മരണത്തിലും അവര്‍ മൂവരും ഒരുമിച്ചു; ഖബറടക്കം ഇന്ന്

ദമാം- വ്യാഴാഴ്ച പുലര്‍ച്ചെ ദമാം-കോബാര്‍ ഹൈവയില്‍ വാഹനാപകടത്തില്‍ മരിച്ച മൂന്ന് കൂട്ടുകാരുടെ മൃതദേഹങ്ങള്‍ ഇന്ന് മറവു ചെയ്യും. നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ സമൂഹ്യ പ്രവര്‍ത്തകര്‍ തുടര്‍നടപടികള്‍ക്കായുള്ള രേഖകളെല്ലാം വേഗത്തില്‍ ശരിയാക്കി. ദമാം 91 ഖബര്‍സ്ഥാനില്‍ വൈകിട്ട് മൂന്ന് മണിക്കാണ് ഖബറടക്കം.

കോഴിക്കോട് മാങ്കാവ്  സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22) വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22) താനൂര്‍ കുന്നുംപുറം സ്വദേശി  സ്വദേശി പൈക്കാട്ട് സെയ്തലവിയുടെ മകന്‍  മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്.

രാവിലെ കേട്ട അപകട വാര്‍ത്ത ദമാമിലെ പ്രവാസി സമൂഹത്തിന് വിശ്വസിക്കാനായിരുന്നില്ല. ദീര്‍ഘ കാലത്തെ സുഹൃദ് ബന്ധങ്ങള്‍ക്ക് വിരാമമിട്ടു ദുരന്തപൂര്‍ണമായ അന്ത്യം സംഭവിക്കുകയായിരുന്നു മൂന്നു സഹോദരങ്ങള്‍ക്കും.  ഇവരെല്ലാം കുടുംബത്തോടൊപ്പം ദമാമില്‍ ദീര്‍ഘകാലമായി കഴിയുന്നുണ്ടെങ്കിലും ഓരോ ദിവസവും ടെലിഫോണ്‍ സൗഹൃദം നിലനിറുത്തുമ്പോഴും മിക്ക ദിവസങ്ങളിലും നേരില്‍ കാണാന്‍ ഇവര്‍ സമയം കണ്ടെത്തിയിരുന്നു.


ദുരന്തപൂര്‍ണമായ ദിവസമാകട്ടെ സനദിന്റെ മറ്റൊരു സുഹൃത്തായ മുബഷിറുമൊത്ത് ദമാം കോര്‍ണിഷിലെ സൗദി ദേശീയ ദിന ആഘോഷ പരിപാടികളില്‍ പങ്കെടുത്തു മുബഷിറിനെ കോബാറിലെ വീട്ടില്‍ കൊണ്ട് ചെന്നാക്കിയിരുന്നു. സനദിന്റെ മറ്റു സുഹൃത്തുക്കളായ അന്‍സിഫ്, ഷഫീഖ് എന്നിവരെ അവരുടെ ജോലി സമയം കഴിഞ്ഞതിനുശേഷം ഒപ്പം കൂട്ടിയാണ് രക്ഷിതാക്കളുടെ പൂര്‍ണമായ സമ്മതത്തോടെ ദേശീയദിന ആഘോഷങ്ങളില്‍ പങ്കുചേരാന്‍ പോയതെങ്കിലും മരണം ഇവരെ പിന്തുടരുകയായിരുന്നു.
ഇവരുടെ മരണ വാര്‍ത്ത കേട്ട് സുഹൃത്തുക്കളും ബന്ധുക്കളും ദമാം ആശുപത്രിക്ക് മുന്നില്‍ ഓടിയെത്തി അവരുടെ വിഷമവും സങ്കടവും ഒരിറ്റു കണ്ണീര്‍ കൊണ്ട് മറക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്‌നേഹവും അതിലേറെ വാത്സല്യവും നല്‍കി പൊന്നു പോലെ കാത്തു സൂക്ഷിച്ചു വളര്‍ത്തി വലുതാക്കിയ മക്കളുടെ അകാലത്തിലുള്ള വേര്‍പാടില്‍ വിലപിക്കുകയും അതോടൊപ്പം ഇവരുടെ പരലോകത്തെ നിത്യ ശാന്തിക്കായി പ്രാര്‍ഥിക്കുന്നതിന് മാതാപിതാക്കള്‍ സുഹൃത്തുക്കളോട് കേണപേക്ഷിക്കുന്നത് നോക്കി നില്‍ക്കുന്നവരില്‍ പോലും നൊമ്പരമുണര്‍ത്തി. സുഹൃത്തുക്കള്‍ക്കിടയില്‍ സൗമ്യത കൈവരിച്ചിരുന്ന ഇവര്‍ തങ്ങളുടെ കുടുംബങ്ങള്‍ക്കിടയിലും പോലും ഒരുമ ഏറെ ഇഷ്ടപ്പെട്ടിരുന്നതായി കുടുംബ സുഹൃത്തുക്കള്‍ പറയുന്നു. ഇത്രയേറെ പ്രയാസം സൃഷ്ടിച്ച മരണം ദമാമിലെ പ്രവാസികള്‍ അടുത്തകാലത്തൊന്നും കേട്ടിട്ടില്ല.

 

Latest News