Sorry, you need to enable JavaScript to visit this website.

വിവാദങ്ങൾക്കൊടുവിൽ കഞ്ചിക്കോട് പെപ്‌സി പ്ലാന്റ് അടച്ചുപൂട്ടുന്നു

പാലക്കാട്- വിവാദങ്ങൾക്കൊടുവിൽ കഞ്ചിക്കോട് പെപ്‌സി പ്ലാന്റ് അടച്ചു പൂട്ടുന്നു. സ്ഥാപനം അടച്ചു പൂട്ടുകയാണെന്ന് വ്യക്തമാക്കി പ്ലാന്റ് നടത്തുന്ന വരുൺ ബിവറേജസ് എന്ന കമ്പനി സംസ്ഥാന തൊഴിൽ വകുപ്പിനും തൊഴിലാളി യൂനിയനുകൾക്കും നോട്ടീസ് നൽകി. നോട്ടീസ് നൽകയതു മുതൽ തൊണ്ണൂറാം ദിവസം അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വരും. ജീവനക്കാർക്ക് അർഹതപ്പെട്ട നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നൽകിയായിരിക്കും പ്രവർത്തനം അവസാനിപ്പിക്കുക എന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി സമരം മൂലം മാർച്ച് 22 ന് കമ്പനി ലോക്കൗട്ട് ചെയ്തിരുന്നു. അടച്ചു പൂട്ടുന്നതിന്റെ കാരണമൊന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. 


നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കരാർ ജീവനക്കാർക്കൊന്നും അതിന്റെ ആനുകൂല്യം ലഭിക്കുകയില്ല. സ്ഥിരം ജീവനക്കാരായ 112 പേർക്ക് കുടിശ്ശിക വേതനവും നഷ്ടപരിഹാരവും നൽകുന്നതിനെക്കുറിച്ചേ കമ്പനിയുടെ നോട്ടീസിൽ പറയുന്നുള്ളൂ. കരാർ ജീവനക്കാരും പ്ലാന്റിന്റെ അനുബന്ധ ജോലികളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരും ഉൾപ്പെടെ മുന്നൂറോളം പേർ ബുദ്ധിമുട്ടിലാവും. വേതനക്കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് താൽക്കാലിക ജീവനക്കാർ സമരം തുടങ്ങിയതോടെയാണ് മാർച്ചിൽ ലോക്ക്ഔട്ട് പ്രഖ്യാപിച്ചത്. പ്ലാന്റ് അടച്ചു പൂട്ടാനുള്ള നീക്കം ചെറുക്കുമെന്ന് ബന്ധപ്പെട്ട തൊഴിലാളി സംഘടനകൾ പറയുന്നുണ്ടെങ്കിലും എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ വ്യക്തത ആയിട്ടില്ല. ചർച്ചകൾ നടന്നു വരികയാണ്. 


ഇരുപത് വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ നാൾ മുതൽ കഞ്ചിക്കോട് പെപ്‌സി പ്ലാന്റിനെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. ഏതാനും കിലോമീറ്ററുകൾ മാറി പ്ലാച്ചിമടയിൽ പ്രവർത്തിച്ചിരുന്ന കൊക്കോകോള പ്ലാന്റിനെതിരേ ജനകീയ സമരം ആരംഭിച്ചതിനു ശേഷമാണ് പെപ്‌സി പ്ലാന്റ് തുടങ്ങിയത്. പ്ലാച്ചിമട കൊക്കോകോള വിരുദ്ധ സമര സമിതിയുടെ മാതൃകയിൽ പെപ്‌സി പ്ലാന്റിനെതിരേയും സമരസമിതി നിലവിൽ വന്നു. എന്നാൽ കഞ്ചിക്കോട് വ്യവസായ മേഖലയിലാണ് പെപ്‌സി പ്ലാന്റ് പ്രവർത്തിച്ചിരുന്നത് എന്നതിനാൽ പ്ലാച്ചിമട മാതൃക വിജയിച്ചില്ല. അടച്ചുപൂട്ടലിൽ നിന്ന് രക്ഷപ്പെട്ടുവെങ്കിലും സുഗമമായി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ഈ കാലയളവിലൊന്നും പെപ്‌സി അധികൃതർക്ക് സാധിച്ചില്ല. തുടർച്ചയായി തൊഴിലാളി സമരങ്ങൾ അരങ്ങേറി. പുതുശ്ശേരി ഗ്രാമപഞ്ചായത്തുമായി ഇടയേണ്ടി വന്നത് സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ഭൂഗർഭജലം ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ വന്നു. കടുത്ത വേനലിൽ മൂന്നു മാസം പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെക്കേണ്ടി വരാറുണ്ട്. ഉൽപന്നത്തിന് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉണ്ടാകുന്ന സമയത്ത് ഉത്പാദനം നിർത്തേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്ന വികാരം മാനേജ്‌മെന്റിൽ ശക്തമാണ്. 


വരുൺ ബിവറേജസ് എന്ന കമ്പനി 2019 ൽ രാജ്യത്തെ പെപ്‌സി യൂണിറ്റുകൾ മുഴുവൻ ഏറ്റെടുത്തതോടെയാണ് കഞ്ചിക്കോട് പ്ലാന്റ് അടച്ചു പൂട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. അനുയോജ്യമല്ലാത്ത തൊഴിലന്തരീക്ഷം നിലനിൽക്കുന്ന ഒരു പ്രദേശത്ത് കമ്പനിയുടെ പ്രവർത്തനം തുടരുന്നതിൽ അർഥമില്ലെന്ന കടുത്ത നിലപാടാണ് നിലവിലുള്ള മാനേജ്‌മെന്റിനുള്ളത്. 

 

Latest News