Sorry, you need to enable JavaScript to visit this website.
Thursday , October   29, 2020
Thursday , October   29, 2020

ആത്മസംതൃപ്തിയുടെ നിറവിലൊരു ദേശീയദിനാഘോഷം

സൗദി അറേബ്യ തൊണ്ണൂറാമത് ദേശീയ ദിനാഘോഷ നിറവിലാണ്. 1932ൽ അബ്ദുൽ അസീസ് രാജാവിന്റെ നേതൃത്വത്തിൽ ഒട്ടേറെ പരിമിതികളാൽ പിറവിയെടുത്ത സൗദി അറേബ്യ തൊണ്ണൂറാണ്ടുകൾ താണ്ടുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ശക്തിയായാണ് എത്തി നിൽക്കുന്നത്. ഇതു സാധ്യമായത് ഭരണകർത്താക്കളുടെ ദീർഘ വീക്ഷണവും അർപ്പണ മനോഭാവവുമാണ്. മരുഭൂ പ്രദേശത്തെ സ്വർണം വിളയുന്ന നാടാക്കി മാറ്റിയിട്ടുണ്ടെങ്കിൽ അതിൽനിന്നു ലോകത്തിന് ഒട്ടേറെ പഠിക്കാനുണ്ട്. കോവിഡ് മഹാമാരിക്കാലത്തും സൗദി അറേബ്യ ലോകത്തിനു മാതൃകയാവുകയാണ്. കോവിഡ് 19 എന്ന സൂക്ഷ്മാണുവിനു മുന്നിൽ ലോകത്തെ വമ്പൻമാർ പോലും വിറച്ചു നിൽക്കുമ്പോൾ അതിനെ അതിജീവിക്കാൻ തക്ക പ്രാപ്തി കരഗതമാക്കിയാണ് സൗദിയുടെ നിൽപ്. സൗദിയിൽ ജീവിക്കുന്ന  സ്വദേശികളും വിദേശികളുമായ മൂന്നര കോടിയോളം ജനങ്ങളുടെ ക്ഷേമ കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തി പട്ടിണയും പരിവട്ടവും പരാതികളുമില്ലാതെ രാജ്യത്തെ മുന്നോട്ടു നയിക്കാൻ പ്രതിസന്ധിയുടെ ഈ കെട്ടകാലത്തും സൗദിക്കു കഴിയുന്നുവെന്നതാണ് സൗദി ഭരണകർത്താക്കളുടെ സവിശേഷത. 


കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വികസിത രാജ്യങ്ങളുടെ പോലും പ്രതിശീർഷ വരുമാനം താഴേക്കു പോകുമ്പോൾ സൗദി അറേബ്യയുടെ പ്രതിശീർഷ വരുമാനം വളർച്ചയാണ് കാണിക്കുന്നത്. വർഷാവസാനത്തോടെ പ്രതിശീർഷ വരുമാനം 9.6 ശതമാനം തോതിൽ വർധിക്കുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.  അതായത് ആദ്യ പാദത്തിലെ പ്രതിശീർഷ വരുമാനമായ 19,981 റിയാലിൽനിന്ന് 21,900 റിയാലായി ഉയരും. മറ്റു വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സൗദി അറേബ്യ കാണിച്ച മികവാണ് ഇതിനു കാരണം. ലോക്ഡൗൺ ലഘൂകരിക്കുകയും സർക്കാർ മൂലധന ധനവിയോഗം വർധിപ്പിക്കുകയും ചെയ്തതിലൂടെ സൗദി സമ്പദ്‌വ്യവസ്ഥ ശക്തി വീണ്ടെടുക്കുകയായിരുന്നു. കൊറോണ പ്രതിസന്ധി സൗദി അറേബ്യയെ വ്യവസായ കേന്ദ്രമായി പരിവർത്തിപ്പിക്കാനും ഭൂരിഭാഗം ഉപഭോക്തൃ ഉൽപന്നങ്ങളും രാജ്യത്തിനകത്തു തന്നെ ഉൽപാദിപ്പിക്കാനും സഹായിച്ചിരിക്കുകയാണ്.

കൊറോണ ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിട്ടും ഈ പ്രതിസന്ധി ഘട്ടത്തിലും സൗദി അറേബ്യക്ക് നിക്ഷേപാവസരങ്ങൾ തുറന്നു കിട്ടുകയായിരുന്നു. സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ശേഷം ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകോയുടെ വിപണി മൂല്യം 12.7 ശതമാനം തോതിൽ വർധിച്ചതും ഈ കാലയളവിലാണ്. കമ്പനിയുടെ വിപണി മൂല്യത്തിൽ 810 ബില്യൺ റിയാലിന്റെ നേട്ടമാണുണ്ടായത്. കഴിഞ്ഞ ഡിസംബറിലാണ് സൗദി അറാംകോ ഓഹരികൾ സൗദി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി അറാംകോയുടെ വിപണി മൂല്യം 7.21 ട്രില്യൺ റിയാലാണ്. സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ ഇത് 6.4 ട്രില്യൺ റിയാലായിരുന്നു. ഇതോടെ ലോകത്ത് ഓഹരി വിപണികളിൽ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന നേട്ടം സൗദി അറാംകോ വീണ്ടും സ്വന്തമാക്കി.  എണ്ണ വില ഇടിഞ്ഞപ്പോൾ അറാംകോക്ക് ഈ സ്ഥാനം നഷ്ടപ്പെടുകയും അമേരിക്കയുടെ ആപ്പിൾ കമ്പനി ഒന്നാമതെത്തുകയും ചെയ്തിരുന്നു. ആപ്പിൾ കമ്പനിയുടെ വിപണി മൂല്യം 1.9 ട്രില്യൺ ഡോളറായി കുറഞ്ഞുവെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. 


കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദി അറേബ്യയിലെ ബാങ്കുകളുടെ വിദേശ നിക്ഷേപങ്ങളിൽ 472 കോടിയോളം റിയാലിന്റെ വളർച്ചയാണുണ്ടായത്. അതായത് 4.8 ശതമാനം വളർച്ച. ജൂലൈ അവസാനത്തെ കണക്കുകൾ പ്രകാരം സൗദി ബാങ്കുകൾ വിദേശങ്ങളിൽ 100.72 ബില്യൺ റിയാൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 96 ബില്യൺ റിയാലായിരുന്നു നിക്ഷേപം. അറബ് ലോകത്ത് കരുതൽ സ്വർണ ശേഖരത്തിൽ നാലിലൊന്നും സൗദിയിലാണെന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ കണക്കു പ്രകാരം സൗദിയിൽ 323.1 ടൺ കരുതൽ സ്വർണ ശേഖരമുണ്ട്. കൊറോണ പ്രതിസന്ധിയിൽ ലോകത്തെ കാർ വിപണിയിലൊന്നാകെ മാന്ദ്യം നേരിട്ടപ്പോൾ സൗദി അറേബ്യൻ കാർ വിപണി ഉണർവിലായിരുന്നു. ആറു മാസത്തിനിടെ രണ്ടര ലക്ഷത്തോളം കാറുകളാണ് സൗദിയിൽ വിൽപന നടത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 6.9 ശതമാനം വളർച്ച. കൊറോണക്കാലം ആരോഗ്യ രംഗത്തിന് കൂടുതൽ കരുത്ത് പകരുകയായിരുന്നു. ഒട്ടേറെ പരിഷ്‌കാരങ്ങളും നൂതന സാങ്കേതിക വിദ്യകളും ഇക്കാലയളവിൽ സൗദി കരസ്ഥമാക്കി. കോവിഡ് വാക്‌സിൻ പരീക്ഷണവും പുരോഗതിയിലാണ്. ഇങ്ങനെ ഓരോ മേഖല എടുത്തു പരിശോധിച്ചാലും കോവിഡ് കാലത്തും സൗദിയിൽ വളർച്ചയല്ലാതെ തളർച്ചയുണ്ടായതായി കാണാൻ കഴിയില്ല. 


പൗരന്മാരുടെ ക്ഷേമ കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തി അവർക്കിടയിൽ സന്തോഷവും സംതൃപ്തിയും രാജ്യത്തെക്കുറിച്ച് അഭിമാനവും സൃഷ്ടിക്കാൻ കഴിയുമ്പോഴാണ് ഓരോ ദേശീയ ദിനവും അർഥവത്താകുന്നത്. അക്കാര്യത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും മാതൃകയാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തൊഴിലില്ലായ്മ നിർമാർജനം ചെയ്യാനുമുള്ള കരുതലോടെയുള്ള ഭരണകർത്താക്കളുടെ നീക്കവും ഏതൊരു സ്വദേശിയേയും സന്തോഷിപ്പിക്കുന്നതാണ്. അതോടൊപ്പം പുതിയ പദ്ധതികളിലൂടെ പുറത്തുനിന്നെത്തുന്ന കഴിവുറ്റവർക്ക് അവസരങ്ങൾ തുറന്നു കൊടുക്കുകയും ചെയ്യുമ്പോൾ സ്വദേശി വിദേശി വ്യത്യാസമില്ലാതെ ജനങ്ങൾക്കിടയിൽ അത് ആ്തമസംതൃപ്തി പകർന്നു നൽകും. അത്തരമൊരു ആത്മസംതൃപ്തിയുടെ നിറവിലാണ് സൗദി തൊണ്ണൂറാം ദേശീയ ദിനം ആഘോഷിക്കുന്നത്. 


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി തേടി ഇവിടെ എത്തിയ ലക്ഷക്കണക്കിനു പേരിൽ അപൂർവം ചിലരൊഴികെ ജാതി, മത, വർണ, വർഗ, ദേശ, ഭാഷാ വ്യത്യാസമില്ലാതെ അവശേഷിക്കുന്നവരുടെയെല്ലാം ജിവിതത്തിനു നിറം പകരുന്നതിൽ സൗദി അറേബ്യ നിർണായക സ്ഥാനം വഹിച്ചിട്ടുണ്ട്. ജീവിത സാഹചര്യങ്ങൾ മാറ്റി എഴുതുന്നതിനും മക്കളുടെ വിദ്യാഭ്യാസം അത്യുന്നതങ്ങളിൽവരെ എത്തിക്കുന്നതിനുമെല്ലാം സൗദിയിലെ ജീവിതം അവരെ പ്രാപ്തരാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് സൗദിയിൽ ഇപ്പോൾ ജിവിക്കുന്നവരും സേവനം മതിയാക്കി നാട്ടിലേക്കു മടങ്ങിയവരും തങ്ങളുടെ മനസിന്റെ അകത്തളങ്ങളിൽ ഇന്നും സൗദിക്ക് സ്ഥാനം നൽകുന്നത്. അതിനു പ്രതിഫലമെന്നോണം ജീവരക്തം നൽകി കടപ്പാട് രേഖപ്പെടുത്താൻ വിദേശികൾ രംഗത്തു വരുന്നതും അതുകൊണ്ടാണ്. ഈ പരസ്പര സൗഹൃദത്തിന്റെ പുതു അധ്യായങ്ങൾ രചിക്കുന്നതാണ് ഓരോ ദേശീയ ദിനാഘോഷവും. 

Latest News