Sorry, you need to enable JavaScript to visit this website.

കുട്ടികൾക്ക്  കവചമൊരുക്കാൻ യുട്യൂബിൽ മെഷിൻ ലേണിംഗ് 

അനുയോജ്യമല്ലാത്ത ഉള്ളടക്കം കണ്ടെത്താനും അവലോകനം ചെയ്യുന്നതിനായി അവ സുരക്ഷ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ സംഘത്തിനു കൈമാറാനും നിലവിൽ യുട്യൂബ് നിർമിത ബുദ്ധി ഉപയോഗിക്കുന്നുണ്ട്. അനുചിതമായ ഉള്ളടക്കം കണ്ടെത്തി മാർക്ക് ചെയ്യുന്നതിനാണ്  മെഷീൻ ലേണിംഗിനെ ആശ്രയിച്ചുവരുന്നത്. ഇതിൽനിന്നും കടന്ന് നിർമിത ബുദ്ധി, മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കാൻ ഒരുങ്ങുകയാണ് യുട്യൂബും ഗൂഗിളും.  വർഷാവസാനത്തോടെ അനുചിതമായ വീഡിയോകൾക്ക് പ്രായപരിധിയും പ്രായനിബന്ധനയും സ്വയം ചേർക്കുന്നതിന് മെഷീൻ ലേണിംഗ് ഉപയോഗിക്കും.ഇതേ പദ്ധതിയുടെ ഭാഗമായി  നിയന്ത്രണങ്ങൾ മറികടക്കാൻ കുട്ടികൾക്ക് സാധിക്കാത്ത വിധം പൂട്ടിടാനും ആലോചിക്കുന്നുണ്ട്. മറ്റൊരു വെബ്‌സൈറ്റിൽ എംബെഡ് ചെയ്ത് ചേർത്തിരിക്കുന്ന ഇത്തരം നിയന്ത്രിത വീഡിയോകൾ കാണാൻ  കുട്ടികൾ ശ്രമിക്കുകയാണെങ്കിൽ  അവരെ യുട്യൂബ് ആപിലേക്ക്  റീഡയറക്ടുചെയ്യും. സൈൻ ഇൻ ചെയ്ത് 18 വയസ്സിന് മുകളിലാണെന്ന് തെളിയിച്ചാൽ മാത്രമേ നിയന്ത്രിത വീഡിയോ കാണാൻ അനുവദിക്കൂ. ഗൂഗിളാണ് മറ്റു സൈറ്റുകളിൽനിന്ന് കുട്ടികളെ യുട്യൂബ് ആപിൽ തന്നെ എത്തിക്കുക. വീഡിയോകൾ കണ്ടെത്തി അവ ഉചിതമായ പ്രേക്ഷകർക്ക് മാത്രമേ കാണാൻ കഴിയൂ എന്ന് എവിടെയാണെങ്കിലും ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്ന് യുട്യൂബ് അവകാശപ്പെടുന്നു. 
തങ്ങളുടെ അൽഗോരിതം അപ് ലോഡിംഗ് നിയന്ത്രിച്ചാൽ വീഡിയോകൾ അപ്‌ലോഡുചെയ്യുന്നവർക്ക് തീരുമാനത്തിനെതിരെ  അപ്പീൽ നൽകാൻ അവസരം നൽകുമെന്നും  ഗൂഗിൾ പറയുന്നു. ഓട്ടോമേഷൻ വഴി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഉള്ളടക്ക സ്രഷ്ടാക്കളുടെ വരുമാനത്തെ സാരമായി ബാധിക്കില്ലെന്നും ഗൂഗിൾ പറയുന്നു. 
വിവാദങ്ങൾക്കു ശേഷമാണ് രക്ഷിതാക്കളോടും കുട്ടികളോടും കൂടുതൽ ഉത്തരവാദിത്തം പുലർത്തുമെന്നും അതിനായി മെഷീൻ ലേണിംഗ് ഉപയോഗിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കിയിരിക്കുന്നത്.  വീഡിയോ സ്ട്രീമിംഗ്  കണ്ട കുട്ടികളിൽ നിന്ന് നിയമവിരുദ്ധമായി വിവരങ്ങൾ ശേഖരിച്ചുവെന്ന ആരോപണം നേരിട്ട ഗൂഗിൾ അതു പരിഹരിക്കാൻ കഴിഞ്ഞ വർഷം 170 ദശലക്ഷം ഡോളർ നൽകേണ്ടി വന്നിരുന്നു. ഇതിനുശേഷം, ഇത്തരം ആശങ്കകൾ ഒഴിവാക്കുന്നതിന് യുട്യൂബ് കിഡ്‌സ് ആപ്ലിക്കേഷന്റെ വെബ് പതിപ്പ് പോലുള്ളവ പുറത്തിറക്കിയിരുന്നു. 

Latest News