാ ഫയലുകള്‍ക്കും സന്ദേശങ്ങള്‍ക്കും  എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ പരിരക്ഷയില്ലെന്നാണ് വാട്‌സാപ്പ് വക്താവ് പുതിയ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നത്.

ന്യൂദല്‍ഹി- നടന്‍ സുശാന്തിന്റെ മരണവുമായ ബന്ധപ്പെട്ട അന്വേഷണത്തിനിടെ, റിയാ ചക്രവര്‍ത്തിയുടെയും മറ്റുള്ളവരുടെയും മൊബൈല്‍ ഫോണുകളില്‍നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ചാറ്റുകള്‍ വീണ്ടെടുത്തത് സോഷ്യല്‍ മീഡിയയില്‍ വാട്‌സാപ്പ് ചാറ്റുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിരിക്കയാണ്. കേരളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രതികളുടെ വാട്‌സാപ്പ് ചാറ്റ് വീണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനേയും സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനേയും ഒരുമിച്ചിരുത്തി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. വാട്‌സാപ്പ് ചാറ്റില്‍നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്.

സിനിമാതാരങ്ങളുടെ വാട്‌സാപ്പ് ചാറ്റുകളിലേക്ക് പ്രവേശനം ലഭിച്ചതാണ് മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ നടിമാരെ ചോദ്യം ചെയ്യുന്നതിന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ക്ക് സഹായകമായത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമുള്ള അന്വേഷണത്തിനിടെയാണ് റിയയുടെ മൊബൈല്‍ ഫോണിന്റെ ക്ലോണിംഗ് എന്‍.സി.ബി നടത്തിയത്.

അന്വേഷണ ഏജന്‍സികള്‍ വാട്‌സാപ്പ് ചാറ്റുകള്‍ തെളിവായും തുടര്‍ അന്വേഷണത്തിനും ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ കൂടുതലായി പുറത്തുവന്നിരിക്കെയാണ്  വാട്‌സാപ്പിന്റെ സ്വകാര്യത ചര്‍ച്ചയായകുന്നത്. എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി സ്വകാര്യത ഉറപ്പുനല്‍കുന്നുവെന്നതാണ് വാട്‌സാപ്പും ഉടമകളായ ഫേസ്ബുക്കും പ്രധാന സവിശേഷതയായി അവകാശപ്പെടാറുള്ളത്. സ്വകാര്യമായി കണക്കാക്കപ്പെട്ടിരുന്ന ചാറ്റുകള്‍ ഇപ്പോള്‍ എങ്ങനെയാണ് പുറത്തുവരുന്നുഎന്നതാണ് പ്രസക്തമായ ചോദ്യം.

സന്ദേശങ്ങള്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് പരിരക്ഷിക്കുന്നുവെന്നും അതിനാല്‍ നിങ്ങള്‍ക്കും ആശയവിനിമയം നടത്തുന്ന വ്യക്തിക്കും മാത്രമേ അയച്ചവ വായിക്കാന്‍ കഴിയൂവെന്നും ഏറ്റവും പുതിയ വിശദീകരണത്തിലും വാട്‌സാപ്പ് അവകാശപ്പെടുന്നു. ഇതിനിടയിലുള്ള ആര്‍ക്കും, വാട്‌സാപ്പിനു പോലും ഇത് ആക്‌സസ് ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനി പറയുന്നു.  ഫോണ്‍ നമ്പര്‍ മാത്രം ഉപയോഗിച്ചാണ് ആളുകള്‍ വാട്‌സാപ്പില്‍ സൈന്‍ അപ്പ് ചെയ്യുന്നുവെന്നതും സന്ദേശ ഉള്ളടക്കത്തിലേക്ക് വാട്‌സാപ്പിന് ആക്‌സസ് ഇല്ലെന്നതും കമ്പനി ഉണര്‍ത്തുന്നു.

