കൽപറ്റ- നരേന്ദ്ര മോഡി സർക്കാരിന്റെ 'കൗണ്ട് ഡൗൺ' ആരംഭിച്ചതായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. വിജയ പമ്പ് പരിസരത്ത് പാർട്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഡി സർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ രാജ്യത്തെ ജനങ്ങളാകെ അസംതൃപ്തരാണ്. സർക്കാരിനെതിരെ കർഷകരും വിദ്യാർഥികളും സമരമുഖത്താണ്. ഇതിന്റെ ഫലമായി റോക്കറ്റ് വിക്ഷേപണത്തിലെന്നപോലെ പത്ത്,ഒമ്പത്.. എന്ന രീതിയിൽ സർക്കാരിന്റെ കൗണ്ട്ഡൗൺ നടക്കുകയാണ്. ഇത് പൂജ്യത്തിലെത്തിക്കേണ്ടതുണ്ട്. എക്കാലത്തും ജനവിരുദ്ധ നയങ്ങൾക്ക് കേരളം ശക്തമായ മറുപടി നൽകാറുണ്ട്. മോഡി സർക്കാരിനെതിരായ കൗണ്ട് ഡൗൺ പോരാട്ടം നയിക്കുന്നതും കേരളമാണ്. ഇതിനു എല്ലാ പിന്തുണയും ജനങ്ങളുടെ ഭാഗത്തുനിന്നു ഉണ്ടാകണം.
രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിൽ രണ്ട് മാതൃകകളാണ് ഇന്നുള്ളത്. ഒന്ന് കേരള മാതൃകയാണ്. മറ്റൊന്ന് ഗുജറാത്ത് മാതൃകയും. രാജ്യം ആഗ്രഹിക്കുന്നത് ജനം കേന്ദ്രസ്ഥാനത്ത് നിലകൊള്ളുന്ന കേരള മാതൃകയാണ്. ഗുജറാത്തിന്റേത് ലഭേച്ഛയുടെയും വർഗീയ ധ്രുവീകരണത്തിന്റെയും മാതൃകയാണ്. കള്ളപ്രചാരണം നടത്തി ദേശാഭിമാനബോധമുള്ളവരിൽ വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാനാണ് ഹിന്ദു ദേശീയവാദികൾ ശ്രമിക്കുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് മോദി നടപ്പാക്കുന്നത.് ഈ സത്യം ജനങ്ങളിലെത്തിക്കാനും പ്രചരിപ്പിക്കാനും സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം കഴിണ്ടേതുണ്ടെന്ന് യെച്ചൂരി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി എം. വേലായുധൻ അധ്യക്ഷത വഹിച്ചു. എം.ഡി. സെബാസ്റ്റിയൻ സ്വാഗതവും എം. മധു നന്ദിയും പറഞ്ഞു.