Sorry, you need to enable JavaScript to visit this website.

ഉമര്‍ ഖാലിദിനെതിരെ 'തീരുമാനിച്ചുറപ്പിച്ച വേട്ട', മോചനം ആവശ്യപ്പെട്ട് 200ലേറെ ദേശീയ, അന്താരാഷ്ട്ര പ്രമുഖര്‍

ന്യൂദല്‍ഹി- ദല്‍ഹി കലാപക്കേസില്‍ വ്യാജകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇരുനൂറിലേറെ ദേശീയ, രാജ്യാന്ത പ്രശസ്തരായ പണ്ഡിതരും അക്കാദമീഷ്യന്‍മാരും കലാകാരന്മാരും രംഗത്ത്. ഉമര്‍ ഖാലിദിനെതിരെ നടക്കുന്നത് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച വേട്ടയാണെന്നും ദല്‍ഹി പോലീസ് അദ്ദേഹത്തിനെതിരെ വ്യാജകുറ്റം ചുമത്തിയാണ് കിരാത നിയമമായ യുഎപിഎ ചാര്‍ത്തിയിരിക്കുന്നതെന്നും യുഎസ് ചിന്തകന്‍ നോം ചോംസ്‌കി, രാജ്യാന്തര പ്രശസ്ത എഴുത്തുകാരായ സല്‍മാന്‍ റുഷ്ദി, അരുന്ധതി റോയ്, അമിതവ് ഘോഷ്, രാമചന്ദ്ര ഗുഹ, രാജ്‌മോഹന്‍ ഗാന്ധി, സംവിധായകരായ മീരാ നായര്‍, ആനന്ദ് പട്‌വര്‍ധന്‍, ചരിത്ര പണ്ഡിതരായ റൊമില ഥാപ്പര്‍, ഇര്‍പാന്‍ ഹബീബ്, സാമുഹ്യ പ്രവര്‍ത്തകരായ മേധാ പട്കര്‍, അരുണ റോയ് തുടങ്ങി 208 പ്രമുഖര്‍ ഒപ്പുവെച്ച കത്തില്‍ പറയുന്നു. തങ്ങള്‍ ധീരനായ യുവ പണ്ഡിതനും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കന്നതായും അവര്‍ പറയുന്നു. ഏതാനും വര്‍ഷമായി ഇന്ത്യയില്‍ പ്രതിപക്ഷ ശബ്ദങ്ങളെ ക്രിമിനല്‍് കുറ്റമാക്കിമാറ്റുന്ന നടപടിയാണ് നടന്നുവരുന്നത്. കോവിഡ് കാലത്തു പോലും ഇതു തുടരുന്നു. കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരില്‍ രാഷ്ട്രീയ അറസ്റ്റുകളും വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പു തന്നെ നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ്- കത്ത്് ചൂണ്ടിക്കാട്ടുന്നു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ അനീതിപരമായി വ്യാജ കുറ്റം ചുമത്തപ്പെട്ട എല്ലാവരേയും ഉമറിനേയും സ്വതന്ത്രരാക്കണമെന്ന് ഇവര്‍ കത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ല്‍ഹി പോലീസ് ഇന്ത്യയുടെ ഭരണഘടന അനുസരിക്കുമെന്ന അവരുടെ സത്യപ്രതിജ്ഞ പാലിക്കുന്നുണ്ടെന്നും പക്ഷപാതരഹിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉറപ്പാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
 

Latest News