കശ്മീരില്‍ യുവ അഭിഭാഷകനെ അജ്ഞാതര്‍ വീട്ടില്‍ വെടിവച്ചു കൊന്നു

ശ്രീനഗര്‍- യുവ കശ്മീരി അഭിഭാഷകനെ അജ്ഞാതര്‍ വീട്ടിലെത്തി വെടിവച്ചു കൊലപ്പെടുത്തി. ടിവി ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുക്കുകയും പത്രങ്ങളില്‍ ആനുകാലിക വിഷയങ്ങളില്‍ ലേഖനങ്ങളെഴുതുകയും ചെയ്യാറുള്ള 40കാരന്‍ ബാബര്‍ ഖാദിരിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷവും തോക്കുധാരികള്‍ സ്ഥലംവിട്ടതായും പോലീസ് അറിയിച്ചു. ബാബറെ ഉടന്‍ ശ്രീനഗറിലെ ഷെറേ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തനിക്കു ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് ബാബര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നയാള്‍ക്കെതിരെ കേസെടുക്കണമെന്ന് മൂന്ന് ദിവസം മുമ്പ് ബാബര്‍ ട്വീറ്റ് ചെയ്തിരുന്നു. കശ്മീരിലെ പ്രമുഖകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കാനും ബാബര്‍ ധൈര്യംകാട്ടിയിരുന്നു. ബാബറിന്റെ കൊലപാതകം അപലപനീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. തനിക്കു ഭീഷണിയുള്ളതായി അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നതിനാല്‍ ഈ ദുരന്തം ഏറെ ദുഖകരമാണെന്നും ഉമര്‍ പ്രതികരിച്ചു.
 

Latest News