ശമ്പളം ചോദിച്ചപ്പോള്‍ ശുചിമുറിയിലെ ദൃശ്യങ്ങള്‍  പുറത്തുവിടുമെന്ന് അധ്യാപകര്‍ക്ക് ഭീഷണി

മീററ്റ്-സ്‌കൂളിലെ ശുചിമുറിയില്‍നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നതായി അധ്യാപകരുടെ പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിലെ ഒരു സ്വകാര്യ സ്‌കൂളിലെ 52 അധ്യാപകരാണ് പോലീസില്‍ പരാതി നല്‍കിയത്. മുടങ്ങിയ ശമ്പളം ചോദിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലെ സെക്രട്ടറിക്കെതിരേയാണ് അധ്യാപകരുടെ ആരോപണം. അതേസമയം, അധ്യാപകരുടെ ആരോപണങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി നിഷേധിച്ചു. സ്ത്രീകളുടെ ശുചിമുറിയില്‍ സിസി ടിവി ക്യാമറകളില്ലെന്നും എന്നാല്‍ പുരുഷന്മാരുടെ ശുചിമുറിയില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സെക്രട്ടറി പ്രതികരിച്ചു. നേരത്തെ ചില സ്‌കൂളുകളില്‍ കൊലപാതകമടക്കം നടന്ന സാഹചര്യത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോവിഡും ലോക്ക്ഡൗണും കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി അധ്യാപകരുടെ ശമ്പളം മുടങ്ങിയിട്ടുണ്ടെന്നും സെക്രട്ടറി സമ്മതിച്ചു.
പരാതി ലഭിച്ചതോടെ സെക്രട്ടറിക്കെതിരേയും ഇയാളുടെ മകനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. 2017ല്‍ ഇതേ സ്‌കൂള്‍ വിവാദപരമായ തീരുമാനത്തിലൂടെ വാര്‍ത്തകളിലിടം നേടിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ വിദ്യാര്‍ഥികള്‍ മുടി വെട്ടണമെന്ന ഉത്തരവാണ് അന്ന് വിവാദമായത്. വിദ്യാര്‍ഥികള്‍ താടി വെയ്ക്കരുതെന്നും അന്നത്തെ വിവാദ ഉത്തരവിലുണ്ടായിരുന്നു.

Latest News