Sorry, you need to enable JavaScript to visit this website.

അക്കിത്തത്തെ പോലുള്ളവരുടേത് ഇടതുപക്ഷത്തു നിന്നുള്ള സൗഹൃദ വിമർശനം -മുഖ്യമന്ത്രി

മഹാകവിക്ക് ജ്ഞാനപീഠം സമ്മാനിച്ചു 
പട്ടാമ്പി - മഹാകവി അക്കിത്തത്തെ പോലുള്ള കവികൾ കവിതയിലൂടെ നടത്തുന്ന വിമർശനം ഇടതുപക്ഷത്തു നിന്നുള്ള സൗഹൃദപൂർണമായ വിമർശനമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 
നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണ സംരംഭങ്ങളിൽ വി.ടി. ഭട്ടതിരിപ്പാടിനോടും ഇ.എം.എസ് നമ്പൂതിരിപ്പാടിനോടും ഒപ്പം പങ്കെടുത്ത പാരമ്പര്യം അക്കിത്തത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം കൈമാറുന്ന ചടങ്ങ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 
അക്കിത്തത്തിന്റെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' ഒരു കമ്യൂണിസ്റ്റ് വിരുദ്ധ രചനയാണെന്ന് പലരും വിധിയെഴുതുന്നത് കണ്ടിട്ടുണ്ട്. അതിനെയും വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കൽ' എന്ന കൃതിയേയും ഇടതുപക്ഷ സഹയാത്രികരുടെ സൗഹൃപൂർണമായ വിമർശനമായി എന്തുകൊണ്ട് കണ്ടുകൂടാ. തന്റെ യൗവനകാലത്ത് സമുദായ പരിഷ്‌കരണ പ്രവർത്തനങ്ങളിൽ വി.ടിക്കും ഇ.എം.എസിനും ഒപ്പം പങ്കെടുത്ത പാരമ്പര്യം അക്കിത്തത്തിന് ഉണ്ട്. അന്ന് തന്റെ സഹപ്രവർത്തകരിൽ ഏറെപ്പേരും ഇടതുപക്ഷ ആഭിമുഖ്യമുള്ളവർ ആയിരുന്നുവെന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കേവലം ഒരു ദർശനത്തിന്റെ കാഴ്ചപ്പാടിലൂടെ മാത്രം നയിക്കപ്പെടാനുള്ള തന്റെ മനസ്സിന്റെ വിമുഖതയെക്കുറിച്ചും അദ്ദേഹം എഴുതി. അക്കിത്തത്തിന്റെ പല കവിതകളും തൊഴിലാളി വർഗത്തിന്റെ വേദനകളെക്കുറിച്ചാണ് എന്ന് വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. തുറന്ന മനസ്സോടെ അക്കിത്തം കവിതകളെ പഠിക്കാനാണ് ശ്രമിക്കേണ്ടത്. മനുഷ്യന്റെ ഭൗതികമായ ആധികളെക്കുറിച്ച് മാത്രമല്ല, ദൈവികമായ ആധികളെക്കുറിച്ചും ആത്മീയമായ ആധികളെക്കുറിച്ചും ആഴത്തിൽ അന്വേഷിച്ച കവിയാണ് അദ്ദേഹം -മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 
അക്കിത്തത്തിന്റെ കുമരനെല്ലൂരിലെ വസതിയിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. അദ്ദേഹം തന്നെയാണ് ജ്ഞാനപീഠ പുരസ്‌കാരം കൈമാറിയത്. കവി പ്രഭാ വർമ്മ, വി.ടി. ബൽറാം എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു.
 

Latest News