ഫോണുകളിലെ സ്‌റ്റോറേജുമായി ബന്ധപ്പെട്ട്  ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മാതാക്കള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് വാട്‌സാപ്പ് പിന്തുടരുന്നത്. ഫോണുകളില്‍ ശേഖരിച്ചിരിക്കുന്ന ഉള്ളടക്കം മൂന്നാം കക്ഷിക്ക് ലഭിക്കാതിരിക്കാനും അതിനുള്ള ശ്രമങ്ങള്‍ തടയാനും  ശക്തമായ പാസ്‌വേഡുകളോ ബയോമെട്രിക് ഐഡികളോ പോലെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ നല്‍കുന്ന എല്ലാ സുരക്ഷാ ഫീച്ചറുകളും പ്രയോജനപ്പെടുത്താന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വാട്‌സാപ്പ് പറയുന്നു.
എല്ലാ സന്ദേശങ്ങള്‍ക്കും എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ടെന്ന് വാട്‌സ്ആപ്പ് അതിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ പറയുന്നുണ്ട്.  എന്നാല്‍ ഗൂഗിള്‍ ഡ്രൈവിലും അതുപോലുള്ള ക്ലൗഡ് സേവനങ്ങളിലും സൂക്ഷിക്കുന്നതും ബാക്കപ്പ് ചെയ്യുന്നതുമായ മീഡിയാ ഫയലുകള്‍ക്കും സന്ദേശങ്ങള്‍ക്കും  എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ പരിരക്ഷയില്ലെന്നാണ് വാട്‌സാപ്പ് വക്താവ് പുതിയ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നത്. സന്ദേശങ്ങള്‍ അയച്ചയാള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ കാണാനാകൂ എന്നാണ് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ട് അര്‍ഥമാക്കുന്നത്. വാട്‌സാപ്പിന് പോലും ഈ സന്ദേശങ്ങള്‍ കാണാന്‍ കഴിയില്ല.
എന്‍ക്രിപ്റ്റ് ചെയ്ത വാട്‌സാപ്പാ ഡാറ്റ ആക്‌സസ് ചെയ്യുകയെന്ന ലക്ഷ്യത്തോടെ  അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു ഉപയോക്താവിന്റെ ഫോണിന്റെ അതേ പകര്‍പ്പ് മറ്റൊരു ഫോണില്‍ ക്ലോണ്‍ ചെയ്ത് സൃഷ്ടിക്കാന്‍ കഴിയും. ഫോണിന്റെ മിറര്‍ ഇമേജ് വഴി ഡിലീറ്റ് ചെയ്ത  സന്ദേശങ്ങള്‍ പോലും വീണ്ടെടുക്കാനും എല്ലാ ഡാറ്റയും പ്രത്യേക ഡിവൈസിലേക്ക് മാറ്റാനും കഴിയും.

ഇതിനുശേഷമാണ് ഫോറന്‍സിക് വിദഗ്ധരെ ഉള്‍പ്പെടുത്തി ഏജന്‍സികള്‍ ഡാറ്റകള്‍ വീണ്ടെടുക്കുന്നതും  വിശകലനം ചെയ്യുന്നതും.  ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍, സന്ദേശങ്ങള്‍, ഇമേജുകള്‍, വാട്‌സാപ്പ് ചാറ്റുകള്‍,  ഗൂഗിള്‍ െ്രെഡവ് അല്ലെങ്കില്‍ ഐക്ലൗഡ് എന്നിവയിലുള്ള ഫോണിന്റെ ക്ലൗഡ് സേവനത്തിലെ ഡാറ്റ തുടങ്ങിയവ ഇങ്ങനെ വീണ്ടെടുക്കുന്നു.

നിരോധിത മയക്കുമരുന്നുകളെ കുറിച്ച് സിനിമാ താരങ്ങള്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ്  സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം മയക്കുമരുന്ന് കടത്തിലെത്താനും എന്‍.സി.ബി അന്വേഷണം ഏറ്റെടുക്കാനും കാരണം. വാട്‌സാപ്പ് ചാറ്റുകള്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.  ബോളിവുഡ് നടന്‍ ദീപിക പദുക്കോണും മാനേജര്‍ കരിഷ്മ പ്രകാശും തമ്മിലുള്ള ആരോപണത്തെത്തുടര്‍ന്ന് 2017 മുതല്‍ ഒരു ഗ്രൂപ്പ് ചാറ്റിലാണ് അന്വേഷണ ഏജന്‍സി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

എന്‍സിബി ചോദ്യം ചെയ്ത ജയ സാഹയില്‍ നിന്ന് വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുത്തതായി തോന്നുന്നു. 2017 ല്‍ നടി ദീപക പദുക്കോണും അവരുടെ മാനേജര്‍ കരിഷ്മ പ്രകാശും നടത്തിയ വാട്‌സാപ്പ് ചാറ്റ് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ എന്‍.സി.ബിയുടെ അന്വേഷണം. ഇവരുടെ ഗ്രൂപ്പ് ചാറ്റില്‍ ഉണ്ടായിരുന്ന ജയ ഷായുടെ വാട്‌സാപ്പ് ചാറ്റാണ് എന്‍.സി.ബി വീണ്ടെടുത്തത്. ഇവരെ ഏജന്‍സി ചോദ്യം ചെയ്തിരുന്നു.  സുശാന്ത് സിംഗ് രജ്പുത്തിന്റെ ടാലന്റ് മാനേജര്‍ കൂടിയായിരുന്ന ജയ, ക്വാന്‍ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സിയുടെ ഭാഗമായിരുന്നു. ജയയും ദീപികയും കരിഷ്മയും വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നു.

 

Latest News